Piles & Remedies | മൂലക്കുരു കാരണം നാലാള്‍ കൂടുന്നിടത്ത് പോകാന്‍ കഴിയുന്നില്ലേ, പലപ്പോഴും പരിഹസിക്കപ്പെടേണ്ടി വന്നിട്ടുണ്ടോ? വിഷമിക്കേണ്ട! കാരണങ്ങളും പരിഹാരങ്ങളും അറിയാം

 


കൊച്ചി: (KVARTHA) മൂലക്കുരു പരിഹസിക്കപ്പെടേണ്ടതോ രഹസ്യമാക്കേണ്ടതോ ആയ ഒരു അസുഖമല്ല. പാരമ്പര്യഘടകങ്ങള്‍ കൊണ്ടോ ജീവിതരീതിയില്‍ വന്ന മാറ്റങ്ങള്‍ കൊണ്ടോ അല്ലെങ്കില്‍ ശരീരത്തിന്റെ പ്രകൃതം മൂലമോ, മലദ്വാരത്തിന്റെ സിരകളില്‍ ഉണ്ടാകുന്ന ചെറിയ ഒരു വീക്കമാണ് മൂലക്കുരു.

പലപ്പോഴും വെപ്രാളത്തോടെയും അസ്വസ്ഥരായും ഒരിടത്തിരിക്കാതെ ദേഷ്യത്തോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നവരെ കാണുമ്പോള്‍ ഇയാള്‍ക്ക് എന്താ മൂലക്കുരുവിന്റെ അസുഖം ഉണ്ടോ എന്ന് പലരും ചോദിക്കാറുള്ള കാര്യമാണ്. എന്നാല്‍ അതില്‍ വാസ്തവമുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

Piles & Remedies | മൂലക്കുരു കാരണം നാലാള്‍ കൂടുന്നിടത്ത് പോകാന്‍ കഴിയുന്നില്ലേ, പലപ്പോഴും പരിഹസിക്കപ്പെടേണ്ടി വന്നിട്ടുണ്ടോ? വിഷമിക്കേണ്ട! കാരണങ്ങളും പരിഹാരങ്ങളും അറിയാം


അത്രയും അസഹനീയവും വേദനാജനകവും ബുദ്ധിമുട്ടും കൂടിയതാണ് മൂലക്കുരു. പലരും പുറത്തുപറയാന്‍ മടിക്കുമെങ്കിലും സ്വന്തമായി സഹിക്കാനോ കടിച്ചുപിടിക്കാനോ പറ്റാതെ വരുമ്പോഴാണ് വൈദ്യസഹായം തേടാറുള്ളത്. മൂലക്കുരു വന്നാല്‍ അത് കുറച്ചൊന്നുമല്ല ആളുകളെ ബുദ്ധിമുട്ടിക്കുന്നത്.

നേരത്തെ കാണിക്കുന്ന ലക്ഷണങ്ങളില്‍ നിന്ന് തന്നെ ഇതിനെ അനായാസം മനസ്സിലാക്കാനും വേണ്ട രീതിയില്‍ ജീവിതശൈലിയിലും ഭക്ഷണ ക്രമീകരണത്തിലും മാറ്റം കൊണ്ടുവരുന്നതിലൂടെയും സങ്കീര്‍ണതയിലോട്ട് പോകാതെ തന്നെ മുക്തി നേടാം. ഹോമിയോപതിക് മെഡിസിന്‍ മൂലക്കുരുവിനും അനുബന്ധ ബുദ്ധിമുട്ടുകള്‍ക്കും വളരെ ഫലപ്രദമായി കാണാറുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ആദ്യലക്ഷണങ്ങളെ ഒരു കാരണവശാലും അവഗണിക്കരുത് എന്നും ഡോക്ടര്‍മാര്‍ പ്രത്യേകം എടുത്തുപറയുന്നു.

ലക്ഷണങ്ങള്‍

മൂലക്കുരു തന്നെ രണ്ടു തരമുണ്ട്. ഒന്ന് രക്തം പൊട്ടി ഒലിക്കുന്നത്. രണ്ട് രക്തം പൊട്ടി ഒലിക്കാതെ ഉണങ്ങി നില്‍ക്കുന്നത്. ആദ്യത്തേതിനു രക്തം പോകുമെങ്കിലും വേദന ഉണ്ടാകില്ല. രണ്ടാമത്തേതിനു വേദന കൂടും. കഞ്ഞിയില്‍ ചെറിയ തോതില്‍ നെയ്യ് ചേര്‍ത്തു കഴിച്ചാല്‍ ചെറിയൊരു ആശ്വാസം കിട്ടും. മലത്തെ പുറത്തേക്കു തള്ളിക്കളയുന്നതിനു സഹായിക്കുന്നത് മലദ്വാരത്തിനു ചുറ്റുമുള്ള മാംസപേശികളാണ്. ഈ പേശികളുടെ ഉള്‍ഭാഗത്ത് രണ്ടിഞ്ചോളം ഉള്ളിലായി മൂന്നു മാംസ പേശികളുണ്ട്.

വാല്‍വ് പോലെയുള്ള ഇവ വികസിക്കുകയും ചുരുങ്ങുകയും ചെയ്താലേ കാര്യം നടക്കൂ. ആദ്യഘട്ടങ്ങളില്‍ ചെറിയ തോതിലാണ് വേദന അനുഭവപ്പെടുക. ഒപ്പം തന്നെ ചെറിയ ചൊറിച്ചിലുമുണ്ടാകാം. മലം പോകുമ്പോള്‍ മാത്രം അല്‍പം രക്തം കാണാം. അതുപോലെ ശുചിമുറിയില്‍ പോകുന്ന സമയത്ത് നീറ്റല്‍, മലം പോകാന്‍ ബുദ്ധിമുട്ട്, മലം അസാധാരണമായി മുറുകുക തുടങ്ങിയ പ്രശ്‌നങ്ങള്‍ കാണാം. പിന്നീട് മലം പോകുമ്പോള്‍ ചെറിയ തടിപ്പ് പോലെ പുറത്തോട്ട് വരികയും മലശോധനയ്ക്കുശേഷം തിരിച്ച് മലദ്വാരത്തിലോട്ട് തന്നെ പോവുകയും ചെയ്യും. കൂടെ രക്തസ്രാവവും വേദനയും കാണും. മലബന്ധവും, ഇരിക്കാനുള്ള ബുദ്ധിമുട്ടും പൊതുവെ മൂലക്കുരവുള്ള എല്ലാവരിലും കാണുന്നതാണ്.

മലത്തിന്റെ കൂടെ പുറത്തോട്ടുവരുന്ന തടിപ്പിനെ തള്ളിയാല്‍ മാത്രം ഉള്ളിലോട്ട് പോകുന്ന രീതിയില്‍ എത്തുമ്പോഴാണ് ഇതിനെ സങ്കീര്‍ണമായ രീതിയില്‍ കണക്കാക്കുന്നത്. ഇതിനും അപ്പുറമുള്ള ഘട്ടമാണ് ഏറ്റവും തീവ്രതയേറിയത്. ഈ അവസ്ഥയില്‍ യഥാസമയം തടിപ്പ് പുറത്തിരിക്കും. കൂടെ വേദനയും അസ്വസ്ഥതയും അമിത രക്തസ്രാവവും ഉണ്ടാകാം. ഇതിനോടനുബന്ധമായി ഉറക്കമില്ലായ്മയും പലരിലും തളര്‍ചയും, വിളര്‍ച പോലുള്ള പ്രശ്‌നങ്ങളും കാണാറുണ്ട്.

കാരണങ്ങള്‍


*ശാരീരിക ജോലി കൂടാതെ കൂടുതല്‍ സമയം ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരിലും അമിതവണ്ണം ഉള്ളവരിലും ഇത് ഒരു വില്ലനായി കാണാറുണ്ട്. ചില സ്ത്രീകളില്‍ ഗര്‍ഭധാരണസമയത്തും പ്രസവത്തിന് ശേഷവും ഇതിന്റെ ബുദ്ധിമുട്ട് കണ്ടുവരുന്നുണ്ട്.

*പാരമ്പര്യവും ഇതില്‍ ഒരു പ്രധാന ഘടകമാണ്. അതായത് വീട്ടില്‍ ആര്‍ക്കെങ്കിലും മൂലക്കുരു ഉണ്ടെങ്കില്‍ അത് മറ്റുള്ളവരില്‍ കാണാനുള്ള സാധ്യത കൂടുതലായിരിക്കും.

*ഡയറ്റ് അഥവവാ ഭക്ഷണത്തിനും ഇതിലൊരു പങ്കുണ്ട്. ഉയര്‍ന്ന അളവില്‍ ഉപ്പടങ്ങിയ ഭക്ഷണങ്ങളോ ഉപ്പോ ഉപയോഗിക്കുന്നവരില്‍ സിരകളിലെ രക്തസമ്മര്‍ദം കൂടുകയും അത് മൂലക്കുരുവിന് കാരണമാകുകയും ചെയ്യാം.

*മദ്യപാനവും ക്രമേണ പൈല്‍സിന് വഴിയൊരുക്കാം. പതിവായി മദ്യപിക്കുന്നവരില്‍ സുഗമമായ ദഹനം നടക്കാതെ വരാം. ഇത് പൈല്‍സിലേക്ക് നയിക്കാം. കോഴിമുട്ട, കോഴിയിറച്ചി, എരിവും പുളിയും അധികമായിട്ടുള്ള ഭക്ഷണപാനീയങ്ങള്‍ എന്നിവ പൈല്‍സിന്റെ തീവ്രതയെ കൂട്ടുന്നു.

*മലദ്വാരത്തിലൂടെ ഉള്ള ലൈംഗികബന്ധവും മൂലക്കുരുവിന്റെ ഒരു കാരണമായി കണക്കാക്കപ്പെടുന്നുണ്ട്. ഈ കാരണങ്ങളെല്ലാം അസുഖം കൊണ്ട് ബുദ്ധിമുട്ടുന്നവരും അല്ലാത്തവരും ഒരുപോലെ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. മുന്നോട്ടുള്ള ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധയും സൂക്ഷ്മതയും കൊണ്ടുവരാന്‍ ഇത് നിങ്ങളെ സഹായിക്കും.

*അതുപോലെ മലവിസര്‍ജനത്തിന് ഒരിക്കലും സമയം താമസിപ്പിക്കരുത്. ഇത് പിടിച്ചുവയ്ക്കുന്നത് വളരെയധികം പ്രയാസങ്ങള്‍ സൃഷ്ടിക്കും. പ്രത്യേകിച്ച് മലബന്ധത്തിലേക്ക് ഇത് നയിക്കാം.

*വളരെയധികം സങ്കീര്‍ണം ആകുന്ന അവസ്ഥയില്‍ മാത്രമേ മൂലക്കുരുവിന് ശസ്ത്രക്രിയ വേണ്ടിവരൂ. അല്ലാത്തപക്ഷം കൃത്യമായ മരുന്നിലൂടെയും നല്ല ആഹാരരീതിയിലൂടെയും വ്യായാമത്തിലൂടെയുമെല്ലാം ഇത് ഒരു പരിധി വരെ നിയന്ത്രിച്ചുകൊണ്ടുപോകാം.

*ചിലര്‍ അമിത വൃത്തിക്കായി മലവിസര്‍ജനത്തിനു ശേഷം ലോഷനോ മറ്റോ കൊണ്ടു മലദ്വാരം വരെ കഴുകും. അതും മൂലക്കുരുവിനു കാരണമാകാറുണ്ട്.

*നന്നായി വെള്ളം കുടിക്കുക. വെണ്ടയ്ക്കയും വഴുതനങ്ങയും പോലുള്ള വഴുവഴുപ്പന്‍ പച്ചക്കറികള്‍ കഴിക്കുക. ഇലക്കറികള്‍ നന്നായി കൂട്ടുക. പച്ചപ്പയര്‍, ചേനത്തണ്ട്, ചേമ്പിന്‍ തണ്ട്, പൈനാപിള്‍ ഒഴികെയുള്ള പഴങ്ങള്‍ എന്നിവ കഴിക്കുക. കൂട്ടത്തില്‍ ചേനയാണ് ഏറ്റവും ഫലപ്രദം. മോരും വളരെ നല്ലതാണ്. ഒപ്പം ചുവന്നുള്ളി അരച്ചു ചേര്‍ത്ത് കുടിക്കുന്നതും (ഒരു ഗ്ലാസ് കട്ടി കുറഞ്ഞ മോരില്‍ അഞ്ചു ചുവന്നുള്ളി രാവിലെ 11 നും ഉച്ചകഴിഞ്ഞ് 3.30 നും കുടിക്കാം.) താരതമ്യേന പരന്ന പാത്രത്തില്‍ ഇളം ചൂടുവെള്ളം ഒഴിച്ചശേഷം അതില്‍ ഇരുന്നാലും മൂലക്കുരു വേദനയ്ക്ക് ആശ്വാസമാകും

സിറ്റ് ബാതും ഐസ് പാകും വെക്കുന്നതിലൂടെ വേദനക്ക് പരിഹാരമാകും

സിറ്റ് ബാതിലൂടെയും ഐസ്പാക് വെക്കുന്നതിലൂടെയും വേദനയ്ക്കും മലദ്വാരത്തിലെ വീക്കത്തിനും പുകച്ചിലിനും ഒരു പരിധി വരെ ശമനം കിട്ടും. മലദ്വാരം മുങ്ങത്തക്ക രീതിയില്‍ ഒരു പാത്രത്തില്‍ ചെറുചൂടുവെള്ളം എടുത്ത് അതില്‍ അല്‍പം കല്ലുപ്പ് ഇട്ടതിനുശേഷം 15 മിനിറ്റ് ഇരിക്കുകയാണ് ചെയ്യേണ്ടത്. ദിവസവും മൂന്ന് തവണയെങ്കിലും ഇത് ചെയ്യാവുന്നതാണ്. ഐസ് പാകിനാണെങ്കില്‍ ചെറിയ ഐസ് ക്യൂബുകള്‍ ഒരു തുണിയില്‍ പൊതിഞ്ഞ് വെക്കാവുന്നതാണ്. അതുപോലെ തന്നെ കറ്റാര്‍വാഴ ജെല്‍ ഒരു തുണിയില്‍ പൊതിഞ്ഞ് വയ്ക്കുകയും ചെയ്യാം. ഈ ജെല്‍ നേരിട്ട് പുരട്ടുകയും ആവാം.

നേരത്തെ കണ്ടെത്തി ചികിത്സിക്കാം, ഹോമിയോപതിയിലൂടെ

രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ ഒരു മടിയും കൂടാതെ വിദഗ്ധരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടുക. അതിനെ നിസാരവത്ക്കരിക്കുകയോ നാണക്കേട് വിചാരിക്കുകയോ ചെയ്യരുത്. രക്ത പരിശോധനയിലൂടെയും, സിഗ്മോയിഡോസ്‌കോപി, കൊളണോസ്‌കോപ്പി എന്നീ എന്നീ പരിശോധനകളിലൂടെയും മൂലക്കുരുവിനെ കണ്ടെത്താം.

ഹോമിയോപതിക് മെഡിസിനിലൂടെ ശസ്ത്രക്രിയ കൂടാതെ തന്നെ ഒരു പരിധി വരെ മാറ്റിയെടുക്കാവുന്നതാണ്. ഹോമിയോപതി മെഡിസിന്‍ തികച്ചും വ്യക്തിനിഷ്ടമാണ്. മൂലക്കുരു ഓരോ വ്യക്തിയിലും പല രീതിയിലും ഭാവത്തിലും ആയിരിക്കും പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടുതന്നെ ഹോമിയോപതിക് മെഡിസിന്‍ തിരഞ്ഞെടുക്കുന്നതും ഓരോ വ്യക്തിയുടെയും സ്വഭാവഗുണങ്ങളും അവര്‍ അനുഭവിക്കുന്ന വ്യത്യസ്തമായ ബുദ്ധിമുട്ടുകള്‍ കണക്കിലാക്കിയും അവരുടെ മാനസികവും ശാരീരികവും ആയിട്ടുള്ള എല്ലാ അസ്വസ്ഥതകളും പരിഗണിച്ചുമായിരിക്കും. ഹോമിയോപതി ടാബ്ലറ്റുകള്‍ക്ക് പുറമെ ഹോമിയോപതി മദര്‍ ടിന്‍ജറുകളും പൈല്‍സിന് വളരെ ഫലപ്രദമാണ്.

Keywords: Piles: Symptoms, causes, and treatments, Kochi, News, Piles, Symptoms, Health, Health Tips, Treatments, Doctors, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia