Visit | കേരളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് സ്വീകരിച്ചു; സുരേഷ് ഗോപിയും വിമാനത്തിലുണ്ടായിരുന്നു; റോഡ് മാര്‍ഗം ചൂരല്‍മലയിലേക്ക്
ബെയ്ലി പാലത്തിലൂടെ നടന്നു പോകുന്ന പ്രധാനമന്ത്രി വിവിധ രക്ഷാസേനകളെ അഭിനന്ദിക്കും. ഇതിനു ശേഷമാകും കലക്ടറേറ്റിലെ അവലോകന യോഗത്തില്‍ പങ്കെടുക്കുക.
ദുരിതബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാകേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സര്‍കാരിന്റെ തീരുമാനം.
കല്‍പറ്റ: (KVARTHA) വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. ശനിയാഴ്ച രാവിലെ 11.10-ന് വ്യോമസേനയുടെ എയര്‍ ഇന്‍ഡ്യ വണ്‍ വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ചേര്‍ന്ന് സ്വീകരിച്ചു. മോദിക്കൊപ്പം കേന്ദ്ര സഹകരണ മന്ത്രി സുരേഷ് ഗോപിയും വിമാനത്തിലുണ്ടായിരുന്നു.
വിമാനത്താവളത്തില്‍ മോദിയെ സ്വീകരിക്കാന്‍ കെകെ ശൈലജ എംഎല്‍എ, ചീഫ് സെക്രടറി ഡോ.വി വേണു, ഡിജിപി ശേഖ് ദര്‍വേശ് സാഹിബ്, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, സിറ്റി പൊലീസ് കമിഷണര്‍ അജിത് കുമാര്‍, എപി അബ്ദുല്ലക്കുട്ടി, സികെ പത്മനാഭന്‍ തുടങ്ങിയവരും എത്തിയിരുന്നു.
സ്വീകരണത്തിന് ശേഷം 11.17-ന് വ്യോമസേനാ ഹെലികോപ്റ്ററില്‍ പ്രധാനമന്ത്രി വയനാട്ടിലേക്ക് തിരിച്ചു. ഹെലികോപ്റ്ററില്‍ കല്‍പറ്റയിലെത്തുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗം ചൂരല്‍മലയിലേക്ക് പോകും. പ്രധാനമന്ത്രി സഞ്ചരിക്കുന്ന ഹെലികോപ്റ്ററിന് പുറമെ മറ്റൊരു ഹെലികോപ്റ്റര്‍ കൂടിയുണ്ട്. ഇതില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും വയനാട്ടിലെത്തും.
ദുരന്തത്തെ അതിജീവിച്ച് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും ക്യാംപുകളില്‍ കഴിയുന്നവരേയും പ്രധാനമന്ത്രി സന്ദര്‍ശിക്കും. മേപ്പാടി ആശുപത്രിയില്‍ കഴിയുന്ന അരുണ്‍, അനില്‍, എട്ടുവയസുകാരി അവന്തിക, ഒഡിഷ സ്വദേശി സുഹൃതി എന്നിവരെയാണ് മോദി സന്ദര്‍ശിക്കുന്നത്. ചെളിക്കൂനയില്‍ അകപ്പെട്ട് മണിക്കൂറുകള്‍ക്കുശേഷം രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചയാളാണ് അരുണ്‍. നട്ടെല്ലിന് പരുക്കേറ്റ് ഇപ്പോള്‍ ചികിത്സയിലാണ്.
മൂന്നു മണിക്കൂറാണ് മോദിയുടെ സന്ദര്‍ശന സമയം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും. ബെയ്ലി പാലത്തിലൂടെ നടന്നു പോകുന്ന പ്രധാനമന്ത്രി വിവിധ രക്ഷാസേനകളെ അഭിനന്ദിക്കും. ഇതിനു ശേഷമാകും കലക്ടറേറ്റിലെ അവലോകന യോഗത്തില്‍ പങ്കെടുക്കുക. ദുരിതബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാകേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സര്‍കാരിന്റെ തീരുമാനം.