Pinarayi VIjayan | ഗുജറാത് കലാപത്തില്‍ മോദിക്കും കൂട്ടര്‍ക്കും കോടതി ക്ലീന്‍ചിറ്റ് നല്‍കിയപ്പോള്‍ ഹര്‍ജിക്കാരി സാകിയ ജഫ്രിയെ ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും ശ്രമിക്കാത്ത കോണ്‍ഗ്രസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്‍; സോണിയ ഗാന്ധിയും കൂട്ടരും എന്നും മറക്കാന്‍ ശ്രമിക്കുന്ന രക്തസാക്ഷിയാണ് എഹ്‌സാന്‍ ജഫ്രി; ടീസ്ത സെതല്‍വാദിന്റേയും ആര്‍ ബി ശ്രീകുമാറിന്റേയും അറസ്റ്റിലും പാര്‍ടിക്ക് മൗനം
Jun 27, 2022, 14:57 IST
തിരുവനന്തപുരം: (www.kvartha.com) ഗുജറാത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കൂട്ടര്‍ക്കും സുപ്രീം കോടതി ക്ലീന്‍ചിറ്റ് നല്‍കിയപ്പോള്‍ ഹര്‍ജിക്കാരി സാകിയ ജഫ്രിയെ ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും ശ്രമിക്കാത്ത കോണ്‍ഗ്രസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
സോണിയ ഗാന്ധിയും കൂട്ടരും എന്നും മറക്കാന്‍ ശ്രമിക്കുന്ന രക്തസാക്ഷിയാണ് സാകിയയുടെ ഭര്‍ത്താവും ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കുരുതിക്കിരയായി മരിച്ച മുന്‍ കോണ്‍ഗ്രസ് എം പി എഹ്‌സാന്‍ ജഫ്രി എന്നും പിണറായി കുറ്റപ്പെടുത്തി. സാകിയയുടെ കേസിലെ പെറ്റിഷണര്‍ നമ്പര്‍ 2 ആയ ടീസ്ത സെദല്‍വാദിന്റേയും ഗുജറാത് മുന്‍ ഡിജിപിയും മലയാളിയുമായ ആര്‍ ബി ശ്രീകുമാറിന്റേയും അറസ്റ്റിനെ കുറിച്ചും പ്രതികരിച്ചില്ലെന്ന് കുറ്റപ്പെടുത്തല്‍.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ:
കലാപകാരികള്‍ ഗുല്‍ബര്‍ഗ് സൊസൈറ്റി ആക്രമിച്ചപ്പോള്‍ ജെഫ്രിയുടെ വീട്ടിലേക്കായിരുന്നു കോളനിവാസികള്‍ അഭയം തേടിയെത്തിയത്. തുടര്‍ന്നുനടന്ന തീവെയ്പിലാണ് ജെഫ്രിയുള്‍പെടെ 69 പേര്‍ വെന്തുമരിച്ചത്.
ഭര്‍ത്താവിനും മറ്റുള്ളവര്‍ക്കും നീതികിട്ടാനായി ജഫ്രിയുടെ എണ്‍പത്തിയഞ്ചുകാരിയായ വിധവ സാകിയ ജഫ്രി കഴിഞ്ഞ പത്തൊന്‍പത് വര്‍ഷത്തിലേറെയായി നിയമപോരാട്ടം നടത്തുകയാണ്. എന്നാല്‍ കഴിഞ്ഞദിവസം സാകിയ ജഫ്രി സുപ്രീം കോടതിയില്‍ കൊടുത്ത ഹര്‍ജി തള്ളിക്കൊണ്ടാണ് അന്ന് ഗുജറാത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും മറ്റ് അറുപതോളം പേര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയത്. എസ് ഐ ടി റിപോര്‍ട് ശരിവെച്ചാണ് കോടതിയുടെ നടപടി.
എന്നാല്‍, സാകിയ ജെഫ്രിയുടെ നിയമപോരാട്ടങ്ങള്‍ക്ക് ഏതെങ്കിലും ഘട്ടത്തില്‍ പിന്തുണ പ്രഖ്യാപിക്കുന്നതുപോയിട്ട് സോണിയ ഗാന്ധിയോ ഉന്നത കോണ്‍ഗ്രസ് നേതാക്കളോ നാളിതുവരെ സാകിയയെ പോയി കാണുകപോലും ചെയ്തിട്ടില്ല.
ഗുജറാത് വംശഹത്യക്ക് ശേഷം സോണിയ ഗാന്ധി ഗുജറാതിലെത്തിയപ്പോള്‍ പോലും സാകിയ ജഫ്രിയെ കാണരുതെന്നാണ് കോണ്‍ഗ്രസ് ബുദ്ധികേന്ദ്രങ്ങള്‍ അവരെ ഉപദേശിച്ചിരുന്നത്. മൃദുഹിന്ദുവോടുകള്‍ നഷ്ട്ടപ്പെടാതിരിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ ആ നിലപാട്.
കഴിഞ്ഞ ഗുജറാത് തെരഞ്ഞെടുപ്പിനിടെ സംസ്ഥാനത്താകെ 'ടെംപിള്‍ ടൂര്‍' നടത്താന്‍ സമയം കണ്ടെത്തിയ രാഹുല്‍ ഗാന്ധി എഹ്‌സാന്‍ ജാഫ്രിയെപ്പറ്റിയോ ഗുല്‍ബര്‍ഗ് സൊസൈറ്റിയെക്കുറിച്ചോ ഒരക്ഷരം ഉരിയാടിയിരുന്നില്ല.
സാകിയയുടെ കേസിലെ പെറ്റിഷണര്‍ നമ്പര്‍ 2 ആയ ടീസ്ത സെദല്‍വാദും ഗുജറാത് മുന്‍ ഡിജിപിയും മലയാളിയുമായ ആര്‍ ബി ശ്രീകുമാറും ഇപ്പോള്‍ അറസ്റ്റിലായി. ഇവരുടെ ജനാധിപത്യ വിരുദ്ധമായ അറസ്റ്റില്‍ സാധാരണ ഗതിയില്‍ ജനാധിപത്യ പാര്‍ടികള്‍ എതിര്‍ക്കുമല്ലോ? എന്നാല്‍ കോണ്‍ഗ്രസ് പാര്‍ടി പ്രതികരിച്ച രീതി കണ്ടാല്‍ ആ പാര്‍ടിയെയോര്‍ത്ത് കഷ്ടം തോന്നും.
അറസ്റ്റിനെ കുറിച്ച് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ് വിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു:
' ടീസ്റ്റ സെതല്‍വാദിന്റെ അറസ്റ്റിനെക്കുറിച്ച് അറിയുകയുണ്ടായി. 2002ന് തൊട്ടുപിന്നാലെയുള്ള വര്‍ഷങ്ങളില്‍ നടന്ന വ്യാജരേഖ ചമയ്ക്കല്‍, കെട്ടിച്ചമയ്ക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ആരോപിച്ചാണ് അറസ്റ്റ് ഉണ്ടായതെന്ന് മനസ്സിലാക്കുന്നു. ഒരു രാഷ്ട്രീയ പാര്‍ടി എന്ന നിലയില്‍ ഇതുമായി യാതൊരു ബന്ധവുമില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ കേസിന്റെ മെറിറ്റിനെക്കുറിച്ച് അഭിപ്രായം പറയാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല'.
എന്നാല്‍ ഈ വിഷയത്തില്‍ സിപിഐ എമിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:
'ഗുജറാത് കലാപത്തില്‍ സംസ്ഥാന സര്‍കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് സാമൂഹികപ്രവര്‍ത്തക തീസ്ത സെതല്‍വാദ്, ഗുജറാത് മുന്‍ എ ഡി ജി പി ആര്‍ ബി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ ചുമത്തിയ കേസ് പിന്‍വലിക്കണം.
ഗുജറാത് കലാപത്തിലെ ഇരകള്‍ക്ക് നീതിലഭിക്കാന്‍ പോരാടിയ തീസ്തയെ അറസ്റ്റുചെയ്തതിനെ അപലപിക്കുന്നു. വര്‍ഗീയസംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ ഭരണകൂടത്തിന്റെ പങ്ക് ചോദ്യം ചെയ്യരുതെന്ന് ജനാധിപത്യവിശ്വാസികള്‍ക്കുള്ള ഭീഷണിയാണ് ഈ അറസ്റ്റ്. ഇത് പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങള്‍ക്കെതിരാണ്.
സുപ്രീംകോടതി വിധിയിലെ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് ഇവര്‍ക്കെതിരെ ഗുജറാത് സര്‍കാരിന്റെ നടപടി. കോടതി സ്ഥാപിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ നടപടികളെ കോടതിയില്‍ ചോദ്യംചെയ്യാന്‍ പാടില്ലെന്നാണ് ഇതിനര്‍ഥം. മറിച്ചായാല്‍ കേസെടുക്കും. ജുഡിഷ്യല്‍ സംവിധാനത്തില്‍ വിശ്വസിക്കുന്ന തീസ്തയെപ്പോലുള്ളവരെ ശിക്ഷിക്കുകയാണ് ഈ വിധി. തിരുത്തല്‍ ഹര്‍ജിക്ക് സാധ്യതയുള്ള കേസാണിത്'.
അറസ്റ്റില്‍ രണ്ട് പാര്‍ടികള്‍ നടത്തിയ പ്രതികരണങ്ങളും വ്യക്തമാണ്. ആരാണ് ബിജെപിക്കൊപ്പം നില്‍ക്കാന്‍ ശ്രമിക്കുന്നത്, ആരാണ് അറസ്റ്റിനെതിരെ ശക്തമായി പ്രതികരിക്കുന്നത് എന്നും വ്യക്തമാണ്.
അറസ്റ്റിനെതിരെ വലുതായൊന്നും വേണ്ട, ചെറുതായി ഒന്ന് പ്രതിഷേധിക്കാന്‍ പോലും കോണ്‍ഗ്രസിന് കഴിയുമായിരുന്നില്ലേ?
അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട അതേ ദിവസമാണ് ഈ രണ്ട് അറസ്റ്റുകളും നടന്നത്. രാജ്യത്തെ സംഘ പരിവാര്‍ വിരുദ്ധരെ മുഴുവന്‍ ഭീഷണിപ്പെടുത്താനുള്ള നീക്കമായി വേണം ഈ അറസ്റ്റുകളെ കാണാന്‍. പരിവാറിനെതിരെ ശബ്ദിച്ചാല്‍ ഇതൊക്കെയാവും ഫലം എന്ന ഭീഷണി. ആ ഭീഷണിക്കുമുന്നിലാണ് കോണ്‍ഗ്രസ് മുട്ടുവിറച്ച് മൗനം പൂണ്ടത്.
ബിജെപിയെ ഭയന്ന് മുട്ടിലിഴയുകയാണ് കോണ്‍ഗ്രസ്. ഇത് ഗൗരവമായി നാം ചിന്തിക്കുന്നത് നന്നാവും. ഞങ്ങള്‍ക്കെതിരെ പറയുന്ന കോണ്‍ഗ്രസിന്റെ ആളുകള്‍ ഇത് മനസ്സില്‍ വെക്കുന്നത് നല്ലതാണ്. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന ലീഗിനെ പോലുള്ള മറ്റു പാര്‍ടികളും ഇക്കാര്യം ചിന്തിക്കുന്നത് നന്നാവും.
Keywords: Pinarayi VIjayan Criticized Congress On Teesta Teesta Setalvad and R B Sreekumar's Arrest,Thiruvananthapuram, News, Politics, Criticism, Pinarayi vijayan, Chief Minister, Congress, Gujrath Riot, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.