MV Govindan Master | മന്ത്രിസ്ഥാനത്തേക്കാള്‍ വലുത് പാര്‍ടി പദവിയെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവും എംവി ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യയുമായ പികെ ശ്യാമള; സിപിഎമിലെ നേതൃമാറ്റത്തില്‍ കണ്ണൂരിന് നഷ്ടപ്പെടുന്നത് ജനകീയ മന്ത്രിയെ

 


ADVERTISEMENT

തളിപ്പറമ്പ്: (www.kvartha.com) സിപിഎം സംസ്ഥാന സെക്രടറിയായി എംവി ഗോവിന്ദനെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സെക്രടറിയുമായ പികെ ശ്യാമള പ്രതികരിച്ചു. മന്ത്രിസ്ഥാനത്തേക്കാള്‍ പ്രധാനപ്പെട്ടതാണ് പാര്‍ടി സ്ഥാനം. പാര്‍ടി നല്‍കുന്ന ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് നിറവേറ്റുകയാണെന്നും പികെ ശ്യാമള പറഞ്ഞു. സന്തോഷമുള്ള കാര്യമാണ് പാര്‍ടി ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുകയെന്നത്. മന്ത്രിസ്ഥാനത്തേക്കാള്‍ പ്രധാനപ്പെട്ടതാണ് പാര്‍ടി സ്ഥാനം. രണ്ടുപേരും തിരക്ക് പിടിച്ച ജീവിതമാണ് നയിക്കുന്നത്. മാഷിന്റെ കഴിവിനുള്ള അംഗീകാരമാണ് അതെന്നും പികെ ശ്യാമള പറഞ്ഞു.
                  
MV Govindan Master | മന്ത്രിസ്ഥാനത്തേക്കാള്‍ വലുത് പാര്‍ടി പദവിയെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവും എംവി ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യയുമായ പികെ ശ്യാമള; സിപിഎമിലെ നേതൃമാറ്റത്തില്‍ കണ്ണൂരിന് നഷ്ടപ്പെടുന്നത് ജനകീയ മന്ത്രിയെ

അതേസമയം എംവി ഗോവിന്ദന്‍ മന്ത്രിസ്ഥാനം ഒഴിവാകുന്നത് തളിപ്പറമ്പ് മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. തളിപ്പറമ്പ് മണ്ഡലത്തിലെ ഏതുപ്രവര്‍ത്തകനെയും പേരെടുത്ത് വിളിക്കാനുള്ള ബന്ധം പുലര്‍ത്തിയിരുന്ന രാഷ്ട്രീയ നേതാവും എംഎല്‍എയുമാണ് എംവി ഗോവിന്ദന്‍. ഇരിങ്ങല്‍ യുപി സ്‌കൂളില്‍ കായിക അധ്യാപകനായ എംവി ഗോവിന്ദന്‍ ജോലി ഉപേക്ഷിച്ചു സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ അധ:സ്ഥിതരും അശരണരുമായ ജനവിഭാഗത്തിന്റെ മാഷായി മാറുകയായിരുന്നു.

മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്രം പാര്‍ടിയിലേക്ക് കടന്നുവരുന്നവരെ പഠിപ്പിക്കുന്ന സൈദ്ധാന്തികനായ ഈ നേതാവാണ് പാര്‍ടി സ്‌കൂളുകള്‍ക്കും പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നത്. മൊറാഴയിലെ കെ കുഞ്ഞുമ്പുവിന്റെയും മീത്തലെ വീട്ടില്‍ മാധവിയുടെയും ആറുമക്കളില്‍ രണ്ടാമനായ എംവി ഗോവിന്ദന്‍ കര്‍ഷക തൊഴിലാളി കുടുംബത്തില്‍ നിന്നാണ് പാര്‍ടിയിലേക്ക് വന്നത്. വളരെ ചെറുപ്പത്തില്‍ പറശിനിക്കടവ് കോള്‍മെട്ടയില്‍ നിന്നും അദ്ദേഹത്തിന്റെ കുടുംബം മൊറാഴയിലെത്തുകയായിരുന്നു.

ദരിദ്ര കര്‍ഷക തൊഴിലാളി കുടുംബത്തില്‍ ജനിച്ച് സാമ്രാജ്യത്വ ശക്തികള്‍ക്കെതിരായ കര്‍ഷക പോരാട്ടത്തിന്റെ മണ്ണായ മൊറാഴയില്‍ നിന്നും സിപിഎം കേന്ദ്രകമിറ്റിയിലേക്ക് ഉയര്‍ന്ന എംവി ഗോവിന്ദന്‍ സംസ്ഥാന സെക്രടറിയായി എത്തുമ്പോള്‍ അരനൂറ്റാണ്ട് കാലത്തെ തെളിമയാര്‍ന്ന പൊതുപ്രവര്‍ത്തനത്തിലെ അനുഭവസമ്പത്താണ് കരുത്താകുന്നത്.വിപ്ലവ വീര്യമുള്ള മൊറാഴയിലെ കര്‍ഷക സമരങ്ങളുടെ മണ്ണാണ് അദ്ദേഹത്തിലെ പൊതുപ്രവര്‍ത്തകന് ഊര്‍ജമാകുന്നത്. വളരെ ചെറുപ്പത്തില്‍ ബാലസംഘം പ്രവര്‍ത്തകനായും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഭാഗമായും തന്നിലെ പൊതുപ്രവര്‍ത്തകനെ അദ്ദേഹം അടയാളപ്പെടുത്തുകയായിരുന്നു.

കെ എസ് എഫിന്റെ പ്രവര്‍ത്തകനും കണ്ണൂര്‍ ജില്ലാ യുവജന ഫെഡറേഷന്‍ ഭാരവാഹിയായിരുന്നു. കെ എസ് വൈ എഫ് രൂപീകരിച്ചപ്പോള്‍ നേതൃത്വത്തിലേക്ക് ഉയര്‍ന്നു. ഡിവൈഎഫ്‌ഐയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. അഖിലേന്ത്യാ പ്രിപറേറ്ററി കമിറ്റി അംഗവും കേന്ദ്ര കമിറ്റി അംഗവുമായിരുന്നു. ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സെക്രടറിയായും പ്രസിഡന്റായും പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥയ്ക്കെതിരായ പ്രക്ഷോഭങ്ങളില്‍ ഉരുകിതെളിഞ്ഞ കമ്യൂണിസ്റ്റാണ്. കൊടിയ പൊലീസ് മര്‍ദനത്തിനിരയായി. നാല് മാസം ജയിലിലുമായി.

നേരത്തെ 10 വര്‍ഷം എംഎല്‍എയായി പാര്‍ലമെന്ററി രംഗത്ത് കഴിവ് തെളിയിച്ചിട്ടുണ്ട്. തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍ നിന്ന് തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയാണ് പതിനഞ്ചാം കേരള നിയമസഭയിലേക്ക് എത്തിയത്. 1969ല്‍ പാര്‍ടി അംഗമായി. 1980കളുടെ ആദ്യപകുതിയില്‍ അവിഭക്ത കണ്ണൂര്‍ ജില്ലയിലെ കാസര്‍കോട് താലൂക് സെക്രടറിയായ അദ്ദേഹം ഉത്തരമലബാറിന് ചുവപ്പന്‍ അടിത്തറയുണ്ടാക്കി. 2002ല്‍ സിപി എം കണ്ണൂര്‍ ജില്ലാ സെക്രടറിയായി. പാര്‍ടി വിഭാഗീയത കൊടുമ്പിരി കൊള്ളുമ്പോള്‍ എറണാകുളം ജില്ലാ സെക്രടറിയായി ജില്ലയിലെ പാര്‍ടിയെ ഒറ്റക്കെട്ടാക്കി ശക്തിപ്പെടുത്തി. 2006ല്‍ സിപിഎം സംസ്ഥാന സെക്രടറിയേറ്റിലും 2018ല്‍ പാര്‍ടി കേന്ദ്ര കമിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

ദീര്‍ഘകാലം സിപി എം കണ്ണൂര്‍ ജില്ലാ റെഡ് വോളന്റീയര്‍ സേനയുടെ ക്യാപ്റ്റനുമായിരുന്നു 68 കാരനായ എംവി ഗോവിന്ദന്‍. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തളിപറമ്പ് മണ്ഡലത്തില്‍ നിന്നും ഇരുപതിനായിരത്തിലേറെ വോടുകള്‍ക്ക് ജയിച്ച എംവി ഗോവിന്ദന്‍ രണ്ടാം പിണറായി മന്ത്രിസഭയിലെ രണ്ടാമാനായി ചുമതലയേറ്റത് തളിപ്പറമ്പ് മണ്ഡലത്തിന് ഏറെ പ്രതീക്ഷയേകിയിരുന്നു. എന്നാല്‍ ഭരണത്തില്‍ നിന്നും പാര്‍ടിയുടെ അമരക്കാരനായുള്ള പിന്‍മടക്കം മണ്ഡലത്തിനും സംസ്ഥാനത്തെ ജനങ്ങള്‍ക്കും നഷ്ടമാണെങ്കിലും സിപിഎമിനെ സംബന്ധിച്ചിടുത്തോളം സംഘടനാപരമായി നേട്ടമാണ്. പാര്‍ടിക്ക് പുറത്തും വിപുലമായ സൗഹൃദബന്ധങ്ങള്‍ എംവി ഗോവിന്ദനുണ്ട്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Political-News, Politics, CPM, Minister, Cabinet Resignation, PK Shyamala, M. V. Govindan Master, PK Shyamala says party position is bigger than ministry position.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia