Payyannur CPM controversy | പയ്യന്നൂർ സിപിഎമിലെ വിവാദം: ഇടഞ്ഞുനിൽക്കുന്നവരെ അനുനയിപ്പിക്കാൻ പി ജയരാജൻ ഇറങ്ങുന്നു

 

കണ്ണുർ: (www.kvartha.com) പാർടി തുക വെട്ടിപ്പ് നടത്തിയെന്ന വിവാദത്തിൽ നേതൃത്വം പരാതിക്കാരനെതിരെ നടപടി സ്വീകരിച്ചതിനെ തുടർന്ന് അണികളിൽ പ്രതിഷേധത്തിന്റെ അഗ്നിപർവതം പുകഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്ഥിതി ശാന്തമാക്കാൻ പി ജയരാജൻ ഇറങ്ങുന്നു. കണ്ണൂർ ജില്ലയിലെ മറ്റുനേതാക്കൾക്കെതിരെ കടുത്ത പ്രതിഷേധമുയരുന്ന സാഹചര്യത്തിൽ പാർടി ജില്ലാ നേതൃത്വം പി ജയരാജനെ സ്ഥിതിഗതികൾ ശാന്തമാക്കാൻ നിയോഗിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാനെത്തിയ ജില്ലാ സെക്രടറിയേറ്റംഗം എ .പ്രകാശനെ പ്രാദേശിക നേതാക്കളും പ്രവർത്തകരും വളഞ്ഞിട്ട് ചോദ്യം ചെയ്യുകയും തടയുകയും വാക്കേറ്റവും സംഘർഷവും ഉണ്ടാവുകയും ചെയ്തിരുന്നു.
        
Payyannur CPM controversy | പയ്യന്നൂർ സിപിഎമിലെ വിവാദം: ഇടഞ്ഞുനിൽക്കുന്നവരെ അനുനയിപ്പിക്കാൻ പി ജയരാജൻ ഇറങ്ങുന്നു

വെള്ളൂർ നോർത് ലോകലിൽ വി കുഞ്ഞികൃഷ്ണനെതിരെയുള്ള അച്ചടക്ക നടപടി റിപോർട് ചെയ്യാൻ കഴിഞ്ഞ ദിവസം വൈകുന്നേരമെത്തിയപ്പോഴാണ് സംഭവം. പാർടി തുക വെട്ടിച്ചുവെന്ന ആരോപണം ഉന്നയിച്ചതിന് ഏരിയാ സെക്രടറി സ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ നാടാണ് വെള്ളൂർ. ഇവിടെ കുഞ്ഞികൃഷ്ണനെതിരെയുള്ള നടപടിയിൽ പ്രതിഷേധിച്ച് മൂന്ന് ബ്രാഞ്ച് സെക്രടറിമാർ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്.

കരിവെള്ളൂർ, കുന്നരു, രാമന്തളി, തുടങ്ങി പയ്യന്നൂർ നോർതിലൊഴികെ മറ്റെല്ലാ ലോകലുകളിലും കുഞ്ഞികൃഷ്ണനെതിരെയെടുത്ത നടപടിയിൽ പാർടി പ്രവർത്തകരും അനുഭാവികളും അതൃപ്തിയിലാണ്.
സിപിഎമിന്റെ ചരിത്രത്തിലാദ്യമാണ് ചർചകൾ അനുവദിക്കാത്ത ജനറൽ ബോഡികളിൽ മേൽ കമിറ്റി തീരുമാനം റിപോർട് ചെയ്യുന്നതിനെ പ്രവർത്തകർ തടസപ്പെടുത്തുന്നത്. രണ്ട് ലോകൽ കമിറ്റികൾ ഒഴികെ ബാക്കി മുഴുവൻ സ്ഥലത്തും ജില്ലാ നേതാക്കൾ പങ്കെടുത്ത ജനറൽ ബോഡി റിപോർടിങ് തടസപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അണികൾക്ക് ഏറെ സ്വീകാര്യനായ പി ജയരാജനെന്ന തുരുപ്പ് ചീട്ട് ഇറക്കി പാർടി കളിക്കാനിറങ്ങിയത്.

കരിവെള്ളൂർ നോർത് ലോകൽ കമിറ്റി ജനറൽ ബോഡി യോഗത്തിലാണ് പി ജയരാജൻ ജില്ലാ നേതൃത്വത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കുക. ഇതിനു മുൻപായി അദ്ദേഹം പാർടി പ്രവർത്തനം അവസാനിപ്പിച്ചുവെന്ന് സ്വയം പ്രഖ്യപിച്ച് വിട്ടു നിൽക്കുന്ന വി കുഞ്ഞികൃഷ്ണനുമായി രഹസ്യ കൂടിക്കാഴ്ച നടത്തും. പയ്യന്നൂർ ഏരിയയിലെ വെള്ളൂരിലെ പ്രമുഖ ട്രേഡ് യുനിയൻ നേതാവും മുൻ എംഎൽഎയുമായ സി കൃഷ്ണനുമായും പി ജയരാജൻ വിഷയം ചർച ചെയ്യുമെന്നാണ് സൂചന. പയ്യന്നുരിൽ മറ്റു പാർടി നേതാക്കളായ ഇപി ജയരാജൻ, എംവി ജയരാജൻ, പികെ ശ്രീമതി, എംവി ഗോവിന്ദൻ തുടങ്ങിയവരൊക്കെ പലവട്ടം അനുനയ നീക്കങ്ങളുമായി എത്തിയിരുന്നുവെങ്കിലും വിഷയം പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല.

ഒടുവിൽ സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ കഴിഞ്ഞ 12 ന് കണ്ണൂർ ഡിസി ഓഫിസിൽ നടന്ന ജില്ലാ കമിറ്റി യോഗത്തിലും വിഷയം പരിഹരിക്കാനായില്ല. ഇതോടു കൂടിയാണ് പാർടി അകപ്പെട്ട പ്രതിസന്ധിയിൽ നിന്നും ഇലയ്ക്കും മുള്ളിനും കേടുപാറ്റാതെ കരകയറാൻ സിപിഎം ജില്ലാ നേതൃത്വം പി ജയരാജന്റെ സഹായം തേടുന്നത്. സിപിഎമുമായി ഇനി ഒരു സഹകരണത്തിനുമില്ലെന്ന് പറഞ്ഞ് വി കുഞ്ഞിക്കൃഷ്ണൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി പറഞ്ഞത് പാർടിക്കാർക്കിടയിൽ വലിയ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. പാർടി നേതൃത്വം കുഞ്ഞിക്കൃഷ്ണനെതിരെ സ്വീകരിച്ച നടപടി വലിയ തോതിൽ ജനങ്ങൾക്കിടയിൽ ചർചയാവുകയാണ്.

ഏരിയാ സെക്രടറി സ്ഥാനത്ത് നിന്ന് നീക്കപ്പെട്ടതോടെ വി കുഞ്ഞിക്കൃഷ്ണൻ ഏരിയ കമിറ്റിയംഗം മാത്രമായി. ഇതോടെയാണ് ഇദ്ദേഹം പാർടിയിൽ നിന്ന് പുറത്തേക്ക് പോകുന്നതായി പ്രഖ്യാപിച്ചത്. വി കുഞ്ഞികൃഷ്ണന്റെ സാന്നിധ്യത്തിലാണ് എല്ലാ തീരുമാനങ്ങളും എടുത്തതെന്നാണ് പാർടിയുടെ വിശദീകരണം. പയ്യന്നൂരിൽ തിരിമറി പുറത്ത് കൊണ്ടുവന്നത് വി കുഞ്ഞികൃഷ്ണനാണ്. നടപടിക്ക് പിന്നാലെ ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വവും കുഞ്ഞിക്കൃഷ്ണൻ രാജിവെച്ചു. വലിയ ജനപിന്തുണയുള്ള നേതാവാണ് ഇദ്ദേഹം. ഇദ്ദേഹത്തെ ഏരിയ സെക്രടറി സ്ഥാനത്ത് നിന്ന് നീക്കിയത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് പാർടിയുടെ വലിയ ശക്തികേന്ദ്രമായ വെള്ളൂരിലെ അടക്കം പ്രവർത്തകർ പറയുന്നത്. ഏരിയകമിറ്റിയിലും ലോകൽ കമിറ്റികളിലും കുഞ്ഞിക്കൃഷ്ണനെതിരായ നടപടിയിൽ രൂക്ഷ വിമർശനം ഉയർന്നു.

തിരിമറി നടത്തിയവരെ തഴുകുന്ന നടപടിയെന്നാണ് പാർടി നേതൃത്വത്തിനെതിരെ ഉയർന്ന ആക്ഷേപം. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. വെള്ളൂരിൽ പ്രവർത്തകർ ഒന്നടങ്കം കുഞ്ഞികൃഷ്ണന്റെ ചിത്രം വാട്സാപ് സ്റ്റാറ്റസാക്കി. പാർടി പ്രചാരണത്തിനുള്ള വാട്സ് ആപ് ഗ്രൂപുകളിൽ നിന്നും കൂട്ടത്തോടെ പ്രവർത്തകർ പുറത്തു പോയി.

Keywords:  Latest-News, Kerala, Kannur, Top-Headlines, CPM, Payyannur, Controversy, P Jayarajan, Politics, Political Party, Funds, Payyannur CPM controversy, Payyannur CPM controversy: P Jayarajan trying to solve.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia