Train | ആദ്യയാത്ര വിജയകരം; ഷൊർണൂർ - കണ്ണൂർ സ്പെഷ്യൽ ട്രെയിനിന് യാത്രക്കാർ സ്വീകരണം നൽകി


കണ്ണൂർ: (KVARTHA) തിരക്ക് കുറയ്ക്കാൻ ഷൊർണൂരിൽ നിന്നും ആരംഭിച്ച 06031 നമ്പർ ഷൊർണൂർ- കണ്ണൂർ സ്പെഷൽ ട്രെയിനിന് ചൊവ്വാഴ്ച രാത്രി ഏഴരയ്ക്ക് കണ്ണൂരിൽ നോർത്ത് മലബാർ റെയിൽവേ പാസഞ്ചേർസ് കോ-ഓർഡിനേഷൻ കമ്മിറ്റി (NMRPC) യുടെ നേതൃത്വത്തിൽ യാത്രക്കാർ ഊഷ്മളമായ സ്വീകരണം നൽകി. മുത്തുകുടയും ഗാനമേളയും സ്വീകരണത്തിന് കൊഴുപ്പേകി.
ചെന്നൈ സോണൽ റെയിൽവേ കൺസൾട്ടേറ്റീവ് അംഗം അഡ്വ. റഷീദ് കവ്വായി ലോക്കോ പൈലറ്റുമാരെ ഹാരമണിയിച്ചു. എൻ.എം.ആർ.പി.സി. ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ ബൊക്കെ നൽകി. കണ്ണൂർ റെയിൽവേ കൺസൾട്ടേറ്റീവ് അംഗം പി വിജിത്ത്കുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് രാജൻ തീയറേത്ത്, സി.കെ ജിജു, പി.കെ വത്സൻ, അലവിൽ ആസാദ്, രാജു ചാൾസ്, കെ സത്യപാലൻ, എം.കെ അബ്ദുൽ ഗഫൂർ, കെ.അസ്സൂട്ടി, അഷ്റഫ് താണ, സൗമി ഇസബൽ, കെ സമീറ തുടങ്ങിയവർ നേതൃത്വം നൽകി.
ഷൊര്‍ണൂര്‍-കണ്ണൂര്‍ ട്രെയിൻ വൈകീട്ട് 3.40-ന് ഷൊര്‍ണൂരില്‍നിന്ന് പുറപ്പെടും. 7.40-ന് കണ്ണൂരെത്തും. ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് സര്‍വീസ്. കണ്ണൂര്‍-ഷൊര്‍ണൂര്‍ ട്രെയിൻ രാവിലെ 8.10- ന് കണ്ണൂരില്‍നിന്ന് പുറപ്പെടും. ഉച്ചക്ക് 12.30-ന് ഷൊര്‍ണൂരിലെത്തും. ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് സർവീസ്.