Medical College | കാത് ലാബുകളിൽ അവസാനത്തേതും പണിമുടക്കി; കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയക്കെത്തിയ രോഗികളെ തിരിച്ചയച്ചു
വിദേശത്തുനിന്ന് ട്യൂബ് എത്തിക്കാൻ നടപടി തുടങ്ങിയെന്നും അത്യാവശ്യ ശസ്ത്രക്രിയക്കായി മറ്റൊരു കാത് ലാബ് തുറക്കുമെന്നും സൂപ്രണ്ട്
കണ്ണൂർ: (KVARTHA) പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഹൃദയ ശസ്ത്രക്രിയകൾ പൂർണമായും മുടങ്ങി. മൂന്ന് കാത് ലാബുകളിൽ അവസാനത്തേതും പണി മുടക്കിയതോടെയാണ് ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ച രോഗികളെ തിരിച്ചയച്ചത്. കഴിഞ്ഞ ആറു മാസമായി ബൈപ്പാസ് ശസ്ത്രക്രിയ താളം തെറ്റിയിരിക്കുകയാണ്. 300 രോഗികളാണ് ഇവിടെ ബൈപ്പാസ് ശസ്ത്രക്രിയക്കായി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്.
സാധാരണ ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്ന കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങിയത് രോഗികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഹൃദയശസ്ത്രക്രിയയ്ക്കായി നേരത്തെ പ്രവേശിപ്പിച്ച 26 രോഗികളെ ശസ്ത്രക്രിയ നടത്താതെ തിരിച്ചയച്ചിരുന്നു. കാത് ലാബിലെ ഫ്ലൂറോസ്കോപ്പിക് ട്യൂബ് കേടായതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ മുടങ്ങിയത്. ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റ്, പേസ് മേക്കർ ഘടിപ്പിക്കൽ എന്നിവയാണ് മുടങ്ങിയത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമായ പല രോഗികളും സ്വകാര്യ ആശുപത്രികളിലേക്ക് മാറിയിട്ടുണ്ട്.
കഴിഞ്ഞ ആറുമാസമായി ബൈപ്പാസ് ശസ്ത്രക്രിയക്കുള്ള രണ്ട് ഓപ്പറേഷൻ തിയറ്ററുകളും അടച്ചിട്ടിരിക്കുകയാണ്. അതേസമയം, വിദേശത്തുനിന്ന് ട്യൂബ് എത്തിക്കാൻ നടപടി തുടങ്ങിയെന്നും അത്യാവശ്യ ശസ്ത്രക്രിയക്കായി മറ്റൊരു കാത് ലാബ് തുറക്കുമെന്നും മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. മൂന്ന് കാത് ലാബ് ഉണ്ടായിട്ടും സമയ ബന്ധിതമായി അറ്റുകുറ്റപണികൾ പൂർത്തീകരിക്കുന്നതിന് അധികൃതർ കാണിച്ച അലംഭാവമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.