Palestine | 'വില കൊടുത്ത് വാങ്ങാൻ ഗസ്സ റിയൽ എസ്റ്റേറ്റ് ഭൂമിയല്ല', ഫലസ്തീൻ രാഷ്ട്രം യാഥാർത്ഥ്യമാക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ


● അന്താരാഷ്ട്ര സമൂഹം ഫലസ്തീന് നീതി ഉറപ്പാക്കണം.
● തീവ്രവാദ ചിന്തകൾക്കെതിരെ ജാഗ്രത പാലിക്കണം.
● കേരളത്തിലെ സൗഹൃദ അന്തരീക്ഷം കാത്തുസൂക്ഷിക്കണം.
കോഴിക്കോട്: (KVARTHA) വില കൊടുത്ത് വാങ്ങാൻ ഗസ്സ റിയൽ എസ്റ്റേറ്റ് ഭൂമിയല്ലെന്നും ജെറുസലം ആസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിനാവശ്യമായ നിലപാട് സ്വീകരിക്കാൻ ഇന്ത്യ അടക്കമുള്ള രാഷ്ട്രങ്ങൾ മുന്നിട്ടിറങ്ങണമെന്നും കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. സമസ്ത സെന്റിനറിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് നടപ്പിലാക്കുന്ന പദ്ധതികളുടെ പ്രഖ്യാപനം കോഴിക്കോട് കടപ്പുറത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ച് ഒരു ജനതയെ പുറത്താക്കി ആ നാട്ടിലേക്കുള്ള പ്രവേശനം നിഷേധിക്കുമെന്ന് മറ്റൊരു രാജ്യത്തിൻറെ ഭരണാധികാരി പറയുമ്പോൾ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടത് ആഗോള സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ഫലസ്തീന്റെ മണ്ണ് കൈയടക്കി വെച്ചിരിക്കുന്നവർ അത് തിരിച്ചു നൽകി അവരുടെ അവകാശങ്ങൾ വകവച്ചു കൊടുക്കാൻ ലോകത്ത് സമാധാനമാഗ്രഹിക്കുന്ന മുഴവൻ രാജ്യങ്ങളും മുന്നോട്ട് വരണം. പാവപ്പെട്ട മനുഷ്യരെ കൊന്നൊടുക്കുന്ന തീവ്ര ചിന്തകൾക്ക് കൂട്ടുനിൽക്കുന്നത് നമ്മുടെ നാഗരികത അകപ്പെട്ട പ്രതിസന്ധിയുടെ സൂചനയാണെന്നും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.
കേരളത്തിൽ കാലങ്ങളായി സൗഹൃദത്തിൽ കഴിയുന്നവരാണ് വ്യത്യസ്ത സമുദായങ്ങൾ. ഇവർക്കിടയിൽ വർഗീയതയും തീവ്രവാദവും വിഭാഗീയതയും പ്രചരിപ്പിച്ച് പരസ്പരം തെറ്റിക്കാൻ ചിലർ നന്നായി ശ്രമിക്കുന്നുണ്ട്. അതിന് ഒത്താശ ചെയ്യുന്നവരെ സമൂഹം അകറ്റി നിർത്തണം. എല്ലാ ജനവിഭാഗങ്ങളും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം.
തീവ്ര ചിന്താഗതികളിലേക്ക് നയിക്കുന്ന ഒരു നീക്കത്തെയും സമസ്ത അംഗീകരിക്കുന്നില്ലന്ന് മാത്രമല്ല ശക്തമായി എതിർക്കുകയും ചെയ്യും. കേരളത്തിലെ മുസ്ലിം സാമൂഹിക ജീവിതത്തെ ആത്മീയ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ രാജ്യത്തിന് തന്നെ മാതൃകയായി മുന്നോട്ട് നയിച്ചത് കേരളത്തിലെ പണ്ഡിത നേതൃത്വമായിരുന്നുവെന്ന് കാന്തപുരം പറഞ്ഞു.
മതേതര സമൂഹത്തിൽ സമാധാനപൂർണ്ണമായ ജീവിതം നയിക്കുവാനും സമൂഹത്തെ സ്നേഹത്തോടെ ഉൾക്കൊള്ളാനും ഈ നിസ്വാർത്ഥരായ പണ്ഡിതന്മാർ വിശ്വാസികളെ പ്രചോദിപ്പിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വർഷത്തിലേക്ക് കാലെടുത്തു വെക്കുമ്പോൾ ഞങ്ങൾ രാജ്യത്തിന് നൽകുന്ന ഉറപ്പ് ഈയൊരു സൗഹാർദ്ദവും സമാധാനവും രാജ്യത്ത് ഉടനീളം വ്യാപിപ്പിക്കാനുള്ള പദ്ധതികളാണ് ഞങ്ങൾ ഏറ്റെടുക്കുന്നത്. മുസ്‌ലിംകളുടെ മാത്രമല്ല അവശത അനുഭവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളുടെയും പ്രദേശങ്ങളുടെയും സമൂഹങ്ങളുടെയും ഉന്നമനം ഞങ്ങളുടെ ലക്ഷ്യമാണ്. മുസ്ലിം ജമാഅത്തിന്റെ പദ്ധതികളിൽ ഊന്നൽ നൽകുന്നതും ഇത്തരമൊരു വികസന സമീപനത്തിനാണെന്നും കാന്തപുരം പറഞ്ഞു.
വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പതിനയ്യായിരം പ്രതിനിധികൾ പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുത്തു. സമസ്ത പ്രസിഡണ്ട് ഇ.സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോൽ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി സന്ദേശ പ്രഭാഷണം നടത്തി. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എന്‍ അലി അബ്ദുല്ല, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, റഹ്മത്തുല്ല സഖാഫി എളമരം, ഇബ്രാഹീം സഖാഫി പുഴക്കാട്ടിരി പ്രസംഗിച്ചു.
കെ.കെ.അഹ്‌മദ് കുട്ടിമുസ്‌ലിയാർ കട്ടിപ്പാറ, എ.പി.അബ്ദുൽ കരീം ഹാജി ചാലിയം, സയ്യിദ് ത്വാഹാ സഖാഫി, ഡോ.എ.പി അബ്ദുൽ ഹകീം അസ്ഹരി, മാരായമംഗലം അബ്ദുർറഹ്‌മാൻ ഫൈസി, അബൂ ഹനീഫൽ ഫൈസി തെന്നല, കെ.പി.അബൂബക്കർ മുസ്ലിയാർ പട്ടുവം, എം.എൻ കുഞ്ഞമ്മദ് ഹാജി, ബി.എസ്.അബ്ദുല്ലക്കുഞ്ഞി ഫൈസി,സയ്യിദ് മുനീർ അഹ്ദൽ സഖാഫി, പ്രൊഫ.എ.കെ.അബ്ദുൽഹമീദ്, സയ്യിദ് ആറ്റക്കോയ തങ്ങൾ (യു.എ.ഇ) സംബന്ധിച്ചു. വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി സ്വാഗതവും ടി കെ അബ്ദുറഹ്മാന്‍ ബാഖവി നന്ദിയും പറഞ്ഞു.
കേരള മുസ്ലിം ജമാഅത്ത് പ്രഖ്യാപന പദ്ധതികള്‍:
1. മനുഷ്യര്‍ക്കൊപ്പം കേരള മുസ്ലിം ജമാഅത്ത് കര്‍മ്മ സാമയികം 2025 - 2030
2. ആദര്‍ശ കേരളം 5000 പഠന വേദികള്‍, 125 സോണുകളില്‍ ആദര്‍ശയാത്ര, 1000 ഫാമിലി കോൺഫറൻസുകൾ, പ്രധാന കേന്ദ്രങ്ങളില്‍ സെമിനാറുകള്‍
3. സൗഹൃദ കേരളം 10,000 മാതൃക ഗ്രാമങ്ങള്‍
4. ലഹരി മുക്ത കേരളം ബോധവല്‍ക്കരണം, ബഹുജന പ്രതിരോധം
5. കാരണ്യകേരളം ക്ലിനിക്കുകള്‍, ഹോം കെയര്‍, സാന്ത്വന കേന്ദ്രങ്ങള്‍, ഐ സി എഫ് നേതൃത്വത്തില്‍ 1000 രക്തജന്യ രോഗികള്‍ക്ക് സാമ്പത്തിക സഹായം
6. ദാറുല്‍ ഖൈര്‍ ഭവന പദ്ധതി പുതിയ 100 വീടുകള്‍
7. ഹോസ്റ്റല്‍ പ്രോജക്ട് പ്രധാന കേന്ദ്രങ്ങളില്‍ 100 ഹോസ്റ്റലുകള്‍
8. സമസ്ത ചരിത്രം പ്രകാശനം
9. വര്‍ഗ്ഗ ബഹുജനങ്ങളുടെ സംഘാടനം വ്യാപാരി വ്യവസായി സംരംഭക കര്‍ഷക, തൊഴിലാളി സംഘാടനം
10. അമ്പതിനായിരം സാരഥികളുടെ സമര്‍പ്പണം പരിശീലനം ലഭിച്ച 50,000 മാതൃക സാരഥികള്‍
11. കേരള മുസ്ലിം ജമാഅത്ത് കേരള യാത്ര 2025 നവംബര്‍, ഡിസംബര്‍, കാസർകോട് - തിരുവനന്തപുരം
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ എന്താണ്?
Kanthapuram AP Aboobacker Musliyar called for the establishment of a Palestinian state with Jerusalem as its capital, stating that Gaza is not real estate to be bought. He urged nations, including India, to take the lead in this matter. He also emphasized the importance of maintaining communal harmony in Kerala and cautioned against divisive forces.
#Palestine #Gaza #Kanthapuram #CommunalHarmony #India