പൊലീസുകാരെ കാണുമ്പോള്‍ മകള്‍ ഞെട്ടുന്നു; പൊതുമധ്യത്തില്‍ മോഷണക്കുറ്റം ചുമത്തി പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തില്‍ ഇനിയും നടപടിയില്ല; സെക്രടേറിയറ്റിന് മുന്നില്‍ കുട്ടിയുടെ അമ്മയുടെ ഉപവാസം
Sep 25, 2021, 14:53 IST
തിരുവനന്തപുരം: (www.kvartha.com 25.09.2021) ആറ്റിങ്ങലില്‍ പൊതുമധ്യത്തില്‍ മോഷണക്കുറ്റം ചുമത്തി അച്ഛനെയും മകളെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തില്‍ ഇനിയും നടപടി ഉണ്ടായില്ല. എട്ടുവയസുകാരിയായ മകള്‍ക്ക് കാക്കിയിട്ടവരെ കാണുമ്പോള്‍ ഇപ്പോഴും ഞെട്ടലാണെന്ന് കുടുംബം പറയുന്നു. സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും നടപടി എടുക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 31ന് കുടുംബം ഡിജിപിക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ല.
ഐജി ഹര്‍ഷിത അട്ടല്ലൂരിയോ പൊലീസ് ഉദ്യോഗസ്ഥരോ തങ്ങളുടെ മൊഴിയെടുത്തിട്ടില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മകള്‍ ഇപ്പോഴും സംഭവത്തിന്റെ ഞെട്ടലിലാണെന്നു കുട്ടിയുടെ അച്ഛന്‍ ജയചന്ദ്രന്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കുട്ടിയുടെ അമ്മ രേഖ സെക്രടേറിയറ്റിനു മുന്നില്‍ ഏകദിന ഉപവാസം തുടങ്ങി.
പൊതുജന മധ്യത്തില്‍ ഈ അച്ഛനും മകളും, ഇല്ലാത്ത മോഷണക്കേസിലെ പ്രതികളാക്കപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞു. പിങ്ക് പൊലീസിലെ ഉദ്യോഗസ്ഥയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പരസ്യവിചാരണ. എന്നാല്‍ മൊബൈല്‍, ഉദ്യോഗസ്ഥയുടെ കൈവശംതന്നെ കണ്ടെത്തിയതോടെ തെറ്റ് ചെയ്തത് ജയചന്ദ്രനും മകളുമല്ലെന്നും പൊലീസ് ഉദ്യോഗസ്ഥ രജിതയാണെന്നും തെളിഞ്ഞു. എന്നാല്‍ കുറ്റാരോപിതരായ അച്ഛനോടും മകളോടും ഒന്നു മാപ്പുപറയാന്‍ പോലും പൊലീസ് ഉദ്യോഗസ്ഥ തയാറായില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.
സംഭവം വിവാദമായതോടെ രജിതയെ സൗകര്യപ്രദമായ സ്ഥലത്തേക്ക് സ്ഥലംമാറ്റിയതല്ലാതെ മറ്റൊരു നടപടിയും ഇതുവരെ ഉണ്ടായില്ലെന്ന് കുടുംബം പറയുന്നു. മാത്രവുമല്ല, നടപടിയെടുക്കാനുള്ള അന്വേഷണമെല്ലാം പലതരത്തില്‍ അട്ടിമറിച്ച് സംരക്ഷിക്കുകയുമാണെന്ന് ഇവര്‍ ആരോപിക്കുന്നു. ഉദ്യോഗസ്ഥയ്‌ക്കെതിരെ കൃത്യമായ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ടാണ് കുടുംബം ഇപ്പോള്‍ ഉപവസിക്കുന്നത്.
Keywords: Parents accusation against pink Police, Thiruvananthapuram, News, Allegation, Complaint, Police, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.