കർക്കിടകപ്പെരുമഴ കലിതുള്ളി: പയ്യന്നൂരിൽ കനത്ത നാശനഷ്ടം!

 
Damaged house in Payyanur due to heavy monsoon rains
Damaged house in Payyanur due to heavy monsoon rains

Photo: Special Arrangement

  • ഏഴോം വില്ലേജിൽ മേൽക്കൂരകൾ തകരുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു.

  • എരമം വില്ലേജിൽ നാല് വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.

  • കാങ്കോൽ, പെരിങ്ങോം, രാമന്തളി വില്ലേജുകളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.

  • കുഞ്ഞിമംഗലത്ത് ഓടുമേഞ്ഞ വീടിന് ഭാഗികമായി കേടുപാടുകൾ ഉണ്ടായി.

പയ്യന്നൂർ: (KVARTHA) അതിശക്തമായ കാറ്റിലും മഴയിലും പയ്യന്നൂർ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ വൻ നാശനഷ്ടങ്ങളുണ്ടായി. പെരളം വില്ലേജിലെ പാവൂരിലുള്ള ജാനകിയുടെ വീടിന് മുന്നിലെ കിണർ ഇടിഞ്ഞുതാണു. 

ഇതേ വില്ലേജിലെ സി. ഗോപാലന്റെ വീടിനടുത്തുള്ള കിണറും സമാനമായി തകർന്നു. ഏഴോം വില്ലേജിലെ എരിപുരം ചെങ്ങൽ ദേശത്ത് പട്ടേരി ദേവിയുടെ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നെങ്കിലും ആളപായമില്ല. കുടുംബത്തോട് മാറിത്താമസിക്കാൻ റവന്യൂ അധികൃതർ നിർദേശം നൽകി.

പെരളം വില്ലേജിലെ പുന്നക്കോടൻ ജാനകിയുടെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണതിനെ തുടർന്ന് നാശനഷ്ടങ്ങളുണ്ടായി. ഭാഗ്യവശാൽ ആളപായം ഉണ്ടായില്ല. കണിയാംകുന്ന് ദാമോദരൻ അടിയോടിയുടെ വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു. 

എരമം വില്ലേജിലെ ഉള്ളൂരിൽ എൻ.പി. രാധാമണി, എൻ.പി. ഹരീന്ദ്രൻ, പി.പി. ശ്യാമള, പി.ടി. മനോഹരൻ എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു. കാങ്കോൽ വില്ലേജിലെ വടശ്ശേരിയിൽ കപ്പണക്കാൽ പ്രേമയുടെ വീടിന് മുകളിൽ കവുങ്ങ് കടപുഴകി വീണ് കേടുപാടുകൾ സംഭവിച്ചു.

Damaged house in Payyanur due to heavy monsoon rains

ഏഴോം വില്ലേജിൽ രാഘവൻ, ഗോവിന്ദൻ, ലീല എന്നിവരുടെ വീടിനോട് ചേർന്നുള്ള കുന്ന് ഇടിഞ്ഞതിനെത്തുടർന്ന് മരങ്ങൾ കടപുഴകി വീഴുകയും, രാഘവന്റെ വീടിനോട് ചേർന്നുള്ള തൊഴുത്ത് ഭാഗികമായി തകരുകയും ചെയ്തു. പെരിങ്ങോം വില്ലേജിലെ കെ.പി. നഗറിൽ കെ.വി. വിജയന്റെ വീട്ടുമതിലിന്റെ ഒരു ഭാഗം തകർന്നു. 

രാമന്തളി വില്ലേജിലെ കരമുട്ടത്ത് കെ.വി. കൗസല്യയുടെ വീടിനടുത്ത് കുന്ന് ഇടിഞ്ഞതിനെ തുടർന്ന് വീട്ടുകാരോട് ബന്ധുവീട്ടിലേക്ക് മാറാൻ നിർദേശിച്ചു. കുഞ്ഞിമംഗലം പാണച്ചിറമ്മൽ ഉളിയൻ കൃഷ്ണന്റെ ഓടുമേഞ്ഞ വീട് വ്യാഴാഴ്ച പുലർച്ചെ പെയ്ത ശക്തമായ മഴയിൽ ഭാഗികമായി തകർന്നു.

കണ്ണപുരത്തും വ്യാപകനാശം

മരം കടപുഴകി വീണ് കണ്ണപുരത്ത് വീട് തകർന്നു. ചെറുകുന്ന് ഗവ. ഗേൾസ് ഹൈസ്കൂളിന് സമീപം കിഴക്കേ വളപ്പിൽ ഉഷയുടെ ഓടുമേഞ്ഞ വീടാണ് ഭാഗികമായി തകർന്നത്. സമീപത്തെ മാവ് കടപുഴകി മേൽക്കൂരയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. 

ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. മേൽക്കൂര പൂർണമായും തകരുകയും ചുമരുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ആളപായമില്ലാത്തതിനാൽ കുടുംബത്തെ സമീപത്തെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഗ്രാമപഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബവുമായും പങ്കുവെച്ച് വിവരങ്ങൾ കൈമാറൂ.

Article Summary: Heavy monsoon rains caused widespread damage in Payyanur, destroying homes and wells.

#PayyanurRains #KeralaFloods #MonsoonDamage #HeavyRain #HouseDamage #KannurNews

 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia