Secularism | സംഘ പരിവാര്‍ മതേതരത്വത്തെ അട്ടിമറിക്കുന്നുവെന്ന് പി സി ചാക്കോ

 


കണ്ണൂര്‍: (www.kvartha.com) ബഹുസ്വരതയും ജനാധിപത്യവും ഇന്‍ഡ്യയില്‍ നിലനില്‍ക്കുമോ എന്ന ആശങ്കയാണ് സംഘപരിവാര്‍ നേതൃത്വത്തിലുള്ള ഭരണകൂടം ഇന്‍ഡ്യ ഭരിക്കുമ്പോള്‍ ജനങ്ങള്‍ പങ്കുവയ്ക്കുന്നതെന്ന് എന്‍ സി പി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ പറഞ്ഞു. എന്‍ സി പി കണ്ണൂര്‍ ജില്ലാ ഏകദിന ശില്‍പശാല കണ്ണൂര്‍ ചേംബര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഹുസ്വരതയാണ് ഇന്‍ഡ്യന്‍ സംസ്‌കാരത്തിന്റെ അടിസ്ഥാനം. മതേതര സമൂഹത്തെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് സംഘപരിവാറിന്റെ ഭാഗത്തുനിന്നും നടന്നു വരുന്നത്. എല്ലാ വിശ്വാസങ്ങളെയും ആചാരങ്ങളെയും മതങ്ങളെയും അംഗീകരിക്കുന്ന ഒരു രാജ്യമാണ് മതേതര ഇന്‍ഡ്യ. എന്നാല്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ ഇതിനെ അട്ടിമറിക്കാന്‍ ആണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

Secularism | സംഘ പരിവാര്‍ മതേതരത്വത്തെ അട്ടിമറിക്കുന്നുവെന്ന് പി സി ചാക്കോ

അത് നിലനിര്‍ത്താന്‍ ശക്തമായ പോരാട്ടം അനിവാര്യമാണ്. ഈ പോരാട്ടത്തിനാണ് എന്‍ സി പി ദേശീയതലത്തില്‍ നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മോദിയെ ഭരണത്തില്‍ എത്തിച്ചതിന് പിന്നില്‍ രാഹുല്‍ ഗാന്ധി നയിച്ച കോണ്‍ഗ്രസിനും വലിയ പങ്കുണ്ട്. കോണ്‍ഗ്രസിന്റെ സ്വാധീനം നഷ്ടമായ ഉത്തര്‍പ്രദേശിലും ബീഹാറിലും മറ്റു വടക്കേ ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളിലും എല്ലാം സ്വന്തം ശക്തി തെളിയിക്കണമെന്ന ദുഷ് ചിന്തയോട് കൂടി ഒറ്റയ്ക്ക് മത്സരിക്കുകയും ബിജെപി വിരുദ്ധ വോടുകള്‍ ഭിന്നിപ്പിക്കുകയും ചെയ്തത് കൊണ്ടാണ് ബിജെപിക്ക് ഭരണം നേടാന്‍ സാധിച്ചത്.

ഒറ്റക്ക് ഭരിക്കാമെന്ന കോണ്‍ഗ്രസിന്റെ വ്യാമോഹം ഇനിയെങ്കിലും അവസാനിപ്പിച്ചേ പറ്റൂ. മതനിരപേക്ഷത മുറുകെ പിടിക്കുന്ന പ്രതിപക്ഷ കക്ഷികളെ യോജിപ്പിച്ചുകൊണ്ട് ഒരു ബിജെപി വിരുദ്ധ കൂട്ടായ്മ സൃഷ്ടിക്കുകയാണ് എന്‍ സി പി യുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് കെ സുരേശന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വനം - വന്യജീവി വകുപ്പുമന്ത്രി എ കെ ശശീന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. നിയമസഭ കക്ഷി നേതാവ് തോമസ് കെ തോമസ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന ജെനറല്‍ സെക്രടറിമാരായ ടി എന്‍ ശിവശങ്കരന്‍, എം പി മുരളി എന്നിവര്‍ സംസാരിച്ചു. ജില്ലാ ജെനറല്‍ സെക്രടറി പി കുഞ്ഞിക്കണ്ണന്‍ സ്വാഗതവും കെ പി ശിവ പ്രസാദ് നന്ദിയും പറഞ്ഞു. സമാപന സമ്മേളനം എന്‍ സി പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ പി എം സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ജെനറല്‍ സെക്രടറി പി കെ രവീന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന സെക്രടറി ഒ രാജന്‍ മാസ്റ്റര്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ എ ഗംഗാധരന്‍, വി വി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, എം ജെ ഉമ്മന്‍, നാഷണലിസ്റ്റ് യൂത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രദീപന്‍ തൈക്കണ്ടി, സംസ്ഥാന ജെനറല്‍ സെക്രടറി പി സി സനൂപ്, നാഷണലിസ്റ്റ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി ശിവദാസ്, നാഷണലിസ്റ്റ് മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ പ്രസന്ന, നാഷണലിസ്റ്റ് കിസാന്‍ സഭ ജില്ലാ പ്രസിഡന്റ് ശ്രീനിവാസന്‍ മാറോളി, ശശിധരന്‍ നമ്പ്യാര്‍, കെ കെ രജിത് തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: PC Chacko says Sangh Parivar is subverting secularism, Kannur, News, Politics, NCP, Inauguration, BJP, Congress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia