അവശ്യസാധനങ്ങളില്ലെന്നും മതിയായ ചികിത്സയില്ലെന്നും ; പൂന്തുറക്കാര്‍ പ്രതിഷേധവുമായി തെരുവില്‍, പിന്നാലെ രാഷ്ട്രീയപ്പോരും

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 10.07.2020) പൂന്തുറയില്‍ സ്ഥിതി അതീവഗുരുതരമായി തുടരുമ്പോള്‍ അവശ്യവസ്തുക്കളും മറ്റും ലഭിക്കുന്നില്ലെന്ന് പറഞ്ഞ് നാട്ടുകാര്‍ തെരുവിലിറങ്ങി. ആശാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ തടഞ്ഞു. ആപത്ത് ക്ഷണിച്ച് വരുത്തരുതെന്ന് ആശാവര്‍ക്കര്‍മാരും പിന്നീട് വീഡിയോ സന്ദേശത്തിലൂടെ ആരോഗ്യമന്ത്രിയും അപേക്ഷിച്ചിട്ടും പ്രതിഷേധം തണുത്തില്ല. കാരക്കോണം മെഡിക്കല്‍ കോളജിലടക്കം ചികിത്സയില്‍ കഴിയുന്ന ബന്ധുക്കള്‍ക്ക് മതിയായ  ചികിത്സ ലഭിക്കുന്നില്ലെന്നും തെരുവിലിറങ്ങിയ നൂറോളം പേര്‍ ആരോപിച്ചു. പ്രദേശത്ത് കടകള്‍ അടക്കം അഞ്ച് മണി വരെ പ്രവര്‍ത്തിക്കുന്നുണ്ട്. മൊബൈല്‍ എ.ടി.എം, കണ്‍സ്യൂമര്‍ഫെഡിന്റെ മൊബൈല്‍ വാന്‍ എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിട്ടും പ്രതിഷേധം സംഘടിപ്പിച്ചത് പ്രതിപക്ഷ കക്ഷികളുടെ ഉള്‍പ്പെടെ ബോധപൂര്‍വമായ ശ്രമമാണെന്ന സൂചന ലഭിച്ചിട്ടുണ്ട്. 

അവശ്യസാധനങ്ങളില്ലെന്നും മതിയായ ചികിത്സയില്ലെന്നും ; പൂന്തുറക്കാര്‍ പ്രതിഷേധവുമായി തെരുവില്‍, പിന്നാലെ രാഷ്ട്രീയപ്പോരും


പ്രതിഷേധം ഭരണകക്ഷിയും പ്രതിപക്ഷവും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്ന കാഴ്ചയാണ് ഉച്ചതിരിഞ്ഞ് തലസ്ഥാനത്ത് കണ്ടത്. 
പൂന്തുറയിലെ സംഘര്‍ഷത്തിന് പിന്നില്‍ വി.എസ് ശിവകുമാറും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കന്മാരും നടത്തുന്ന കള്ള പ്രചാരവേലയാണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു. പൂന്തുറയിലെ കോവിഡ് രോഗികളുടെ എണ്ണം മന:പ്പൂര്‍വ്വം പെരുപ്പിച്ചു കാണിക്കുന്നു എന്നാണ് വി.എസ് ശിവകുമാറിന്റെ വാദം. ആളുകള്‍ ഏറ്റവും കൂടുതല്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാന്‍ വേണ്ടി ബോധപൂര്‍വം നടത്തുന്ന നീക്കമാണിതെന്ന് സി.പി.എം ആരോപിക്കുന്നു. 

സോഷ്യല്‍ മീഡിയ വഴി യാതൊരു അടിസ്ഥാനവുമില്ലാത്ത കള്ള പ്രചരണം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു. ഇതിലൂടെ  ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  ജീവന്‍ വെടിഞ്ഞും പ്രവര്‍ത്തിക്കാന്‍ പൂന്തുറയില്‍ എത്തിയ ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെയും, പോലീസിനെയും തടഞ്ഞവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആശാ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഇതോടെ പ്രതിരോധപ്രവര്‍ത്തനം രാഷ്ട്രീയ പോരിനായി വഴിതുറന്നു. പ്രദേശത്തെ എം.എല്‍.എ എന്ന നിലയില്‍ കൂടുതല്‍ മെച്ചപ്പെട്ട ചികിത്സാസൗകര്യവും കൂടുതല്‍ പരിശോധനയും വേണമെന്ന് താന്‍ ആവശ്യപ്പെട്ടത് സി.പി.എം നേതാക്കളെ ചൊടിപ്പിച്ചെന്നാണ് വി.എസ് ശിവകുമാര്‍ പറയുന്നത്. 

സ്ഥിതിഗതികള്‍ വഷളാകുന്നത് കണ്ടാണ് തലസ്ഥാനത്തെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയത്. അത് മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും  പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യാതിരുന്നാല്‍ താമസിക്കാതെ എല്ലാം പഴയനിലയിലാകുമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ തങ്ങളെ പോലും വേട്ടയാടുന്ന നിലപാട് ആപത്ത് ക്ഷണിച്ചുവരുത്തുന്നതാണെന്നും ഇവര്‍ പറയുന്നു. ആശുപത്രികളില്‍ ചില പോരായ്മകള്‍ തുടക്കത്തിലുണ്ടായിരുന്നു. അവ പരിഹരിച്ച് വരുകയാണ്. അത് പെരുപ്പിച്ച് ജനങ്ങളെ തെരുവിലിറക്കുന്നത് പൂന്തുറയെ ശവപ്പറമ്പാക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കുമെന്ന് ജില്ലാ ഭരണകൂടത്തിലെ ഒരു ഉന്നതന്‍ പറഞ്ഞു.  


Keywords: Peoples protest in Poonthura a major challenge for health workers, Protest in Poonthura, Health workers, CPM, V.S Shivakumar, Tripple lockdown, Treatment, Consumerfed, Police, Trivandrum, CM
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
KVARTHA Special Desk
KVARTHA Special Desk

154168 Articles

Tags

Share this story

wellfitindia