തിരുവനന്തപുരം: കേരളത്തിന്റെ സമഗ്ര കാര്ഷിക വികസന നയത്തിന് രൂപം കൊടുക്കാന് സംസ്ഥാന സര്ക്കാര് തീവ്രശ്രമത്തില്. സര്ക്കാര് അധികാരത്തിലെത്തി രണ്ടു വര്ഷമായിട്ടും സുപ്രധാനമായ കാര്ഷിക നയത്തിനു രൂപം കൊടുക്കാന് കഴിയാത്തതില് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിക്ക് അതൃപ്തിയുണ്ടെന്നാണു സൂചന.
അതേസമയം, സംസ്ഥാന കാര്ഷികോല്പാദന കമ്മീഷണര് സുബ്രതോ ബിശ്വാസ് ഈ ശ്രമങ്ങളുമായും കൃഷി വകുപ്പിന്റെ മറ്റു പല പ്രവര്ത്തനങ്ങളുമായും സഹകരിക്കുന്നില്ലെന്ന വിമര്ശനം ശക്തമാണ്. യുഡിഎഫ് സമിതിക്ക് സംസ്ഥാന സര്ക്കാരിനു വേണ്ടി കാര്ഷിക നയം തയ്യാറാക്കാനുള്ള സഹായങ്ങള് സുബ്രതോ ബിശ്വാസ് ചെയ്യുന്നില്ലത്രേ. കൃഷി വകുപ്പിലെ ഒരു വിഭാഗം ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹവുമായുള്ള പടലപ്പിണക്കമാണ് കാരണം.
കൃഷിമന്ത്രി കെ പി മോഹനന്റെ പാര്ട്ടിയായ സോഷ്യലിസ്റ്റ് ജനതാ ഡെമോക്രാറ്റിക് നേതാവ് കെ കൃഷ്ണന്കുട്ടി അധ്യക്ഷനായ യുഡിഎഫ് സമിതിയാണ് കാര്ഷിക നയം രൂപീകരിച്ചത്. 14 ജില്ലകളിലും വിശദമായ സിറ്റിംഗും കര്ഷകരുമായി ചര്ചകളും നടത്തിയ ശേഷം അന്തിമ റിപോര്ട്ട് തയ്യാറാക്കാനുള്ള ശ്രമത്തിലാണ് സമിതി. പക്ഷേ, കാര്യങ്ങള്ക്ക് അപ്രതീക്ഷിത തടസങ്ങള് നേരിടുന്നതാണ് പ്രശ്നം. കര്ഷകരുടെ ദീര്ഘകാല ആവശ്യമാണ് കാര്ഷിക മേഖലയിലെ എല്ലാത്തരം പുതിയ പ്രശ്നങ്ങളെയും അഭിമുഖീകരിക്കാന് കഴിയുന്ന തരത്തിലുള്ള സമഗ്ര കാര്ഷിക നയം. നടപ്പു നിയമസഭാ സമ്മേളനത്തില് അത് വെയ്ക്കാനും ചര്ച്ച ചെയ്യാനും കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് സമിതി.
മുന് കൃഷി വകുപ്പ് ഡയറക്ടര് ആര് ഹേലി, ആസൂത്രണ ബോര്ഡിന്റെ കാര്ഷിക വിഭാഗം മേധാവി ഡോ. പി രാജശേഖരന്, കേരള സര്വകലാശാലാ കൃഷി വകുപ്പിലെ ഡോ. പി വി ബാലചന്ദ്രന്, മുന് കാര്ഷികോല്പാദന കമ്മീഷണര് എം എസ് ജോസഫ്, കൃഷി വകുപ്പ് ഡയറക്ടര് ആര് അജിത്കുമാര് എന്നിവരുള്പ്പെട്ടതാണ് സമിതി.
കര്ഷക സംഘടനകള്, പഞ്ചായത്ത് പ്രസിഡന്റുമാര്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്, കാര്ഷിക മേഖലയുമായി ബന്ധപ്പെട്ട അക്കാദമിക് വിദഗ്ധര്, സാമ്പത്തിക ശാസ്ത്ര വിദഗ്ധര് തുടങ്ങിയവരുമായും സമിതി ചര്ച്ച നടത്തിയിരുന്നു. കാര്ഷികോല്പാദനം വര്ധിപ്പിക്കുകയും കര്ഷകര്ക്ക് കൂടുതല് മെച്ചപ്പെട്ട വരുമാനവും പുതിയ നയത്തിലൂടെ എങ്ങനെ പ്രായോഗികമാക്കാം എന്നതിനേക്കുറിച്ചായിരുന്നു ചര്ച.
കൃഷി ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതും കൃഷി സ്ഥലങ്ങള് വാസസ്ഥലങ്ങളായി മാറ്റപ്പെടുന്നതും സമിതി വിശദമായി പരിശോധിച്ചു. ഇനി തിരുവനന്തപുരത്തെ സെന്റര് ഫോര് ഡെവലപ്മെന്റ് സ്റ്റഡീസ് (സിഡിഎസ്) സംഘവുമായിക്കൂടി അവസാനവട്ട ചര്ച കഴിഞ്ഞാല് സമിതി റിപോര്ട്ടിലേക്കു കടക്കും.
Keywords: Thiruvananthapuram, Kerala, IAS Officer, Chief Minister, Oommen Chandy, UDF, K.P Mohanan, Malayalam News, Kerala Vartha, Panel to prepare agriculture policy; no support from IAS officer.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.