SWISS-TOWER 24/07/2023

Politics | ശശി തരൂരിനെ മാതൃകയാക്കണം, പത്മജാ വേണുഗോപാലും അനിൽ ആൻ്റണിയും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

_സോണി കല്ലറയ്ക്കൽ_

(KVARTHA) അധികാരം എന്ന അപ്പക്കഷ്ണത്തിൻ്റെ പുറകെ ഓടിയ ലീഡർ കെ കരുണാകരൻ്റെ മകൾ പത്മജാ വേണുഗോപാലും കോൺഗ്രസിൻ്റെ ഏറ്റവും തലമുതിർന്ന നേതാവ് എ കെ ആൻ്റണിയുടെ മകൻ അനിൽ ആൻ്റണിയും ഒക്കെ മാതൃകയാക്കേണ്ടത് ഒരു പ്രലോഭനത്തിനും വീഴ്ത്താനാവാത്ത ശശി തരുർ എന്ന കോൺഗ്രസ് നേതാവിനെയാണ്. നിങ്ങൾക്ക് പകരം തരൂർ ആയിരുന്നു കോൺഗ്രസിൽ നിന്ന് ബിജെപിയിലേയ്ക്ക് ചേക്കേറിതെങ്കിൽ അത് അദ്ദേഹത്തിന് മാത്രമല്ല, ബിജെപി യ്ക്കും സംസ്ഥാനത്ത് വലിയ മെച്ചമാകുമായിരുന്നു. അത്തരമൊരു നീക്കത്തിന് തുനിഞ്ഞില്ലെന്നതാണ് അദ്ദേഹത്തിൻ്റെ മഹത്വം. ഇത് അധികാരമില്ലാതെ വരുമ്പോൾ മറുകണ്ടം ചാടാൻ തക്കം പാർത്തിരിക്കുന്ന കോൺഗ്രസ് നേതാക്കൾ കണ്ട് പഠിക്കേണ്ടതാണ്.
  
Politics | ശശി തരൂരിനെ മാതൃകയാക്കണം, പത്മജാ വേണുഗോപാലും അനിൽ ആൻ്റണിയും

സഹകരിച്ചു പ്രവർത്തിക്കാമെന്ന അഭ്യർഥനയുമായി ഒരിക്കൽ ബിജെപി തന്നെ സമീപിച്ചിരുന്നുവെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിന്‍റെ തെരഞ്ഞെടുപ്പ് പരിപാടിയിലാണ് തരൂരിന്‍റെ വെളിപ്പെടുത്തൽ. 2014 ലാണ് ബിജെപി ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തിയത്. ബിജെപിയുമായി സഹകരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ വർഗീയത അംഗീകരിക്കാൻ കഴിയില്ല എന്നും വികസനത്തിന് കൂടെ നിൽക്കാം എന്നുമാണ് അന്ന് താൻ ബിജെപിക്ക് മറുപടി നല്‍കിയതെന്നും തരൂര്‍ പറയുന്നു.

Politics | ശശി തരൂരിനെ മാതൃകയാക്കണം, പത്മജാ വേണുഗോപാലും അനിൽ ആൻ്റണിയും

ബിജെപിയ്ക്ക് ഇന്ന് ലോക്സഭയിലോ നിയമസഭയിലോ അക്കൗണ്ട് തുറക്കാൻ ഏറ്റവും പര്യാപ്തനായ വ്യക്തി ശശി തരൂർ ആണെന്ന ചിന്തയാണ് ബി.ജെ.പി യെ ഈ രീതിയിലേയ്ക്ക് നയിക്കുന്നത്. തരൂർ അന്ന് ബി.ജെ.പിയുമായി സഹകരിക്കാൻ തയ്യാർ ആയിരുന്നെങ്കിൽ ലോക്സഭയിൽ തരൂരിലൂടെ കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കുമായിരുന്നു. 2024ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ തരൂരിനെ കോൺഗ്രസിൽ നിന്ന് പുറത്തുചാടിച്ച് തിരുവനന്തപുരത്ത് സ്വതന്ത്രനായി മത്സരിപ്പിക്കുകയായിരുന്നു ബി.ജെ.പി ലക്ഷ്യം. . നേരെ തരൂർ ബി.ജെ.പിയിൽ പോയാൽ അത് പല അപവാദപ്രചരങ്ങൾക്കും കാരണമാകും എന്നതിനാൽ സ്വതന്ത്രനായി ഇറക്കി അദ്ദേഹത്തിന് പിന്തുണകൊടുക്കാം എന്നാണ് ബി.ജെ.പി കരുതിയത്.

അങ്ങനെ സ്വതന്ത്രനായി മത്സരിക്കുന്ന തരൂരിനെതിരെ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയെ നിർത്താതെ ബി.ജെ.പി പിന്തുണച്ചാൽ അദ്ദേഹം ജയിക്കാനുള്ള സാധ്യതയും ഏറെയാണ്. കേരള നിയമസഭയിൽ ഒ രാജഗോപാലിലൂടെ അക്കൗണ്ട് തുറന്ന ബി.ജെ.പി യുടെ അടുത്ത ലക്ഷ്യം പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കേരത്തിൽ നിന്ന് ഒരു അക്കൗണ്ട് തുറക്കുക എന്നത് തന്നെയാണ്. അതിന് ഏറ്റവും പറ്റിയ അവസരമായിരുന്നു തരൂർ തിരുവനന്തപുരത്ത് സ്വതന്ത്രനായി മത്സരിച്ചിരുന്നെങ്കിൽ അവർക്ക് കിട്ടേണ്ടിയിരുന്നത്. കേരളത്തിൽ ബി.ജെ.പിയ്ക്ക് വളരെ വേരോട്ടമുള്ള പാർലമെൻ്റ് മണ്ഡലമാണ് തിരുവനന്തപുരം. തരുരിൻ്റെ ഭാര്യ സുനന്ദ പുഷ്ക്കർ മരിച്ചതിനു ശേഷം ഇവിടെ നടന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ തരൂരിന് ബി.ജെ.പി യുടെ ഒ രാജഗോപാലിനോട് കടുത്തമത്സരമാണ് നേരിടേണ്ടി വന്നത്. ആദ്യ ഘട്ടത്തിൽ ഒ രാജഗോപാൽ വിജയിച്ചു വരുന്ന അവസ്ഥപോലും ഉണ്ടായി. ഒടുവിൽ കുറഞ്ഞ ഭൂരിപക്ഷത്തിൽ തരൂർ തന്നെ ജയിക്കുക ആണ് ഉണ്ടായത്.

പിന്നീട് ബി.ജെ.പിയ്ക്ക് നിർത്താൻ പറ്റിയ ഒരു വ്യക്തിപ്രഭാവമുള്ള സ്ഥാനാർത്ഥി തിരുവനന്തപുരത്ത് ഉണ്ടായില്ല എന്നതാണ് സത്യം. അത് ഇന്നും ബി.ജെ.പി ക്കാരുടെ ഇടയിൽ ദു:ഖ സത്യമായി നിലകൊള്ളുന്നു. തരൂർ അല്ലാതെ മറ്റൊരു കോൺഗ്രസ് സ്ഥാനാർത്ഥി അവിടെ ഉണ്ടായാൽ ഒരു പക്ഷേ ബി.ജെ.പി തിരുവന്തപുരത്ത് ജയിച്ചു കൂടെന്നില്ല. എന്നാൽ ഇന്നത്തെ അവസ്ഥയിൽ തരൂരിന് പിന്തുണകൊടുത്തോ ബി.ജെ.പി യിൽ എത്തിച്ചോ ഒരു ഗെയിം കളിക്കാനാണ് ബി.ജെ.പി ഉദ്ദേശിച്ചത്. അതും തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ ഇന്ന് ഏറെ തിളങ്ങി നിൽക്കുമ്പോൾ. പല പ്രബല സമുദായങ്ങൾക്കും ഇന്ന് അദ്ദേഹം സ്വീകാര്യനുമാണ്. ഒറ്റയ്ക്ക് നിന്നാൽ പോലും ജയിക്കാൻ പറ്റുന്ന താരത്തിളക്കം ഇപ്പോൾ അദ്ദേഹത്തിനുണ്ട്.

തരൂർ ജയിച്ചാൽ അതിൻ്റെ അലയൊലികൾ പിന്നീട് വരുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലും അനുകൂലമാക്കാൻ ബി.ജെ.പിക്ക് കഴിയുമെന്ന വിശ്വാസം അവർക്ക് ഉണ്ടായിരുന്നു. തിരുവനന്തപുരം പോലുള്ള ജില്ലയിൽ നിന്ന് ഒന്നോ രണ്ടോ സീറ്റും ബി.ജെ.പി നേടി എടുത്തു കൂടായ്കയില്ല. തരൂർ തിരുവനന്തപുരത്ത് സ്വതന്ത്രനായി മത്സരിച്ചിരുന്നെങ്കിൽ അത് ബി.ജെ.പി യെ സംബന്ധിച്ചു പറഞ്ഞാൽ ലോട്ടറി അടിച്ചതിന് തുല്യമായിരുന്നു. തരൂരിന് ബി.ജെ.പി ഇന്ന് അപ്രിയമാണെങ്കിലും തരൂരിനെ ബി.ജെ.പിയ്ക്ക് ഇപ്പോഴും അപ്രിയമാണെന്ന് തോന്നുന്നില്ല. സുനന്ദ പുഷ്ക്കർ വിവാദം ഇവിടെ കത്തിപ്പടർന്നപ്പോൾ ബി.ജെ.പി തരൂരിനോട് കാണിച്ച മൃദുസമീപനം അതിന് തെളിവാണ്. മാത്രമല്ല, ബി.ജെ.പി പിന്തുണയോടെ തരൂർ തിരുവനന്തപുരത്ത് ജയിച്ചിരുന്നെങ്കിൽ തരൂരും ഇന്ത്യൻ രാഷ്ട്രീയത്തിൽ ശക്തനായി മാറിയേനെ.

ബി.ജെ.പി വീണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയാൽ ഒരു നല്ല കേന്ദ്രമന്ത്രി സ്ഥാനം പോലും ശശി തരൂരിനെ തേടി വന്നുകൂടായ്കയില്ല. ഒരു എം.പി സ്ഥാനത്ത് മാത്രം ഒതുങ്ങുന്നതിലും നല്ല വഴി ഇതു തന്നെ അല്ലേ? തരൂരിന് കോൺഗ്രസിൽ എന്ത് പാരമ്പര്യം എന്ന് ആക്ഷേപിക്കുന്നവർ തരൂരിൻ്റെ പാർട്ടിയോടുള്ള കൂറാണ് മനസിലാക്കേണ്ടത്. താൻ കോൺഗ്രസിനെ രക്ഷിക്കാം, രക്ഷിക്കാം എന്ന് ശശി തരൂർ അടിക്കടി നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടെങ്കിലും ഹൈക്കമാൻ്റോ കേരളത്തിലെ കോൺഗ്രസ് നേതാക്കളോ അത് കേട്ട ഭാവമേ നടിക്കുന്നില്ല. എന്നാൽ കേരളത്തിൽ ശശി തരൂരിനു മാത്രമേ കോൺഗ്രസിനെ രക്ഷിക്കാൻ സാധിക്കുകയുള്ളുവെന്ന് ചിന്തിക്കുന്നവർ ഏറെയാണ്. അങ്ങനെ ചിന്തിക്കുന്നവർ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിലും പ്രവർത്തകർക്കിടയിലും പോലും ഉണ്ട്. ആരെയോ പേടിച്ച് പലരും മൗനം ഭജിക്കുന്നുവെന്നു മാത്രം.

കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ കരുണാകരനും ഉമ്മൻ ചാണ്ടിയ്ക്ക് ശേഷം ജനങ്ങളെ കൂട്ടത്തോടെ ആകർഷിക്കാൻ കഴിയുന്ന നേതാവായി അവർ ശശി തരൂരിനെ കാണുന്നു എന്നതാണ് വാസ്തവം. ഒപ്പം രാഷ്ട്രീയത്തിൽ നിന്നും പാർട്ടി പ്രവർത്തനങ്ങളിൽ നിന്നുമൊക്കെ അകന്നു ജീവിക്കുന്ന ഇന്നത്തെ യുവ നിരയെ പാർട്ടിയിലേയ്ക്ക് കൊണ്ടുവരുവാൻ ശശി തരുർ അല്ലാതെ മറ്റൊരാൾ ഇല്ലെന്നും ഇവർ വിശ്വസിക്കുന്നു. എന്നാൽ ഇവിടുത്തെ തലമൂത്ത കോൺഗ്രസ് നേതാക്കളിൽ പലരും ഇന്ന് മലർപ്പൊടിക്കാരൻ്റെ സ്വപ്നത്തിലാണ്. കോൺഗ്രസിന് പുതുജീവ വായു കൊടുക്കാം എന്ന് പറഞ്ഞ് സമൂഹത്തിലേയ്ക്ക് ഇറങ്ങിത്തിരിച്ച തരൂരിന് എങ്ങനെ കൂച്ചുവിലങ്ങ് ഇടാം എന്ന ആലോചനയിലാണ് ഈ നേതാക്കളിൽ പലരും. ബാക്കി എന്തൊക്കെ കാര്യത്തിൽ അകന്നാലും ഇക്കാര്യത്തിൽ ഇവിടുത്തെ കോൺഗ്രസ് നേതാക്കൾ എല്ലാം ഒറ്റക്കെട്ടാണ്. എന്നാൽ ഇവർക്ക് ആർക്കും ജനങ്ങളെ കൈയ്യിലെടുക്കാൻ പറ്റുന്നുമില്ല.

എ.ഐ.സി.സി പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ശശി തരൂർ മത്സരിക്കാൻ തീരുമാനിച്ചപ്പോൾ ഇന്ത്യയിലെ സാധാരണ ജനങ്ങൾ മുഴുവൻ അതിനെ ഹാർദവമായി സ്വാഗതം ചെയ്തപ്പോൾ തരുരിനെതിരെ ഹൈക്കമാൻ്റിൻ്റെ പിന്തുണയോടെ ആരെയെങ്കിലും മത്സരിപ്പിച്ച് തരുരിനെ ഒരു മൂലയ്ക്കിരുത്താൻ വ്യഗ്രതപൂണ്ട് ഇവിടുത്തെ നേതാക്കൾ തലങ്ങും വിലങ്ങും ഓടുന്ന കാഴ്ചയാണ് കണ്ടത്. അവർ രണ്ട് പടുവൃദ്ധന്മാരെ അതിനായി കണ്ടെത്തി. ആദ്യം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടിനെ കണ്ടു. അദ്ദേഹത്തിന് അധികാരം തന്നെ മുഖ്യം. മുഖ്യമന്ത്രിയ്ക്ക് അപ്പുറം എന്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡൻ്റ് എന്നതായിരുന്നു ഈ 76കാരൻ്റെ ചിന്ത. മുഖ്യമന്ത്രി സ്ഥാനം ഒരിക്കലും ഒഴിയാൻ പറ്റില്ല വേണമെങ്കിൽ രണ്ടും ഒന്നിച്ച് ഏറ്റെടുക്കാമെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. ഹൈക്കാമാൻ്റിന് അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. എന്നിട്ടും തരുരിനെ പിന്തുണയ്ക്കാനും സമ്മതമില്ലായിരുന്നു.

പിന്നിട് ഇവർ കണ്ടുപിടിച്ചതാണ് മല്ലികാർജുൻ ഖാർഗെ എന്ന 82 കാരനെ. 80 കഴിഞ്ഞതിനെ തുടർന്ന് ഇവിടുത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളായ എ കെ ആൻ്റണിയും വയലാർ രവിയുമൊക്കെ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിഞ്ഞു വീട്ടിൽ വിശ്രമജീവിതം നയിക്കുമ്പോഴാണ് 80 കഴിഞ്ഞ മല്ലികാർജുൻ ഖാർഗെയെന്ന ആളെ ആരുടെയൊക്കെയോ റബ്ബർ സ്റ്റാമ്പ് ആക്കാൻ പൊക്കി കൊണ്ടുവന്നത് എന്നോർക്കണം. എന്നിട്ടും തരൂർ ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ ആരുടെയും പിന്തുണ തേടാതെ ഒറ്റയ്ക്ക് മത്സരിച്ച് സാമാന്യം നല്ല വോട്ട് കരസ്ഥമാക്കുകയായിരുന്നു. അതുവഴി ജയിച്ച ഖാർഗെയേക്കാൾ സമൂഹ മധ്യത്തിൽ കൂടുതൽ സ്റ്റാർ ആയി തിളങ്ങുവാനും തരൂരിന് സാധിച്ചു. എ.ഐ സി.സി പ്രസിഡൻ്റ് ആകാൻ തരൂരിന് നേതാക്കൾ അയോഗ്യതയായി കണ്ടത് പാർട്ടി പാരമ്പര്യം ഇല്ലെന്നായിരുന്നു.

ഇത്രയൊക്കെ അവഹേളനം സഹിച്ച് കോൺഗ്രസിന് വേണ്ടി പൊരുതുന്ന ശശി തരൂരിനെയാണ് പത്മജയെയും അനിൽ അൻ്റണിയെയും പോലുള്ളവർ മാതൃകയാക്കേണ്ടത്. എല്ലാവരും കൂട്ടത്തോടെ കോൺഗ്രസിൽ നിന്ന് പോയാലും കോൺഗ്രസിനെ ഒറ്റയ്ക്ക് വളർത്താൻ കേരളത്തിൽ കെൽപ്പുള്ള ഒരു നേതാവേ ഇന്ന് ഉള്ളു. അത് തരൂർ മാത്രം. ഉമ്മൻ ചാണ്ടിയ്ക്ക് ശേഷം കേരളത്തിൽ കോൺഗ്രസിന് ഒരു മുതൽകൂട്ട് തന്നെയാണ് തരൂർ. ഓർക്കണം, കോൺഗ്രസിനെ ഇന്നും നശിപ്പിച്ചു കൊണ്ടിരിക്കുന്നതും ഇപ്പോഴും പാർട്ടിയെ പടുകുഴിയിലേയ്ക്ക് തള്ളിവീഴിത്തിക്കൊണ്ടിരിക്കുന്നതും അതിൻ്റെ നേതാക്കൾ തന്നെയെന്ന്. ഒരോ വലിയ നേതാക്കളും പാർട്ടി വിട്ടുപോകുമ്പോഴും അതിൻ്റെ നഷ്ടം വളരെ വലുതാണെന്ന് കോൺഗ്രസ് നേതാക്കൾ തിരിച്ചറിഞ്ഞാൽ നന്നായിരിക്കും. ശശി തരൂർ ആയാലും പാർട്ടി വിട്ടാൽ നഷ്ടം പാർട്ടിക്ക് തന്നെ. അല്ലാതെ തരൂരിന് ആയിരിക്കില്ല.

Keywords: Election, Anil Antony, AK Antony, Padmaja Venugopal, Shashi Tharoor, News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Padmaja Venugopal and Anil Antony should emulate Shashi Tharoor. < !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia