പിഡിപി വെള്ളാപ്പള്ളിയെ പിന്തുണച്ചത് മഅ്ദനി അറിഞ്ഞില്ല; പൂന്തുറ സിറാജിനെതിരെ പൊട്ടിത്തെറിച്ച് അണികള്‍

 


തിരുവനന്തപുരം: (www.kvartha.com 09.10.2015) എസ്എന്‍ഡിപി യോഗം രൂപീകരിക്കാനുദ്ദേശിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് പിന്തുണ നല്‍കുമെന്ന പിഡിപി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജിന്റെ പ്രഖ്യാപനം ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി അറിയാതെ. ബിജെപിയുമായി ചേര്‍ന്നുപോകാനാണ് വെള്ളാപ്പള്ളിയുടെ നീക്കമെന്നു വ്യക്തമായിരിക്കെ മഅ്ദനിയുമായി ആലോചിക്കാതെ സിറാജ് നടത്തിയ പ്രസ്താവനയെച്ചൊല്ലി പിഡിപിയില്‍ ഭിന്നതയും രൂപപ്പെട്ടു.

ഒരു വിഭാഗം പ്രവര്‍ത്തകരും നേതാക്കളും സിറാജിനെതിരെ മഅ്ദനിക്ക് പരാതി കൊടുക്കുന്നതിന് ബംഗളൂരുവിലേക്കു പോകാനുള്ള തീരുമാനത്തിലാണ്. ബംഗളൂരു സ്‌ഫോടനക്കേസില്‍ ജാമ്യം ലഭിച്ചെങ്കിലും ബംഗളൂരു വിട്ടുപോകരുതെന്ന ഉപാധിയുള്ളതിനാല്‍ മഅ്ദനി അവിടെ തുടരുകയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി പ്രചരണം നടത്താനും രോഗികളായ മാതാപിതാക്കളെ വീണ്ടും കാണാനും കേരളത്തിലേക്കു പോകുന്നതിന് വീണ്ടും കോടതിയുടെ അനുമതി തേടിയിരിക്കുകയാണ് അദ്ദേഹം.

അതിനിടയിലാണ് മഅ്ദനിയെയും ഞെട്ടിച്ചുകൊണ്ട് പൂന്തുറ സിറാജ് വെള്ളാപ്പള്ളിക്ക് അനുകൂലമായി രംഗത്തുവന്നത്. വെള്ളാപ്പള്ളി രൂപീകരിക്കുന്ന പാര്‍ട്ടി ഫാസിസ്റ്റ് വിരുദ്ധ നിലപാടെടുക്കുമെങ്കില്‍ ഞങ്ങളും കൂടെയുണ്ടാകുമെന്നൊരു ഉപാധി വച്ചാണ് സിറാജ് സംസാരിച്ചത്. എന്നാല്‍ ബിജെപിയുടെ നിര്‍ദേശപ്രകാരമാണ് വെള്ളാപ്പള്ളി പാര്‍ട്ടി രൂപീകരിക്കുന്നതെന്ന് രാഷ്ട്രീയ ബോധമുള്ള ആര്‍ക്കും മനസ്സിലാകുമെന്നിരിക്കെ ഈ ഉപാധി പരിഹാസ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിറാജിനെതിരെ പിഡിപിക്കാര്‍ രംഗത്തുവന്നിരിക്കുന്നത്.

കേരളത്തിലേക്കു വരാന്‍ സുപ്രീംകോടതി അനുവദിച്ചാല്‍ വലിയ സമ്മേളനം നടത്തി
പിഡിപിയുടെ രാഷ്ട്രീയ നയം പ്രഖ്യാപിക്കാമെന്നായിരുന്നു മഅ്ദനി കണക്കുകൂട്ടിയിരുന്നതത്രേ. അത് പാര്‍ട്ടിയുടെ തിരിച്ചുവരവാകുമെന്നും അദ്ദേഹം കണക്കുകൂട്ടിയിരുന്നു. എസ്എന്‍ഡിപി യോഗം പുതിയ പാര്‍ട്ടിയുണ്ടാക്കുകയും സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ഒരുപോലെ പ്രതിസ്ഥാനത്തു നിര്‍ത്തി വിചാരണ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പിഡിപി പോലെ പിന്നാക്ക, ന്യൂനപക്ഷ, ദളിത് ഐക്യത്തിനു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിക്ക് വലിയ പ്രസക്തിയുണ്ടെന്നാണ് മഅ്ദനിയുടെ വിലയിരുത്തല്‍.

എന്നാല്‍ പിഡിപിയുടെ പേരില്‍ എസ്എന്‍ഡിപിയുടെ പാര്‍ട്ടിയെ പിന്തുണച്ചു പ്രസ്്താവന വന്നതിനു പിന്നില്‍ ആരുടെ പ്രേരണയാണെന്ന സംശയവും പിഡിപിയില്‍ ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. പിഡിപിയുടെ പ്രസ്താവന ഉപയോഗിച്ച് മുസ്്‌ലിം സമുദായത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുമെന്നാണ് സിറാജിന്റെ പ്രഖ്യാപനത്തെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്ന ഒരു കാര്യം.

പിഡിപി വെള്ളാപ്പള്ളിയെ പിന്തുണച്ചത് മഅ്ദനി അറിഞ്ഞില്ല; പൂന്തുറ സിറാജിനെതിരെ പൊട്ടിത്തെറിച്ച് അണികള്‍


Also Read:
ലോറി കയറി പിഞ്ചുകുഞ്ഞ് ദാരുണമായി മരിച്ചു; ഡ്രൈവര്‍ ഒളിവില്‍

Keywords:  PDP support for SNDP's new party, without Maudani's concent, Thiruvananthapuram, BJP, Vellapally Natesan, Bangalore, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia