400 രൂപ കൊടുത്തുവാങ്ങിയ ബാഗ് സാധനങ്ങളിട്ടപ്പോള്‍ തന്നെ കീറി; പുതിയ ബാഗ് വാങ്ങാന്‍ പിങ്ക് പൊലീസിന്റെ സഹായം തേടി യുവതി

 


കോട്ടയം: (www.kvartha.com 01.02.2022) 400 രൂപ കൊടുത്തുവാങ്ങിയ ബാഗ് സാധനങ്ങളിട്ടപ്പോള്‍ തന്നെ കീറി, പുതിയ ബാഗ് വാങ്ങാന്‍ പിങ്ക് പൊലീസിന്റെ സഹായം തേടി യുവതി. കോട്ടയം ചെങ്ങളം സ്വദേശിനിയായ യുവതിയാണ് ബാഗ് മാറ്റിയെടുക്കാന്‍ പിങ്ക് പൊലീസിന്റെ സഹായം തേടിയത്. തിങ്കളാഴ്ച രാവിലെ 11.30-ഓടെ കോട്ടയം നാഗമ്പടത്തായിരുന്നു സംഭവം.

400 രൂപ കൊടുത്തുവാങ്ങിയ ബാഗ് സാധനങ്ങളിട്ടപ്പോള്‍ തന്നെ കീറി; പുതിയ ബാഗ് വാങ്ങാന്‍ പിങ്ക് പൊലീസിന്റെ സഹായം തേടി യുവതി

'സാറെ, നാനൂറ് രൂപകൊടുത്ത് വാങ്ങിയ ബാഗാണ്, കുറച്ച് സാധനങ്ങള്‍വെച്ച് ബാഗെടുത്തപ്പോള്‍ ബാഗ് കീറി സാധനങ്ങള്‍ മുഴുവന്‍ നിലത്തുവീണു, കടയില്‍ച്ചെന്നപ്പോള്‍ മാറ്റിനല്‍കില്ലെന്നാണ് പറഞ്ഞത്. പലരും പറഞ്ഞു നിങ്ങളോട് പറഞ്ഞാല്‍ സഹായിക്കുമെന്ന് അതുകൊണ്ടുവന്നതാണ്.' എന്നായിരുന്നു പിങ്ക് പൊലീസിനോട് യുവതി പരാതിപ്പെട്ടത്.

യുവതിയുടെ പറച്ചില്‍കേട്ട് നഗരത്തില്‍ ജോലിയിലുണ്ടായിരുന്ന പിങ്ക് പൊലീസ് സംഘം ആദ്യം ഒന്നമ്പരന്നുവെങ്കിലും പിന്നീട് യുവതിയോട് കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. കഷ്ടപ്പാടുകളുടെ നടുവിലാണ് യുവതിയുടെ ജീവിതം. അമ്മ മരിച്ചതോടെ വീട്ടില്‍ ബുദ്ധിമുട്ടായി. അച്ഛനാകട്ടെ സ്വന്തമായി ജോലിചെയ്ത് ജീവിച്ചോളാന്‍ യുവതിയോട് പറഞ്ഞു. ഇതോടെ ഹോം നഴ്സായി ജോലിക്കുപോയിത്തുടങ്ങി. അതിനുവേണ്ടിയാണ് കഴിഞ്ഞദിവസം കോട്ടയം നഗരത്തിലെ കടയില്‍നിന്നും ബാഗ് വാങ്ങിയത്. എന്നാല്‍, വീട്ടില്‍ കൊണ്ടുചെന്നയുടന്‍ ബാഗ് കീറി.

മാറാനായി തിരികെ കടയിലെത്തിയെങ്കിലും കടക്കാര്‍ മാറ്റിനല്‍കാന്‍ തയാറായില്ല. വാങ്ങിയ സമയത്ത് ബിലും നല്‍കിയില്ല. വീണ്ടുമൊരു നാനൂറ് രൂപയെടുക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് വിഷമിച്ചിരിക്കുമ്പോഴാണ് സുഹൃത്ത് പൊലീസിന്റെ സഹായംതേടാന്‍ ആവശ്യപ്പെട്ടത്. അങ്ങനെയാണ് പിങ്ക് പൊലീസിന്റെ സഹായംതേടി യുവതിയെത്തിയത്.

കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ പൊലീസ് ഉദ്യോഗസ്ഥരായ താനിയ, സബീന, ജ്യോതിമോള്‍ എന്നിവര്‍ അപ്പോള്‍ത്തന്നെ പൊലീസ് വാഹനത്തില്‍ യുവതിയുമായി നഗരത്തിലെ കടയിലെത്തുകയും ഉടമയുമായി സംസാരിക്കുകയും ചെയ്തു. ബാഗ് മാറ്റി നല്‍കിയില്ലെങ്കില്‍ പരാതിയുമായി മുന്നോട്ടുപോകുമെന്ന് പൊലീസ് അറിയിച്ചു. അപ്പോള്‍ത്തന്നെ കടയുടമ യുവതിക്ക് പുതിയ ബാഗ് നല്‍കി പ്രശ്നം പരിഹരിച്ചു.

യുവതിയുടെ ബുദ്ധിമുട്ട് കേട്ടറിഞ്ഞാണ് ഉടന്‍തന്നെ കടയിലേക്ക് പോയതെന്ന് പൊലീസ് ഉദ്യോഗസ്ഥ താനിയ പറഞ്ഞു.

Keywords: Pink Police intervene to replace torn bag worth Rs 400 for Kottayam woman, Kottayam, News, Local News, Woman, Complaint, Cheating, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia