Deadline | പെൻഷൻ വാങ്ങുന്നവരാണോ? മസ്റ്ററിങ് നിർബന്ധം! അവസാന തീയതി അടുത്തു; എങ്ങനെ ചെയ്യാം, രേഖകൾ എന്തെല്ലാം വേണം, അറിയേണ്ടതെല്ലാം
2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ചവർ മസ്റ്ററിങ് നടത്തണം
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് സാമൂഹികസുരക്ഷ- ക്ഷേമനിധി പെൻഷൻ ലഭിച്ച ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് സർക്കാർ നിർദേശമുണ്ട്. ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് മുന്നിലുള്ളത്. നിശ്ചിത സമയപരിധിക്കുള്ളിൽ മസ്റ്ററിങ് പൂർത്തിയാക്കിയവർക്ക് മാത്രമേ തുടർന്നും പെൻഷൻ ലഭിക്കൂ.
എന്താണ് മസ്റ്ററിംഗ്?
പെൻഷൻ ലഭിക്കുന്നവർ ജീവിച്ചിരിപ്പുണ്ടെന്നും പെൻഷൻ ലഭിക്കാൻ അർഹരാണെന്നും സർക്കാരിന് ബോധ്യപ്പെടുത്തുന്നതിനുള്ള ഒരു നടപടിക്രമമാണ് മസ്റ്ററിംഗ്. ഇത് ഒരു തരത്തിലുള്ള തിരിച്ചറിയൽ പ്രക്രിയയാണ്. മരിച്ചവർക്ക് പെൻഷൻ അനധികൃതമായി ലഭിക്കുന്നത് തടയാൻ, പെൻഷൻ വിതരണം സുതാര്യമായി നടത്താൻ, പെൻഷൻ ഗുണഭോക്താക്കളുടെ വിവരങ്ങൾ കൃത്യമായി സൂക്ഷിക്കാൻ, അർഹരായ എല്ലാവർക്കും പെൻഷൻ ലഭിക്കുന്നു എന്ന് ഉറപ്പാക്കാൻ മസ്റ്ററിങ് സഹായിക്കുന്നു.
ആരെല്ലാമാണ് മസ്റ്ററിംഗ് നടത്തേണ്ടത്?
2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ചവർ ഓഗസ്റ്റ് 24ന് മുൻപ് മസ്റ്ററിങ് നടത്തണം. കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മുഖേനെ നല്‍കുന്ന സാമൂഹ്യസുരക്ഷാ പെന്‍ഷനുകളായ വാര്‍ധക്യകാല പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, 50 വയസിന് മുകളിലുള്ള അവിവാഹിത പെന്‍ഷന്‍ എന്നിവ വാങ്ങുന്നവരും, കൂടാതെ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവരും മസ്റ്ററിംഗ് നടത്തേണ്ടതാണ്.
എങ്ങനെയാണ് മസ്റ്ററിംഗ് ചെയ്യേണ്ടത്?
മസ്റ്ററിംഗ് ചെയ്യുന്നതിനായി ഏതെങ്കിലും അക്ഷയ കേന്ദ്രത്തില്‍ നേരിട്ട് പോയി ആധാറില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിരലടയാളം വഴിയോ, കണ്ണ് (ഐറിസ്) ഉപയോഗിച്ചോ മസ്റ്ററിംഗ് ചെയ്യാവുന്നതാണ്. കേരളത്തിലെ ഏത് അക്ഷയ കേന്ദ്രത്തിലും നിങ്ങൾക്ക് മസ്റ്ററിങ് നടത്താം.
എന്തെല്ലാം രേഖകളാണ് ആവശ്യം?
ആധാർ കാർഡ് നിർബന്ധമായും കൊണ്ടുവരണം. പെൻഷൻ ഐഡി ഉണ്ടെങ്കിൽ അത് കൂടി കൊണ്ടുവന്നാൽ നടപടിക്രമങ്ങൾ വേഗത്തിലാകും. പെന്‍ഷന്‍ ഐ ഡി സേവന പെന്‍ഷന്‍ വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്നതാണ് https://welfarepension(dot)lsgkerala(dot)gov(dot)in/DBTPensionersSearch.aspx
എത്ര തുക നൽകണം?
മസ്റ്ററിങ്ങിന് അക്ഷയ കേന്ദ്രത്തിൽ സർവീസ് ചാർജ് നൽകേണ്ടി വരും. 30 രൂപയാണ് നൽകേണ്ടത്. ക്ഷേമപെൻഷനും ക്ഷേമനിധി പെൻഷനും വാങ്ങുന്നവർ രണ്ട് മസ്റ്ററിങ് നടത്തണം. ഇതിന് 60 രൂപയാണ് നിരക്ക്.
#Kerala #pension #biometricverification #deadline #AkshayaKendra #socialsecurity