Parallel assembly | 'മമ്മൂട്ടിയോടു വയനാട്ടിലേക്ക് പോകാന്‍ പറഞ്ഞു, മോഹന്‍ലാലിനോടും എംഎ യൂസുഫലിയോടും ഇങ്ങോട്ട് വരേണ്ടെന്ന് പറഞ്ഞു'; നിയമസഭാ സമ്മേളനത്തിനിടെ നടുത്തളത്തില്‍ സമാന്തര സമ്മേളനം ചേര്‍ന്ന് പ്രതിപക്ഷത്തിന്റെ പ്രതിഷേധം; ചരിത്ര സംഭവത്തില്‍ അരങ്ങേറിയത് നര്‍മം നിറഞ്ഞ സംഭവങ്ങള്‍

 


തിരുവനന്തപുരം: (www.kvartha.com) ചരിത്രത്തിലാദ്യമായി നിയമസഭാ സമ്മേളനത്തിനിടെ നടുത്തളത്തില്‍ സമാന്തര സമ്മേളനം ചേര്‍ന്ന് പ്രതിപക്ഷം പ്രതിഷേധിച്ചതിനിടെ അരങ്ങേറിയത് നര്‍മം നിറഞ്ഞ സംഭവങ്ങള്‍.

ബ്രഹ്‌മപുരം വിഷയത്തില്‍ എന്തു നടപടി സ്വീകരിച്ചെന്ന അംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രിയുടെ റോളില്‍ സണ്ണി ജോസഫിന്റെ മറുപടി ഇങ്ങനെ: 'മൂന്നു നടപടികളാണു സര്‍, ഞാന്‍ സ്വീകരിച്ചത്.

കൊച്ചിയിലെത്തിയ മമ്മൂട്ടിയോടു വയനാട്ടിലേക്ക് പോകാന്‍ പറഞ്ഞു. ജയ്പുരിലായിരുന്ന മോഹന്‍ലാലിനോടും ദുബൈയിലായിരുന്ന എംഎ യൂസുഫലിയോടും ഇങ്ങോട്ടു വരേണ്ടെന്ന് പറഞ്ഞു.' മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം വിഡി സതീശന്റെ നേതൃത്വത്തില്‍ സഭയില്‍ നിന്നിറങ്ങിയതോടെ ഒന്നര മണിക്കൂറോളം നീണ്ട അപൂര്‍വ പ്രതിഷേധത്തിനു വിരാമമായി.

ശ്രദ്ധക്ഷണിക്കല്‍ അവതരിപ്പിക്കാന്‍ എന്‍ ജയരാജിനെ ക്ഷണിച്ചതോടെ 'സ്പീകര്‍ നീതിപാലിക്കുക' എന്ന വലിയ ബാനറുമായി പ്രതിപക്ഷം സ്പീകറുടെ മുന്നില്‍ നിരന്നു. കാഴ്ച മറഞ്ഞതോടെ ബാനര്‍ പിടിച്ച ഓരോരുത്തരെയായി പേരെടുത്തു വിളിച്ചു ജനങ്ങള്‍ കാണുന്നുണ്ടെന്ന് സ്പീകര്‍ ഓര്‍മിപ്പിച്ചു. ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും കഴിഞ്ഞു ധനാഭ്യര്‍ഥന ചര്‍ചയിലേക്കു നീങ്ങിയതോടെയാണു സമാന്തര സമ്മേളനത്തിനു പ്രതിപക്ഷം വട്ടംകൂട്ടിയത്.

രണ്ടു പേര്‍ സ്പീകറെ മറച്ചു ബാനര്‍ പിടിച്ചു നിന്നു. ബാക്കിയുള്ളവര്‍ നടുത്തളത്തില്‍ വട്ടമിട്ടിരുന്നു. സ്പീകറായി പിസി വിഷ്ണുനാഥും മുഖ്യമന്ത്രിയായി സണ്ണി ജോസഫും. വിഷ്ണുനാഥ് പ്രസംഗം തുടങ്ങിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭ വിട്ടു. സ്പീകര്‍ തള്ളിയ അടിയന്തര പ്രമേയ നോടിസ് റോജി എം ജോണ്‍ അവതരിപ്പിച്ചു.

പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തിനിടെയും ധനാഭ്യര്‍ഥന ചര്‍ച സഭയില്‍ തുടരുകയായിരുന്നു. പ്രതിപക്ഷ പ്രതിഷേധം ഒഴിവാക്കിയായിരുന്നു സഭാ ടിവിയുടെ സംപ്രേഷണം.

കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫ് അംഗങ്ങളെ മര്‍ദിച്ചതു സഭ നിര്‍ത്തിവച്ചു ചര്‍ച ചെയ്യണമെന്ന കോണ്‍ഗ്രസിലെ റോജി എം ജോണിന്റെ അടിയന്തര പ്രമേയ നോടിസ് സ്പീകര്‍ തള്ളിയതിനെ തുടര്‍ന്നായിരുന്നു സമാന്തര സമ്മേളനം ചേര്‍ന്നു പ്രതിപക്ഷം പ്രതിഷേധിച്ചത്.

Parallel assembly | 'മമ്മൂട്ടിയോടു വയനാട്ടിലേക്ക് പോകാന്‍ പറഞ്ഞു, മോഹന്‍ലാലിനോടും എംഎ യൂസുഫലിയോടും ഇങ്ങോട്ട് വരേണ്ടെന്ന് പറഞ്ഞു'; നിയമസഭാ സമ്മേളനത്തിനിടെ നടുത്തളത്തില്‍ സമാന്തര സമ്മേളനം ചേര്‍ന്ന് പ്രതിപക്ഷത്തിന്റെ പ്രതിഷേധം; ചരിത്ര സംഭവത്തില്‍ അരങ്ങേറിയത് നര്‍മം നിറഞ്ഞ സംഭവങ്ങള്‍

അടിയന്തര പ്രമേയ നോടിസ് തള്ളിയ സ്പീകര്‍ എഎന്‍ ശംസീര്‍, വേണമെങ്കില്‍ ബ്രഹ്‌മപുരം വിഷയം ആദ്യ സബ്മിഷനായി ഉന്നയിക്കാമെന്ന് അറിയിച്ചു. എന്നാല്‍ പ്രതിപക്ഷം ഇതു തള്ളി. യുഡിഎഫ് അംഗങ്ങള്‍ ക്രൂരമര്‍ദനത്തിന് ഇരയായ സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു.

കോര്‍പറേഷന്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മുന്‍കൂട്ടി മേയര്‍ക്കു കത്തു നല്‍കിയ യുഡിഎഫ് അംഗങ്ങള്‍ പൂട്ടിയിട്ടെന്ന് ആരോപിക്കുന്നതു ശരിയല്ലെന്നു മന്ത്രി പി രാജീവ് തിരിച്ചടിച്ചു. തൊള്ളായിരത്തോളം തദ്ദേശ സ്ഥാപനങ്ങളുണ്ടെന്നും അവിടുത്തെ വിഷയങ്ങളൊക്കെ ചര്‍ച ചെയ്യാനാവില്ലെന്നും സ്പീകര്‍ നിലപാടെടുത്തു.

Keywords:  Parallel assembly session in Kerala Assembly, Thiruvananthapuram, News, Politics, Assembly, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia