POLITICS | പി ശശിയുടെ സ്ഥാനക്കയറ്റം, സി കെ പിയുടെ തരംതാഴ്ത്തല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധവുമായി അണികള്‍

 


കണ്ണൂര്‍: (www.kvartha.com) സിപിഎം സംസ്ഥാനസമിതി അംഗമായ പി ശശിയെ പൊളിറ്റികല്‍ സെക്രടറിയാക്കി ഉയര്‍ത്തുകയും അദ്ദേഹത്തിനെതിരെ ബന്ധുവിനു നേരെ ലൈംഗീക പീഡനം നടത്തിയെന്ന് പരാതി നല്‍കിയ മുന്‍ തളിപ്പറമ്പ് മണ്ഡലം എംഎല്‍എ സി കെ പി പത്മനാഭനെ ഒതുക്കുകയും ചെയ്തുവെന്നാരോപിച്ചു സാമൂഹ്യ മാധ്യമങ്ങളില്‍ സൈബര്‍ സഖാക്കളുടെ പ്രതിഷേധം. സിപിഎം അനുകൂല സൈബര്‍ ഗ്രൂപുകളിലാണ് പി ശശിയുടെയും സി കെ പിയുടെയും ചിത്രങ്ങള്‍ സഹിതം വെച്ചു നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി പ്രവര്‍ത്തകര്‍ പോസ്റ്റുകളിടുന്നത്. സിപിഎം പ്രവര്‍ത്തകര്‍ അഡ്മിന്‍മാരായ വാട്സ് ആപ് ഗ്രൂപുകളിലും ഈ വിഷയം ചൂടേറിയ ചര്‍ച്ചയായിട്ടുണ്ടെന്നാണ് പാര്‍ടിക്കുളളില്‍ നിന്നും ലഭിക്കുന്ന വിവരം.

 
POLITICS | പി ശശിയുടെ സ്ഥാനക്കയറ്റം, സി കെ പിയുടെ തരംതാഴ്ത്തല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധവുമായി അണികള്‍



പി ശശിയുടെ ചിത്രംവെച്ചു പൊളിറ്റികല്‍ സെക്രടറിയായതിന് അഭിവാദ്യങ്ങളെന്നു പോസ്റ്റു ചെയ്ത നേതാക്കളുടെ ഫെയ്സ്ബുക് പേജിലും പ്രതിഷേധ സൂചകമായുള്ള കമന്റുകള്‍ നിറഞ്ഞിട്ടുണ്ട്. എല്ലാവരും ശശിയായെന്നാണ് പലരും ഇതിനു താഴെ ട്രോളിടുന്നത്.

സി കെ പി പത്മനാഭന്റെ ഏരിയായ മാടായിയില്‍ നിന്നുമാണ് ഇത്തരത്തില്‍ കൂടുതല്‍ പ്രതിഷേധം പ്രവര്‍ത്തകരില്‍ നിന്നുയര്‍ന്നുവന്നിട്ടുള്ളത്. ഇതിനൊപ്പം സംസ്ഥാനകമിറ്റിയില്‍ പി ജയരാജന്‍ നല്‍കിയ വീണ്ടും തെറ്റു ചെയ്യാനുള്ള സാധ്യതയുണ്ടെന്ന കമന്റുകളും പലരും എഴുതിയിട്ടുണ്ട്. സിപിഎം സൈബര്‍ പോരാളികള്‍ പി ശശിയുടെ പുതിയ സ്ഥാനക്കയറ്റത്തില്‍ കടുത്ത രോഷത്തിലാണെന്നാണ് സൂചന. ഇവരുടെ പ്രതികരണങ്ങളില്‍ നിറയുന്നതും ഇതുതന്നെയാണെന്നും വിലയിരുത്തപ്പെടുന്നു. പി ശശിക്കെതിരെ 2011ല്‍ പരാതി നല്‍കിയ സി കെ പി ഇപ്പോള്‍ മാടായി ഏരിയാകമിറ്റി അംഗം മാത്രമാണ്. പാര്‍ടി പരിപാടികളിലും അദ്ദേഹത്തിന്റെ സാന്നിധ്യം കുറവാണ്.

നേരത്തെ സിപിഎം സംസ്ഥാന കമിറ്റിയംഗവും കര്‍ഷക സംഘടനയുടെ സംസ്ഥാന നേതാവുമായിരുന്നു അദ്ദേഹം. തളിപ്പറമ്പ് എംഎല്‍എയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ടിയില്‍ വി എസ്-പിണറായി വിഭാഗീയത കത്തിനില്‍ക്കുമ്പോഴാണ് പിണറായി പക്ഷത്തെ കരുത്തനായ നേതാവായ പി ശശിക്കെതിരെ സി കെ പി പരാതി നല്‍കുന്നത്. ഇതോടെയാണ് കര്‍ഷക സംഘടനയുടെ ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രത കാണിച്ചില്ലെന്ന് ആരോപണവുമായി അദ്ദേഹത്തെ കര്‍ഷക സംഘടനയില്‍ നിന്നും സംസ്ഥാന കമിറ്റിയില്‍ നിന്നും തരംതാഴ്ത്തുന്നത്. പിന്നീട് മാടായി ഏരിയാകമിറ്റിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും പാര്‍ടിയില്‍ ഏറെക്കുറെ നിശബ്ദനാണ് സി കെ പി. ഈ സാഹചര്യത്തില്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറം ആരോപണവിധേയനായ പി ശശിക്ക് വീണ്ടും സ്ഥാനക്കയറ്റവും സി കെ പിക്ക് അവഗണനയും നല്‍കിയെന്ന വിമര്‍ശനം പാര്‍ടി അണികള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇപ്പോള്‍ ഉയര്‍ത്തുന്നത്. എന്നാല്‍ സ്ഥിതിഗതികള്‍ തണുപ്പിക്കുന്നതിനായി പാര്‍ടിയില്‍ യാതൊരു അഭിപ്രായ ഭിന്നതയുമില്ലെന്ന വാദവുമായി നേതാക്കളായ ഇ പി ജയരാജന്‍, എം വി ജയരാജന്‍ എന്നിവരും രംഗത്തെത്തിയിട്ടുണ്ട്. തന്റെ പേരില്‍ വന്ന വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ടു പി ജയരാജനും പ്രതികരിച്ചിട്ടുണ്ട്. ഇതുകൊണ്ടൊന്നും അണികളുടെ അമര്‍ഷം അടങ്ങിയിട്ടില്ല. വരും ദിനങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഗ്രൂപുകളില്‍ പ്രതിഷേധം ശക്തമാകുമെന്നാണ് നിലവിലെ സാഹചര്യം നല്‍കുന്ന സൂചന. എന്നാല്‍ ഇത്തരം പോസ്റ്റിടുന്ന പാര്‍ടി അംഗങ്ങള്‍ക്കെതിരെയും ഉത്തരവാദിത്വപ്പെട്ട ബഹുജനസംഘടനകളുടെ ഭാരവാഹിത്വം വഹിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് പാര്‍ടി നേതൃത്വം നല്‍കുന്ന മുന്നറിയിപ്പ്.

Keywords:  Kerala, Kannur, News, Social Media, Politics, CPM, Protest, Whatsapp, P Sasi's promotion and CKP's demotion line up in protest on social media
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia