Pension Age | പെൻഷൻ പ്രായം ഉയർത്തുന്നത് തള്ളി; സർക്കാർ ജീവനക്കാരുടെ സേവന നിയമങ്ങളിൽ വ്യാപകമായ മാറ്റങ്ങൾ

 
 
pension age raised rejected widespread changes in governmen
pension age raised rejected widespread changes in governmen

Representational image generated by Meta AI

● കെ എസ് ആർ, കെഎസ് & എസ്എസ്ആർ, പെരുമാറ്റ ചട്ടങ്ങൾ എന്നിവ സംയോജിപ്പിച്ച് കേരള സിവില്‍ സര്‍വീസ് കോഡ് രൂപീകരിക്കും. 
● സെക്രട്ടറിയേറ്റിലെ ലിങ്ക് ഓഫീസ് സംവിധാനം എല്ലാ ഓഫീസിലും ഏര്‍പ്പെടുത്തും. 

തിരുവനന്തപുരം: (KVARTHA) സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കുന്ന നിർദേശം മന്ത്രിസഭായോഗം തള്ളി. നാലാം ഭരണപരിഷ്ക്കാര കമ്മീഷന്‍റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ ശുപാര്‍ശകള്‍ ഭേദഗതികളോടെ മന്ത്രിസഭായോഗം അംഗീകരിച്ചു. സർക്കാർ സേവനത്തിൽ നിരവധി മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന ഈ തീരുമാന പ്രകാരം, കേരള സിവിൽ സർവീസ് കോഡ് രൂപീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. 

കെ എസ് ആർ, കെഎസ് & എസ്എസ്ആർ, പെരുമാറ്റ ചട്ടങ്ങൾ എന്നിവ സംയോജിപ്പിച്ച് കേരള സിവില്‍ സര്‍വീസ് കോഡ് രൂപീകരിക്കും. ഇതിനായി ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പിനെ ചുമതലപ്പെടുത്തി. സബോഡിനേറ്റ് സര്‍വീസിലും സ്റ്റേറ്റ് സര്‍വീസിലും പ്രൊബേഷന്‍  ഒരു തവണ മാത്രമാകും. എല്ലാ വകുപ്പുകളും രണ്ട് വര്‍ഷത്തിനകം വിശേഷാല്‍ ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കും. 

പ്രത്യേക ലക്ഷ്യത്തോടുകൂടി സൃഷ്ടിക്കപ്പെടുന്ന തസ്തികകള്‍ ലക്ഷ്യം പൂര്‍ത്തിയായാല്‍ അവസാനിപ്പിക്കും. പ്രസ്തുത വകുപ്പിലെ ജീവനക്കാരെ ആവശ്യമായ മറ്റ് വകുപ്പുകളിലേക്ക് പുനര്‍വിന്യസിക്കും. സ്ഥലം മാറ്റം സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിനായി സര്‍വീസ് സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി സംയുക്ത സമിതി രൂപീകരിക്കും. 

ഏതെങ്കിലും തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ പ്രത്യേകമായ പരിജ്ഞാനം (Skill) ആവശ്യമാണെങ്കില്‍ അത് ആര്‍ജിക്കാന്‍ അര്‍ഹതാപരീക്ഷ നടത്തുന്നതിനുള്ള ശുപാര്‍ശ തത്വത്തില്‍ അംഗീകരിച്ചു. നിയമനാധികാരികള്‍ എല്ലാ വര്‍ഷവും ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകള്‍ റദ്ദു ചെയ്യാന്‍ പാടില്ല. തസ്തികകള്‍ ഒഴിവു വരുന്ന ദിവസം പ്രധാനമായി പരിഗണിക്കണം. റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളില്‍ എംപ്ലോയ്മെന്‍റ് നിയമനം പാടില്ല. ഓരോ തസ്തികകളിലെയും ഒഴിവുകള്‍ സ്പാര്‍ക്ക് മുഖേന ലഭ്യമാക്കേണ്ടതാണ്. പെന്‍ഷന്‍ പറ്റുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ലഘൂകരിക്കും. 

സെക്രട്ടറിയേറ്റിലെ ലിങ്ക് ഓഫീസ് സംവിധാനം എല്ലാ ഓഫീസിലും ഏര്‍പ്പെടുത്തും. ബൈ ട്രാന്‍സ്ഫര്‍ മുഖേനയുള്ള എല്ലാ നിയമനങ്ങളും പി എസ് സി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കണം. പ്രസ്തുത റാങ്ക് ലിസ്റ്റിന്‍റെ കാലാവധി, തസ്തികയിലേക്കുള്ള മുഖ്യ ലിസ്റ്റിന്‍റെ കാലാവധി കഴിയുമ്പോള്‍ അവസാനിക്കണം. 

ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകളില്‍ നിയമനം വേഗത്തിലാക്കാന്‍ അംഗപരിമിതര്‍ക്കനുസൃതമായി അനുയോജ്യമായ തസ്തികകളെയും യോഗ്യതകളെയും സംബന്ധിച്ച് വ്യക്തത വരുത്തണം.  എല്ലാ ജീവനക്കാര്‍ക്കും വാര്‍ഷിക ആരോഗ്യ പരിശോധന ഏര്‍പ്പെടുത്തും. വിരമിക്കുന്നതിന് ഒരു മാസം മുമ്പ് ജീവനക്കാരന്‍റെ പേരിലുള്ള അച്ചടക്ക നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

#KeralaReforms, #PensionAge, #GovernmentServices, #PublicService, #CivilServiceCode, #EmploymentPolicy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia