Party fund misappropriation | പയ്യന്നൂർ സിപിഎമിലെ പാര്‍ടി തുക വെട്ടിപ്പ് വിവാദം: വിഷയത്തിൽ പൊളിറ്റ് ബ്യൂറോ ഇടപെട്ടേക്കും; എ വിജയരാഘവന്‍ പയ്യന്നൂരിലെത്തുന്നു

 


കണ്ണൂര്‍: (www.kvartha.com) പയ്യന്നൂരിലെ പാര്‍ടി തുകയിൽ നിന്നും ഒരുകോടിയുടെ തിരിമറി നടന്നെന്ന വിവാദത്തിൽ സിപിഎം പൊളിറ്റ് ബ്യൂറോ (പിബി) യിലും പരാതിയെത്തിയതായി സൂചന. ഇതുസംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിനോട് പിബി വിശദീകരണം തേടുമെന്നാണ് വിവരം. കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടിനു ശേഷം സിപിഎമിനെ പ്രതിസന്ധിയിലാക്കിയ മറ്റൊരുസംഭവം കൂടിയാണ് പയ്യന്നൂരിലെ രക്തസാക്ഷി തുക വെട്ടിപ്പ് വിവാദം.
  
Party fund misappropriation | പയ്യന്നൂർ സിപിഎമിലെ പാര്‍ടി തുക വെട്ടിപ്പ് വിവാദം: വിഷയത്തിൽ പൊളിറ്റ് ബ്യൂറോ ഇടപെട്ടേക്കും; എ വിജയരാഘവന്‍ പയ്യന്നൂരിലെത്തുന്നു

പാര്‍ടി ജില്ലാസെക്രടറിയേറ്റംഗവും എംഎല്‍എയുമായ നേതാവ് ഈ സംഭവത്തില്‍ ആരോപണവിധേയനായത് കോണ്‍ഗ്രസ് ഉള്‍പെടെയുള്ള പ്രതിപക്ഷം സംസ്ഥാനതലത്തില്‍ ചര്‍ചയാക്കുന്നതാണ് സിപിഎമിന് തലവേദനയാകുന്നത്. പയ്യന്നൂരിലെ വിമതവിഭാഗം ഈ വിഷയം പാര്‍ടി പിബിയുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനുള്ള നീക്കം നേരത്തെ തുടങ്ങിയിരുന്നു. സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെരുക്കാതെ പരാതിക്കാരെ വെട്ടിനിരത്തുന്നുവെന്ന ആരോപണമാണ് ഇവര്‍ ഉന്നയിക്കുന്നത്. അതുകൊണ്ടു തന്നെ ഇൻഡ്യയിലെ തന്നെ ഏറ്റവും ശക്തമായ പാര്‍ടി ജില്ലാ ഘടകമായ കണ്ണൂരില്‍ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.

കഴിഞ്ഞ പാര്‍ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടന്നതിനാല്‍ ഒട്ടുമിക്ക അഖിലേൻഡ്യ നേതാക്കളുമായി പയ്യന്നൂരിലെ വിമതവിഭാഗം നേതാക്കള്‍ക്ക് നേരിട്ടുബന്ധമുണ്ട്. ഇവര്‍ ഉന്നയിക്കുന്ന ആരോപണം പിബിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ചില ജില്ലാനേതാക്കളുടെ സഹായവും രഹസ്യമായി ലഭിക്കുന്നുണ്ട്. ബുധനാഴ്ച വെള്ളൂര്‍ ഈസ്റ്റ് ബ്രാഞ്ച് ഓഫീസായ പി കണ്ണന്‍ നായര്‍സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പിബി അംഗം എ.വിജയരാഘവന്‍ പങ്കെടുക്കുന്നുണ്ട്. തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ട മുന്‍ ഏരിയാ സെക്രട്ടറി വി കുഞ്ഞികൃഷ്ണന്‍ പരിപാടിയില്‍ സംബന്ധിക്കുന്നുമുണ്ട്.

പതാക ഉയര്‍ത്തുന്നത് ആരോപണവിധേയനായ ടി ഐ മധുസൂദനന്‍ എംഎല്‍എയാണ്. പരിപാടിയില്‍ പങ്കെടുന്നവരുടെ നോടീസില്‍ വി കുഞ്ഞികൃഷ്ണന്റെ പേര് ഉള്‍പെടുത്തിയിട്ടുണ്ടെങ്കിലും പകരം നിയോഗിക്കപ്പെട്ട ടി വി രാജേഷിന്റെ പേര് ഇതിലില്ല. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പൊളിച്ചു നീക്കിയ ഓഫീ സിന് പകരമായാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. പഴയ കെട്ടിടം വി കുഞ്ഞികൃഷ്ണന്‍ ബ്രാഞ്ച് സെക്രടറിയായിരുന്ന കാലത്താണ് നിര്‍മിച്ചിരുന്നത്. ഈ ആത്മബന്ധം കാരണമാണ് താന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതെന്നാണ് കുഞ്ഞികൃഷ്ണന്റെ നിലപാട്. പയ്യന്നൂരിലെത്തുന്ന എ വിജയരാഘവന്‍ പിബിക്ക് വേണ്ടി വിവാദത്തില്‍ രഹസ്യാന്വേഷണവും ബന്ധപ്പെട്ടവരുമായി കൂടിക്കാഴ്ചയും നടത്തുമെന്നാണ് വിവരം. ഇതിനുശേഷം പാര്‍ടി ജില്ലാ നേതൃത്വത്തില്‍ നിന്നും ഇതുവരെയുള്ള വിവരങ്ങള്‍ ശേഖരിക്കും. ഇതുപിന്നീട് പിബിക്ക് റിപോർട് ചെയ്യുമെന്നാണ് സിപിഎമില്‍ നിന്നും ലഭിക്കുന്ന വിവരം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia