Plus One | 'പ്ലസ് വൺ പഠന സൗകര്യം എല്ലാവർക്കും ഉറപ്പാക്കും', വിവാദങ്ങൾക്കിടെ ചരിത്ര വസ്തുതകളും സർക്കാർ നയവും വ്യക്തമാക്കി മന്ത്രി വി ശിവൻകുട്ടി

 
V Sivankutty


'ഏകജാലക സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കി തുടര്‍ പഠനത്തിന് ആഗ്രഹിക്കുന്ന കുട്ടികള്‍ക്കെല്ലാം പഠന സൗകര്യം ഉറപ്പാക്കുക എന്നതു തന്നെയാണ് സര്‍ക്കാര്‍ നയം'

 

തിരുവനന്തപുരം: (KVARTHA) പ്ലസ് വൺ പഠന സൗകര്യം എല്ലാവർക്കും ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂളിന്റെ ഭാഗമായി പതിനൊന്നും പന്ത്രണ്ടും ക്ലാസുകൾ ഉൾക്കൊള്ളുന്ന ഹയർസെക്കൻഡറി സംവിധാനം കേരളത്തിൽ രൂപപ്പെട്ടുവന്നതിന് ഒട്ടേറെ ചരിത്രപശ്ചാത്തലം ഉണ്ട്. 1966 - ൽ പുറത്തുവന്ന കോത്താരി കമ്മീഷൻ റിപ്പോർട്ടിലും തുടര്‍ന്ന് 1968-ലെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി സ്കൂള്‍ വിദ്യാഭ്യാസം എന്നത് പന്ത്രണ്ടാം ക്ലാസ്സുവരെയായി മാറി. കേന്ദ്രീയ വിദ്യാലയങ്ങളിലും ചില സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കി. എന്നാല്‍ കേരളത്തില്‍ സ്കൂള്‍ വിദ്യാഭ്യാസം പത്താംക്ലാസ്സുവരെ എന്ന നില തുടര്‍ന്നു. എണ്‍പതുകളുടെ മധ്യത്തില്‍  പുനരാലോചനകള്‍ നടന്നു.  അന്ന് നിലവിലുണ്ടായിരുന്ന യു.ഡി.എഫ് സര്‍ക്കാര്‍  പ്രീഡിഗ്രി ബോര്‍ഡാണ് നിര്‍ദ്ദേശിച്ചത്. കേരളീയ സമൂഹം പ്രസ്തുത  നിര്‍ദ്ദേശം തള്ളിക്കളഞ്ഞു. 

സ്കൂൾ വിദ്യാഭ്യാസം എന്നത് പന്ത്രണ്ടാം ക്ലാസുവരെ എന്ന വസ്തുത ആശയപരമായും പ്രായോഗികമായും  കേരളത്തില്‍ പ്രാവർത്തികമാക്കിയത് 1990ൽ എൽ ഡി എഫ് സർക്കാരാണ്. 1990 ജൂൺ മാസം പുറത്തിറക്കിയ ഉത്തരവിലൂടെ ഒരു വിദ്യാഭ്യാസ ജില്ലയിൽ ഒന്നു വീതം 31 സർക്കാർ സ്കൂളുകളെ ഹയർസെക്കൻഡറി സ്കൂളുകളായി ഉയർത്തുകയുണ്ടായി. ആരംഭഘട്ടത്തിൽ 60 കുട്ടികളാണ് ഒരു ക്ലാസിൽ അനുവദിച്ചത്. അതേ സർക്കാർ തന്നെ 1991 ഫെബ്രുവരിയിൽ കൂടുതൽ സ്കൂളുകളിലേക്ക് ഹയർ സെക്കൻഡറി കോഴ്സ് വ്യാപിപ്പിക്കാൻ തീരുമാനിച്ചു. 1991- 92 അക്കാദമികവർഷം പ്രസ്തുത കോഴ്സ് ആരംഭിച്ചു എന്നതൊഴികെ  തുടർന്നുവന്ന യു ഡി എഫ് സർക്കാർ ഹയർ സെക്കൻഡറി സംവിധാനത്തെ ശക്തിപ്പെടുത്താൻ കാര്യമായി ഒന്നും ചെയ്തില്ല. 

പ്രീഡിഗ്രി ബോർഡ് തന്നെയായിരുന്നു യു ഡി എഫ് സർക്കാരിന്റെ മനസ്സിൽ ഉണ്ടായിരുന്നത്. വീണ്ടും അധികാരത്തിൽ വന്ന എൽ ഡി എഫ് സർക്കാരാണ് 1996 ൽ കോളേജുകളിൽ നിന്നും പ്രീഡിഗ്രി പൂർണമായി വേര്‍പെടുത്തി  സ്കൂളുകളുടെ ഭാഗമാക്കിയതും കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തത്. 1990 - 91 ൽ 5,160 സീറ്റുകൾ മാത്രമാണ് ഹയർ സെക്കൻഡറി പഠനത്തിനായി ഉണ്ടായിരുന്നത്. അതാണ് ഇടതുപക്ഷത്തിന്റെ ഉറച്ച നിലപാടിലൂടെ 2,076 വിദ്യാലയങ്ങളിലേക്ക് വ്യാപിച്ചതും നാലേകാൽ ലക്ഷത്തിലധികം കുട്ടികൾക്ക് വീട്ടിൽ നിന്ന് അധികം ദൂരെയല്ലാതെ പോയി പഠിക്കാനുള്ള അവസരം ഉണ്ടാവാൻ കാരണമായതും. 

1990 - കളിൽ 150 കോളേജുകളിലായി ഒരു ലക്ഷത്തിനടുത്ത് മാത്രം കുട്ടികൾക്ക് പഠിക്കാനുള്ള അവസരമാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ഹയർസെക്കൻഡറി സംവിധാനം വഴി നാലേകാൽ ലക്ഷത്തിലധികം കുട്ടികൾക്കാണ് പഠന അവസരം ലഭ്യമാകുന്നത്. പത്താം ക്ലാസ് കഴിഞ്ഞാൽ ഹയർസെക്കൻഡറിയെ കൂടാതെ വൊക്കേഷണൽ ഹയർ സെക്കൻഡറി, ഐ ടി ഐകൾ , പോളിടെക്നിക് എന്നിവിടങ്ങളിലും കുട്ടികൾക്ക് പഠനം തുടരാം. 

ഹയർ സെക്കൻഡറി പ്രവേശനം ഇത് ആരംഭിച്ച കാലം മുതൽ പ്രശ്ന സങ്കീർണം ആണ്. ഉയർന്ന മെറിറ്റ് കിട്ടുന്ന കുട്ടികൾക്കും അവർ ആഗ്രഹിച്ച സ്കൂളിൽ ആഗ്രഹിച്ച കോഴ്സിന് പ്രവേശനം ലഭിക്കാത്തതാണ് രക്ഷിതാക്കൾക്കും സമൂഹത്തിനും ഉൾക്കൊള്ളാൻ പറ്റാതിരിക്കുന്ന കാര്യം. ഇഷ്ടമുള്ള കോളേജിൽ ഇഷ്ടമുള്ള ഗ്രൂപ്പിന് സീറ്റ് ലഭിച്ചിട്ടില്ല എന്ന വസ്തുത സമൂഹത്തെ അലട്ടിയിരുന്നില്ല. വീട്ടിൽ നിന്ന് ഏറെ അകലെ ഏതാനും കുട്ടികൾക്ക് മാത്രം ലഭ്യമായിരുന്ന പ്രീഡിഗ്രി പഠനസൗകര്യം ഹയര്‍സെക്കന്ററിയായി സാർവത്രികമായി വീടിനടുത്ത് ലഭ്യമായത് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും സൗകര്യമായെങ്കിലും പത്താം ക്ലാസിന്റെ നേർത്തുടർച്ചയല്ല അക്കാദമികമായി പതിനൊന്നും പന്ത്രണ്ടും എന്നത് ഉൾക്കൊള്ളാത്തതാണ് പ്രധാനപ്രശ്നം.

പത്താം ക്ലാസ് വരെ എല്ലാ വിഷയങ്ങളും എല്ലാ കുട്ടികളും പഠിക്കണം. എന്നാൽ 11, 12 ക്ലാസുകൾ ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാഗമായ  വിഷയ പഠനത്തിനായുള്ള  സജ്ജമാകൽ ഘട്ടം കൂടിയായതിനാൽ അവിടെ എല്ലാ വിഷയങ്ങളും എല്ലാ കുട്ടികളും പഠിക്കേണ്ടതില്ല. പകരം വിഷയങ്ങളുടെ കോമ്പിനേഷനുകളാണ് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ഒരു സെലക്ഷൻ പ്രക്രിയ അനിവാര്യമായി വരുന്നു. ഒരു നിശ്ചിത വിഷയകോമ്പിനേഷൻ സീറ്റുകൾ പരിമിതമാവുകയും അപേക്ഷകർ കൂടുകയും ചെയ്താൽ മുൻകൂട്ടി പ്രഖ്യാപിച്ച പ്രോസ്പെക്ടസിലെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ കോഴ്സുകൾ ലഭ്യമാകൂ. അതുകൊണ്ടുതന്നെ ഉയർന്ന സ്കോർ ഉണ്ടായാലും ഇഷ്ടമുള്ള സ്കൂളിൽ ഇഷ്ടമുള്ള ബാച്ചിൽ പ്രവേശനം ലഭ്യമാകണമെന്നില്ല.  

ഇക്കാര്യം രക്ഷിതാക്കള്‍  ഉള്‍ക്കൊള്ളേണ്ടതുണ്ട്. ഏകജാലക സംവിധാനം കേരളത്തിൽ സർവ്വത്രികമായി നിലവിൽ വന്ന 2008-09 അക്കാദമിക വർഷത്തിന് മുമ്പേയുള്ള അവസ്ഥ മറന്നു പോകേണ്ട കാലമായില്ല. സ്കൂൾ ആയിരുന്നു യൂണിറ്റ്. കുട്ടികൾ വിവിധ സ്കൂളുകളിൽ അപേക്ഷിക്കുന്നു. മെറിറ്റിൽ മുന്നിലുള്ള  കുട്ടികൾ  സമീപത്തുള്ള എല്ലാ സ്കൂളിലും  അപേക്ഷിക്കും.  അവര്‍ക്ക് എല്ലായിടത്തും  പ്രവേശനം ഉറപ്പാക്കുകയും ചെയ്യും.  ബഹുഭൂരിപക്ഷം കുട്ടികളും വെയിറ്റിങ് ലിസ്റ്റിലാണ് ഉണ്ടാവുക. എല്ലാ സ്കൂളുകളിലും ഇൻറർവ്യൂ ഒരേ തീയതിയിൽ ആയിരിക്കും. പ്രവേശനം ഉറപ്പായ കുട്ടികൾ എവിടെ ചേരുമെന്ന് ആർക്കും അറിയാത്തതിനാൽ വെയിറ്റിങ് ലിസ്റ്റിലുള്ള കുട്ടികൾ അവർക്ക് കാർഡ് കിട്ടിയ എല്ലായിടത്തും ബന്ധുക്കളെയോ മറ്റോ നിയോഗിക്കാൻ നിർബന്ധിതരാകുന്നു. 

ഇതുണ്ടാക്കിയ അങ്കലാപ്പും  മാനസിക പിരിമുറുക്കവും  വിവരണാതീതമായിരുന്നു. ബഹുഭൂരിപക്ഷം കുട്ടികൾക്കും ആദ്യഘട്ടത്തിൽ എവിടെയും ചേരാൻ പറ്റിയിരുന്നില്ല. സർക്കാർ സ്കൂളുകളിൽ പോലും പിന്നീട് നടക്കുന്ന അഡ്മിഷനിൽ സ്വജനപക്ഷപാതവും മറ്റും വലിയതോതിൽ നിലനിന്നിരുന്നു എന്ന ആക്ഷേപം പരക്കെ ഉയർന്നിരുന്നു. എയ്ഡഡ് സ്കൂളുകളുടെ സ്ഥിതി ഇതിനുമപ്പുറമായിരുന്നു എന്ന ആക്ഷേപം അക്കാലത്തിന്റെ യാഥാർത്ഥ്യമായിരുന്നു.

ഇതില്‍ ഒരു മാറ്റം വേണമെന്ന  ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ 2006- ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാരാണ് സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ മെറിറ്റ് സീറ്റുകളിലേക്ക് സുതാര്യമായും കാര്യക്ഷമമായും സാമൂഹ്യനീതി ഉറപ്പുവരുത്തിക്കൊണ്ടും പ്രവേശനം നടത്തിക്കൊണ്ട് ഏകജാലക പ്രവേശന സംവിധാനം ഏർപ്പെടുത്തിയത്. പ്ലസ് വൺ പ്രവേശനത്തിലെ വ്യാപകമായി നടന്ന ക്രമക്കേടുകളും അവയെക്കുറിച്ച് നടന്ന എണ്ണമറ്റ പരാതികളും ആണ് ഈ സംവിധാനം ഏർപ്പെടുത്തുന്നതിന് അന്നത്തെ സർക്കാരിനെ പ്രേരിപ്പിച്ചത്. ഇതുവഴി പ്രവേശന പ്രക്രിയയിലെ സുതാര്യത ഉറപ്പുവരുത്താൻ കഴിഞ്ഞു. സംവരണം കൃത്യമായി പാലിക്കപ്പെട്ടു.  

അഡ്‍മിഷനുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉണ്ടാകുന്ന മാനസിക പിരിമുറുക്കം ഒഴിവാക്കാൻ കഴിയുകയും ചെയ്തു. 2007 - 08 അക്കാദമിക വർഷം തിരുവനന്തപുരം ജില്ലയിൽ പൈലറ്റ് ചെയ്യുകയും അതിലെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ 2008- 09 അക്കാദമിക വർഷം സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും വ്യാപകമാക്കുകയും ചെയ്തു. ഇതിന്റെ നേട്ടം ആദ്യവർഷങ്ങളിൽ തന്നെ പ്രതിഫലിച്ചു. പട്ടികജാതി, പട്ടികവർഗ്ഗം വിഭാഗം കുട്ടികൾക്കും മറ്റു പിന്നോക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും വലിയ തോതിൽ പ്രവേശനം ലഭിച്ചു. സമൂഹം ഇത് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഈ പ്രവേശന പ്രക്രിയയെ അട്ടിമറിക്കാൻ ആരംഭഘട്ടം മുതൽ സങ്കുചിത താൽപര്യക്കാർ നടത്തിയ ശ്രമം വിജയിക്കാതെ പോയത്.
 
കേരളത്തില്‍ പത്താം ക്ലാസ് കഴിയുന്ന മുഴുവന്‍ കുട്ടികള്‍ക്കും  ഹയര്‍സെക്കന്ററി , വൊക്കേഷണല്‍  ഹയര്‍സെക്കന്ററി, ഐടിഐ, ഐടിസി,  പോളിടെക്നിക്  എന്നിവിടങ്ങളിലെല്ലാം സീറ്റുണ്ട് . എന്നാല്‍  മലപ്പുറം തുടങ്ങി ചില ജില്ലകളില്‍ സീറ്റുകളുടെ കാര്യത്തില്‍ ചില പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. അവ പരിഹരിക്കേണ്ടതുണ്ട്. മുന്‍കാലങ്ങളില്‍ സ്കോള്‍ കേരള വഴി പഠിച്ചിരുന്നത്ര കുട്ടികള്‍ അതുവഴി ഇപ്പോള്‍ പഠിക്കുന്നില്ല. സ്കൂളുകളില്‍ തന്നെ  തുടര്‍പഠനം നടത്താനാണ്  കുട്ടികള്‍ താല്‍പര്യപ്പെടുന്നത്. പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍  ഇടതുപക്ഷ സര്‍ക്കാരുകള്‍ നടത്തുന്ന ശ്രമങ്ങള്‍ സാമൂഹികമായി  നല്ല അനുരണനങ്ങള്‍  ഉണ്ടാക്കുന്നു എന്നാണ് ഇത് വെളിപ്പെടുത്തുന്നത്.   

2012ല്‍  മലപ്പുറം ജില്ലയില്‍ 18,272 പേരാണ് സ്കോള്‍ കേരളയില്‍ രജിസ്റ്റര്‍ ചെയ്തത്. 2016 ആകുമ്പോഴേക്കും ഇത് 25,308 ആയി വര്‍ദ്ധിച്ചു. എന്നാല്‍  എല്‍ഡിഎഫിന്റെ കാലത്ത് ഇത് ക്രമാനുഗതമായി കുറഞ്ഞ് 2023ല്‍ 11,866ആയി മാറി എന്നത് കാണണം.  ഇത് മലപ്പുറം ജില്ലയില്‍ മാത്രമല്ല കേരളത്തിലെല്ലാ ജില്ലകളിലും പ്രതിഫലിക്കുന്നു. 2016-ല്‍ കേരളത്തിലാകെ സ്കോള്‍ കേരള വഴി  പ്രൈവറ്റ് രജിസ്ട്രേഷന്‍ 78,293 ആയിരുന്നു. 2023 - ല്‍ അത് 27,335 ആയി കുറഞ്ഞു. 50,000കുട്ടികള്‍ സ്കൂളില്‍ നേരിട്ട് പഠിക്കാനെത്തിച്ചേര്‍ന്നു എന്നര്‍ത്ഥം.  ഇതെല്ലാം ഹയര്‍സെക്കന്ററി പ്രവേശത്തിനായുള്ള സമ്മര്‍ദ്ദത്തില്‍ പ്രതിഫലിക്കുന്നു. ഇതെല്ലാം വളരെ പോസിറ്റീവായാണ് സര്‍ക്കാര്‍ കാണുന്നത്. അതുകൊണ്ടാണ് കുട്ടികള്‍ കുറഞ്ഞ ബാച്ചുകള്‍ മാറ്റി നല്‍കുന്നതും താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതും. 

ഏത് കാലത്തും ഏത് സര്‍ക്കാരും ആദ്യം ഉറപ്പുവരുത്തുക കുട്ടികള്‍ക്ക് പഠിക്കാന്‍ സ്കൂളുകളില്‍  പരമാവധി സൗകര്യം ഒരുക്കുക എന്നതാണ്.  ഇത് പൂര്‍ത്തീകരിക്കുന്നതോടൊപ്പം മികച്ച വിദ്യാഭ്യാസത്തിനായുള്ള  ശ്രമങ്ങളും ആരംഭിക്കും.  കേരളസംസ്ഥാന രൂപീകരണത്തിനു ശേഷം  അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍ വ്യാപനത്തിന്റെ ഘട്ടത്തിലും ഇത് തന്നെയാണ് കേരളം ചെയ്തത്. ആദ്യഘട്ടത്തില്‍  കുട്ടികള്‍ക്ക് സ്കൂളില്‍ എത്താനുള്ള സൗകര്യമാണ് ചെയ്തത്. അതിന്റെ തുടര്‍ച്ചയായി അധ്യാപകരെ നിയമിച്ചും ഭൗതികസൗകര്യം വികസിപ്പിച്ചും ഒരോ ക്ലാസ്സുകളിലും കുട്ടികളുടെ എണ്ണം കുറച്ചുകൊണ്ടുവരാനുള്ള ശ്രമം നടത്തി. ഹയര്‍സെക്കന്ററിയിലും കുട്ടികളുടെ എണ്ണം കുറഞ്ഞുവരേണ്ടതുണ്ട്. അടുത്ത ഘട്ടം പരിശ്രമം പ്രസ്തുത ദിശയിലുള്ളതാകും.  

ഒരു കാര്യം അടുത്ത വര്‍ഷത്തെ പ്രവേശന കാലത്ത് കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതുണ്ട്.  എത്ര നല്ല മെറിറ്റുണ്ടെങ്കിലും മുന്‍ഗണനാ ക്രമത്തില്‍ കൂടുതല്‍ സ്കൂളുകളിലേക്ക് അപേക്ഷിക്കണം. അങ്ങനെ കൂടുതല്‍ സ്കൂളിലേക്ക്  അപേക്ഷിക്കാത്തതു മൂലം ഒന്നാംഘട്ടത്തില്‍ പ്രവേശനം ലഭിക്കാത്ത ഒരുപാട് കുട്ടികളുണ്ട്. ഇത് അപേക്ഷിക്കുന്ന സമയത്ത് ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം. ഏകജാലക സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കി തുടര്‍ പഠനത്തിന് ആഗ്രഹിക്കുന്ന കുട്ടികള്‍ക്കെല്ലാം പഠന സൗകര്യം ഉറപ്പാക്കുക എന്നതു തന്നെയാണ് സര്‍ക്കാര്‍ നയം. കാലങ്ങളായി നിലനിൽക്കുന്ന സംവിധാനത്തിൽ മാറ്റങ്ങൾ ആവശ്യമെങ്കിൽ അത് നടപ്പാക്കാൻ സർക്കാരിന് മടിയില്ല. എന്നാൽ ഇക്കാര്യങ്ങൾ പൊതുസമൂഹം ചർച്ച ചെയ്യുകയും ഏതൊക്കെ മാറ്റങ്ങൾ ഉൾച്ചേർക്കണം എന്നത് സംബന്ധിച്ച ധാരണയിൽ എത്തുകയും വേണം. സർക്കാരിന്റെ നിലപാട് സുതാര്യമാണെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia