തേഞ്ഞിപ്പലത്തെ പോക്‌സോ ഇരയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; പൊലീസിനോട് റിപോര്‍ട് തേടി മനുഷ്യാവകാശ കമീഷന്‍, ബാലാവകാശ കമീഷനും കേസെടുത്തു
Jan 21, 2022, 10:31 IST
മലപ്പുറം: (www.kvartha.com 21.01.2022) തേഞ്ഞിപ്പലത്ത് പോക്‌സോ കേസുകളിലെ ഇരയായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനോട് റിപോര്‍ട് തേടി മനുഷ്യാവകാശ കമീഷന്‍. കോഴിക്കോട്, മലപ്പുറം ജില്ലാ പൊലീസ് മേധാവികളോടാണ് റിപോര്‍ട് ആവശ്യപ്പെട്ടത്.
അമ്മയ്ക്കും സഹോദരനുമൊപ്പം വാടകവീട്ടില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ വ്യാഴാഴ്ച രാവിലെയോടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയ സഹോദരനെ സ്‌കൂളിലാക്കാനായി താന്‍ പോയ സമയത്താണ് കുട്ടി തൂങ്ങി മരിച്ചതെന്നാണ് അമ്മ പൊലീസിന് നല്‍കിയ മൊഴി. തിരികെ വന്ന ശേഷം പല തവണ പെണ്‍കുട്ടിയെ പ്രാതല്‍ കഴിക്കാനായി വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. പിന്നീട് പെണ്‍കുട്ടിയുടെ ഫോണിലേക്ക് വിളിച്ച് നോക്കി. ഫോണും എടുത്തില്ല.
തുടര്‍ന്ന് സംശയം തോന്നി വാതിലിന് മുകളിലുള്ള കിളിവാതിലിലൂടെ കര്‍ടന്‍ മാറ്റി നോക്കിയപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്ന് അമ്മ പറയുന്നു. സംഭവത്തില്‍ തേഞ്ഞിപ്പലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കോഴിക്കോട് സ്വദേശിയായ പെണ്‍കുട്ടിക്ക് 18 വയസുമാത്രമാണ് പ്രായം. മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും, കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനിലുമായി കൂട്ടബലാത്സംഗം ഉള്‍പെടെ മൂന്ന് പോക്‌സോ കേസുകളിലെ ഇരയാണ് മരിച്ച പെണ്‍കുട്ടി.
അതിനിടെ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ബാലാവകാശ കമീഷനും കേസെടുത്തു. വാടകയ്ക്ക് താമസിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളും കമീഷന്‍ അന്വേഷിക്കും. പൊലീസിനോട് അടിയന്തിരമായി റിപോര്‍ട് നല്‍കാനും ബാലാവകാശ കമീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.