PM Modi | രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തി; നെടുമ്പാശ്ശേരിയിലെത്തിയ നരേന്ദ്ര മോദിയെ മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് സ്വീകരിച്ചു; റോഡ് ഷോ ആരംഭിച്ചു
Jan 16, 2024, 19:53 IST
കൊച്ചി: (KVARTHA) രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. പ്രത്യേക വിമാനത്തില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും അടക്കമുള്ള നേതാക്കളെത്തി സ്വീകരിച്ചു.
അല്‍പസമയത്തിനകം ഹെലികോപ്റ്ററില്‍ കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തും. രാത്രി 7. 45 ന് പ്രധാനമന്ത്രിയുടെ റോഡ് ഷോ ആരംഭിച്ചു. കെ പി സി സി ജന്‍ക്ഷന്‍ മുതല്‍ ഗവ.ഗസ്റ്റ് ഹൗസ് വരെ 1.3 കിലോമീറ്ററാണ് റോഡ് ഷോ. കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ റോഡ് ഷോയില്‍ പ്രധാനമന്ത്രിക്കൊപ്പം സഞ്ചരിച്ചു.
മോദിക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ പൂക്കളുമൊക്കെയായി പ്രവര്‍ത്തകരുടെ നീണ്ട നിര തന്നെ നഗരത്തില്‍ കാണാം. നേരത്തേ, വൈകിട്ട് ആറുമണിക്ക് റോഡ് ഷോ തുടങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും പ്രധാനമന്ത്രി എത്താന്‍ വൈകുമെന്നതിനാല്‍ ഏഴരയിലേക്ക് മാറ്റുകയായിരുന്നു.
പ്രധാനമന്ത്രി ബുധനാഴ്ച രാവിലെ ആറുമണിക്ക് ഹെലികോപ്റ്ററില്‍ ഗുരുവായൂരിലേക്കു പോകും. 7.40 മുതല്‍ 20 മിനുറ്റ് ക്ഷേത്രത്തില്‍ ചെലവഴിക്കും. 8.45നു ക്ഷേത്രത്തിനു മുന്നിലെ കല്യാണമണ്ഡപത്തില്‍ നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കും. 9.50ന് ഹെലികോപ്റ്ററില്‍ തൃപ്രയാറിലേക്കു പുറപ്പെടും. 10.30നു ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. അവിടെ ഒരുമണിക്കൂറോളം ചെലവഴിക്കും എന്നാണ് അറിയുന്നത്.
തുടര്‍ന്നു കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്കു 12 മണിക്ക് വിലിങ് ടന്‍ ഐലന്‍ഡില്‍ കൊച്ചിന്‍ ഷിപ് യാഡിന്റെ രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രവും ഡ്രൈ ഡോകും ഉദ്ഘാടനം ചെയ്യും. വൈപ്പിന്‍ പുതുവൈപ്പില്‍ ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍പിജി ഇറക്കുമതി ടെര്‍മിനലും ഉദ്ഘാടനം ചെയ്യും. ഒരു മണിക്ക് എറണാകുളം മറൈന്‍ ഡ്രൈവില്‍ ബിജെപി 'ശക്തികേന്ദ്ര പ്രമുഖരുടെ' സമ്മേളനത്തില്‍ പ്രസംഗിച്ചശേഷം ഡെല്‍ഹിക്കു മടങ്ങും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തൃശൂരില്‍ ബുധനാഴ്ച (17/01/24) പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഗുരുവായൂര്‍, കണ്ടാണശ്ശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് തുടങ്ങിയ പ്രദേശങ്ങളിലാണ് അവധി. പ്രൊഫഷനല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല. കേന്ദ്ര-സംസ്ഥാന, അര്‍ധസര്‍കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.
Keywords: PM Modi arrives in Kerala’s Kochi for 2-day visit, to hold roadshow and visit temples, Kochi, News, PM Modi, Road Show, BJP, Election, Campaign, K Surendran, Politics, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.