Petition | 'മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു'; തൃശൂര്‍ ലോക് സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് കാട്ടി ഹര്‍ജി; സുരേഷ് ഗോപിക്ക് ഹൈകോടതിയുടെ നോട്ടീസ്
● കോടതിയെ സമീപിച്ചത് എഐവൈഎഫ് നേതാവ് എസ് എസ് ബിനോയി
● ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപണം
● ശ്രീരാമ ഭഗവാന്റെ പേരില്‍ വോട്ടുചോദിച്ചു
● സുഹൃത്തുവഴി പെന്‍ഷന്‍ വാഗ്ദാനം ചെയ്തു
കൊച്ചി: (KVARTHA) തൃശൂര്‍ ലോക് സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച് ഹൈകോടതി. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. സിപിഐയുടെ യുവജന സംഘടന എഐവൈഎഫ് നേതാവ് എസ് എസ് ബിനോയിയാണ് ഹര്‍ജിയുമായി ഹൈകോടതിയെ സമീപിച്ചത്.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സുരേഷ് ഗോപിക്ക് നോട്ടീസ് അയക്കുകയായിരുന്നു. സുരേഷ് ഗോപിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. സുരേഷ് ഗോപി ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് ഹര്‍ജി.
ശ്രീരാമ ഭഗവാന്റെ പേരില്‍ സുരേഷ് ഗോപിക്കുവേണ്ടി ബിജെപി ദേശീയ ഉപാധ്യക്ഷനായ എപി അബ്ദുല്ലകുട്ടി വോട്ടുചോദിച്ചു, മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു, സുഹൃത്തുവഴി സുരേഷ് ഗോപി പെന്‍ഷന്‍ വാഗ്ദാനം ചെയ്തു എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.
രാജ്യസഭാ എംപിയെന്ന നിലയില്‍ ലഭിക്കുന്ന പെന്‍ഷന്‍ തുകയില്‍ നിന്ന് ചിലര്‍ക്ക് പണം കൈമാറിയെന്നും ഹര്‍ജിയില്‍ പറയുന്നു. സാമൂഹികമാധ്യമ പോസ്റ്റുകളും ദൃശ്യങ്ങളും ഉള്‍പ്പെടെയുള്ള രേഖകള്‍ ഹര്‍ജിയുടെ ഭാഗമായി സമര്‍പ്പിച്ചു.
#Thrissur #SureshGopi #HighCourt #Election #BJP #Kerala