ദാവൂദ് ഉള്‍പ്പെടെയുള്ള വിവാദങ്ങളിലേക്കല്ല പ്രധാനമന്ത്രിയുടെ ദുബൈ യാത്ര; വികസന സഹകരണ കരാറുകള്‍ ഒപ്പിടും

 


ന്യൂഡല്‍ഹി: (www.kvartha.com 12.08.2015) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ യുഎഇ സന്ദര്‍ശനത്തില്‍ വിവാദ വിഷയങ്ങള്‍ക്ക് ഇടമില്ല. മുന്‍തൂക്കം രണ്ടു രാജ്യങ്ങളും വികസന കാര്യങ്ങളില്‍ പരസ്പരം സഹകരിക്കാന്‍ ഉതകുന്ന പദ്ധതികള്‍ക്ക്. വിനോദ സഞ്ചാരം, ഐടി തുടങ്ങിയ മേഖലകളില്‍ ഇന്ത്യയില്‍ വന്‍കിട നിക്ഷേപം നടത്താന്‍ യുഎഇയെ ക്ഷണിക്കും. ഇക്കാര്യത്തില്‍ ധാരണ രൂപപ്പെട്ടുകഴിഞ്ഞതായാണു വിവരം.

പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ കരാര്‍ ഒപ്പിടും. ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ വന്‍തോതിലുള്ള സഹായം യുഇഎയ്ക്ക് നല്‍കും. ഐഎസ്ആര്‍ഒ പോലെ അത്യുന്ന ബഹിരാകാശ ഗവേഷണ സ്ഥാപനം അവിടെയില്ല. ബഹിരാകാശ ഗവേഷണ രംഗത്ത് ഗള്‍ഫ് രാജ്യങ്ങള്‍ പൊതുവേ പിന്നിലാണ്. എന്നാല്‍ ഇന്ത്യയുടെ ഈ രംഗത്തെ മേധാവിത്വം ഉപയോഗപ്പെടുത്തി തങ്ങളുടെ ഗവേഷകര്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കണമെന്ന അഭ്യര്‍ത്ഥന അവര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഇന്ത്യയുടെ പരമാധികാരത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ഇപ്പോള്‍ത്തന്നെ വിവിധ രാജ്യങ്ങള്‍ക്ക് ഇന്ത്യ ഈ രംഗത്ത് മാര്‍ഗ്ഗ ദര്‍ശനം നല്‍കുന്ന പശ്ചാത്തലത്തിലാണിത്. ആഗസ്റ്റ് 16, 17 തീയതികളിലാണ് പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം.

മുംബൈ സ്ഫോടനക്കേസിന്റെ സൂത്രധാരനെന്ന് രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ അധോലോക മാഫിയാ തലവന്‍ ദാവൂദ് ഇബ്രാഹിമിനെ വിട്ടുകിട്ടുന്ന കാര്യം പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ ഉന്നയിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്നാണു വ്യക്തമായ സൂചന. മാത്രമല്ല, ദാവൂദ് തങ്ങളുടെ രാജ്യത്തുണ്ടെന്ന് യുഎഇ സമ്മതിച്ചിട്ടുമില്ല. രണ്ടു രാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറല്‍ കരാര്‍ നിലവിലുള്ളതുകൊണ്ട് ഈ പ്രശ്‌നത്തില്‍ കൃത്യത വരാതെ എന്തെങ്കിലും തരത്തിലുള്ള ഇടപെടല്‍ നടത്തുന്നത് ശരിയായിരിക്കില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്.

യുഎഇ ഇന്ത്യയുടെ ശത്രുരാജ്യമല്ല. എന്നാല്‍ ശത്രുരാജ്യമായ പാക്കിസ്ഥാന്‍ ദാവൂദിനെ സംരക്ഷിക്കുന്നു എന്നതോന്നല്‍ ശക്തവുമാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകളില്‍ ഇതു വന്നിട്ടുമുണ്ട്. എന്നാല്‍ മൂന്നര പതിറ്റാണ്ടിനു ശേഷം യുഎഇ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ അജന്‍ഡ രണ്ടു രാജ്യങ്ങള്‍ തമ്മിലുമുള്ള അടുപ്പം വര്‍ധിപ്പിക്കാനുതകുന്നതാകണം എന്ന തരത്തിലാണ് ആസൂത്രണം. ഇന്ത്യക്കാരായ പ്രവാസികള്‍ നിരവധിയുള്ള യുഎഇയില്‍ വിനോദ സഞ്ചാര മേഖലയും ഐടി മേഖലയും കുതിപ്പിലാണ്. അവരിവിടെ നിക്ഷേപം നടത്തിയാല്‍ സാംസ്‌കാരിക വൈവിധ്യങ്ങളിലേക്കു വിനോദ സഞ്ചാരം സാധ്യമാകുമെന്നാണു കണക്കൂകൂട്ടല്‍. ഐടിില്‍ ലോകത്ത് ഏറ്റവുമധികം യുവ തൊഴില്‍ ശക്തിയുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയുമായി ഈ രംഗത്തും മികച്ച സഹകരണത്തിനാണേ്രത യുഇഎ ആഗ്രഹിക്കുന്നത്.
ദാവൂദ് ഉള്‍പ്പെടെയുള്ള വിവാദങ്ങളിലേക്കല്ല പ്രധാനമന്ത്രിയുടെ ദുബൈ യാത്ര; വികസന സഹകരണ കരാറുകള്‍ ഒപ്പിടും

Keywords: Kerala, Prime Minister, Narendra Modi, Dubai, UAE, PM's UAE visit: focus will be on developmental cooperation; no controversial talks.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia