PM's Visit | പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: വയനാട്ടില്‍ കര്‍ശന നിയന്ത്രണങ്ങള്‍; ദുരന്തബാധിത പ്രദേശങ്ങളില്‍ തിരച്ചില്‍ ഉണ്ടായിരിക്കില്ല
മേപ്പാടി: (KVARTHA) ഉരുള്‍ പൊട്ടലില്‍ ദുരന്തം വിതച്ച വയനാട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് ശനിയാഴ്ച ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളെന്ന് കലക്ടര്‍. അതുകൊണ്ടുതന്നെ മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിത പ്രദേശങ്ങളില്‍ തിരച്ചില്‍ ഉണ്ടായിരിക്കുന്നതല്ലെന്നും കലക്ടര്‍ വ്യക്തമാക്കി.
സന്നദ്ധ പ്രവര്‍ത്തകര്‍, തിരച്ചിലുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ തുടങ്ങിയവര്‍ക്ക് ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഞായറാഴ്ച ജനകീയ തിരച്ചില്‍ പുനരാരംഭിക്കുമെന്നും കലക്ടര്‍ അറിയിച്ചു ദുരന്ത ബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി മൂന്നു മണിക്കൂര്‍ സന്ദര്‍ശനം നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സന്ദര്‍ശന സമയത്ത് തിരച്ചില്‍ ബുദ്ധിമുട്ടാകുമെന്ന് എസ് പി ജി അറിയിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരിലേക്ക് തിരിച്ചു. ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്നാകും അദ്ദേഹത്തെ സ്വീകരിക്കുക. സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമുണ്ടാകും.
വ്യോമസേനയുടെ എയര്‍ ഇന്‍ഡ്യ വണ്‍ വിമാനത്തില്‍ രാവിലെ 11.20ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി വ്യോമസേനാ ഹെലികോപ്റ്ററിലാണു വയനാട്ടിലേക്കു പോകുന്നത്. ഇതിനായി വ്യോമസേനയുടെ മൂന്നു ഹെലികോപ്റ്ററുകള്‍ കഴിഞ്ഞദിവസം തന്നെ കണ്ണൂരിലെത്തി. ആവശ്യമെങ്കില്‍ റോഡ് മാര്‍ഗം യാത്ര ചെയ്യാന്‍ ബുള്ളറ്റ് പ്രൂഫ് കാറും സുരക്ഷാ സന്നാഹങ്ങളും കഴിഞ്ഞദിവസം പ്രത്യേക വിമാനത്തില്‍ കണ്ണൂരിലെത്തിച്ചു.
ബെയ് ലി പാലം വരെ പ്രധാനമന്ത്രി സന്ദര്‍ശിക്കും. കൂടാതെ ക്യാംപും കലക്ടറേറ്റും സന്ദര്‍ശിക്കും. ദുരന്തത്തെ എല്‍ 3 ക്യാറ്റഗറിയില്‍ പെടുത്തണമെന്ന് കേന്ദ്രസര്‍കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുനര്‍നിര്‍മാണത്തിന് മാത്രം 2000 കോടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ദുരിത ബാധിതരെ ക്യാംപില്‍ നിന്ന് മാറ്റിതാമസിപ്പിക്കാന്‍ 125 വാടക വീട് കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര സംഘവുമായി ചര്‍ച നടന്നു. അടിയന്തര പുനര്‍നിര്‍മാണത്തിന് സഹായം തേടിയിട്ടുണ്ട്. മാലിന്യം നീക്കാനും കേന്ദ്രത്തോട് സഹായം തേടിയിട്ടുണ്ട്. വായ്പകള്‍ക്കായി ധനകാര്യ സ്ഥാപനങ്ങള്‍ വിളിച്ച് സമ്മര്‍ദം സൃഷ്ടിക്കുന്നത് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. വായ്പ ഇളവും ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട്ടില്‍ വെള്ളിയാഴ്ച രാവിലെയുണ്ടായത് ഭൂചലനമല്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ഇതുവരെ 226 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. 133 പേരെ കാണാതായിട്ടുണ്ട്. വെള്ളിയാഴ്ച നടത്തിയ ജനകീയ തിരച്ചിലില്‍ നാലു മൃതദേഹം കണ്ടെത്തിയെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇത് ശരീരമാണോ ശരീര ഭാഗമാണോ എന്ന് പോസ്റ്റ്‌മോര്‍ടത്തിനു ശേഷം പറയും.