Criticism | രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥി നിര്‍ണയം പുനഃപരിശോധിക്കണം; പാര്‍ട്ടിയെ തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കുമെന്ന് മുന്നറിയിപ്പ്; അതൃപ്തി പരസ്യമാക്കി പി സരിന്‍
● എതിര്‍പ്പ് പ്രകടിപ്പിച്ചത് സ്ഥാനാര്‍ഥി ആകാത്തതുകൊണ്ടല്ല
● ഒരാളുടെ താല്പര്യത്തിന് വേണ്ടി പാര്‍ട്ടിയെ ബലി കഴിക്കരുത്
● നേതൃത്വം കാണിക്കുന്നത് തോന്ന്യവാസം
● പാര്‍ട്ടിയുടെ മൂല്യങ്ങളിലുള്ള വിശ്വാസങ്ങള്‍ക്ക് കോട്ടം വന്നു
പാലക്കാട്: (KVARTHA) കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലെ അതൃപ്തി പരസ്യമാക്കി പി സരിന്‍ രംഗത്ത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥി നിര്‍ണയം പാര്‍ട്ടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം പാര്‍ട്ടിയെ തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കുമെന്ന് ഭയന്നാണ് താന്‍ മുന്നോട്ടുവന്നതെന്നും വ്യക്തമാക്കി.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചര്‍ച്ച പ്രഹസനമായിരുന്നുവെന്നും നല്ല തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചിലര്‍ തീരുമാനിച്ച കാര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുത്താല്‍ പാര്‍ട്ടി വലിയ വില കൊടുക്കേണ്ടിവരുമെന്നും സരിന്‍ മുന്നറിയിപ്പ് നല്‍കി. സ്ഥാനാര്‍ഥി ആകാത്തതുകൊണ്ടല്ല താന്‍ എതിര്‍പ്പ് അറിയിച്ച് രംഗത്തെത്തിയതെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോഴത്തെ സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. പാലക്കാട്ട് ഒരാളുടെ താല്പര്യത്തിന് വേണ്ടി പാര്‍ട്ടിയെ ബലി കഴിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
സ്ഥാനാര്‍ഥി പ്രഖ്യാപനം കോണ്‍ഗ്രസ് പുനഃപരിശോധിക്കണമെന്ന് പറഞ്ഞ സരിന്‍ നേതൃത്വത്തിന് തിരുത്താന്‍ ഇനിയും സമയമുണ്ടെന്നും അറിയിച്ചു. തെറ്റുപറ്റിയെങ്കില്‍ തിരുത്തണം. എന്റെ ആവശ്യമായി കാണരുത്. ഇല്ലെങ്കില്‍ തോല്‍ക്കുക രാഹുല്‍ മാങ്കൂട്ടത്തില്‍ ആയിരിക്കില്ല രാഹുല്‍ ഗാന്ധിയായിരിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുനഃപരിശോധിച്ച് രാഹുല്‍ തന്നെയാണ് സ്ഥാനാര്‍ഥിയെന്ന് പറഞ്ഞാല്‍ പ്രശ്‌നം തീര്‍ന്നു. നേതൃത്വം കാണിക്കുന്നത് തോന്ന്യവാസമാണ്. പാര്‍ട്ടിയുടെ മൂല്യങ്ങളിലുള്ള വിശ്വാസങ്ങള്‍ക്ക് കോട്ടം വന്നു. പാര്‍ട്ടി തീരുമാനങ്ങളുടെ രീതിക്ക് മാറ്റം വന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തെ സംബന്ധിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും രാഹുല്‍ ഗാന്ധിക്കും കത്തെഴുതിയിട്ടുണ്ടെന്നും സരിന്‍ പറഞ്ഞു.
2016ല്‍ പാര്‍ട്ടിയിലെത്തിയ ഒരു സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകനാണ് താന്‍. നാടിന്റെ നല്ലതിന് വേണ്ടിയാണ് സിവില്‍ സര്‍വീസ് ജോലി രാജി വെച്ചത്. ശരിക്ക് വേണ്ടിയാണ് ഇറങ്ങി തിരിച്ചതെന്നും സരിന്‍ പറഞ്ഞു. എല്ലാവര്‍ക്കും അംഗീകരിക്കാവുന്ന ആളെ സ്ഥാനാര്‍ഥിയാക്കാന്‍ എന്തുകൊണ്ടാണ് പാര്‍ട്ടിക്ക് സാധിക്കാത്തത്? താന്‍ കോണ്‍ഗ്രസ് വാട് സാപ്പ് ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റായിട്ടില്ല. പറയാനുള്ളത് പറഞ്ഞിട്ടുമാത്രമേ പോകൂ. സ്വതന്ത്രനായി മത്സരിക്കുമോ എന്ന ചോദ്യത്തിന് ആദ്യം പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും ബാക്കി പിന്നീടെന്നുമായിരുന്നു സരിന്റെ മറുപടി.
അതേസമയം പി സരിന്‍ നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. സരിന്‍ ചോദ്യം ചെയ്തത് എഐസിസിയുടെ നടപടിയെയാണെന്നും കെപിസിസി പറഞ്ഞു. അഭിപ്രായ വ്യത്യാസം പാര്‍ട്ടിക്കുള്ളില്‍ നടത്തണമായിരുന്നുവെന്നാണ് കെപിസിസിയുടെ വിലയിരുത്തല്‍.
സരിന്റെ വാക്കുകള്‍:
2016-ല്‍ പാര്‍ട്ടിയിലെത്തിയ ഒരു സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകനാണ് താന്‍. നാടിന്റെ നല്ലതിന് വേണ്ടിയാണ് സിവില്‍ സര്‍വീസ് ജോലി രാജി വെച്ചത്. ശരിക്ക് വേണ്ടിയാണ് ഇറങ്ങിത്തിരിച്ചത്. താന്‍ മീഡിയ ഗ്രൂപ്പില്‍നിന്ന് ലെഫ്റ്റായി എന്നത് തെറ്റായ വാര്‍ത്തയാണെന്നും സരിന്‍ പറഞ്ഞു.
ഞാന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്ട്രെക്ചറാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെട്ടു. അതിന് പാര്‍ട്ടിയില്‍ നിന്ന് പിന്തുണ കിട്ടിയില്ല. സ്ഥാനാര്‍ഥികളെ കുറിച്ച് പ്രവര്‍ത്തകര്‍ക്ക് വലിയ പ്രതീക്ഷകളുണ്ട്. സിവില്‍ സര്‍വീസില്‍ ചേരുമ്പോള്‍ പത്ത് വര്‍ഷം കഴിഞ്ഞാല്‍ ജോലി രാജി വെക്കും എന്ന് കാമുകിയോട് പറഞ്ഞിരുന്നു. ആ വാക്ക് ഞാന്‍ പാലിച്ചു. 33-ാം വയസ്സിലാണ് സിവില്‍ സര്‍വീസ് രാജി വെച്ചത്. നാടിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഒരു വേദി ഉണ്ടാവുക എന്നതായിരുന്നു പ്രധാന കാര്യം.
ഒറ്റപ്പാലത്ത് വാടകവീട്ടില്‍ നിന്നാണ് പ്രവര്‍ത്തിച്ചത്. കുറച്ച് ആളുകളുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുത്ത് പാര്‍ട്ടിയെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നവരെ തിരുത്തിയില്ലെങ്കില്‍ പാലക്കാട്ട് ഹരിയാന ആവര്‍ത്തിക്കും. കണ്ണടച്ച് ഇരുട്ടാക്കുന്നവരെ തിരുത്തിയില്ലെങ്കില്‍ വില കൊടുക്കേണ്ടി വരുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം കയ്യില്‍ നിക്കാത്ത സ്ഥിതി വരും.
പാര്‍ട്ടിയുടെ ചില മൂല്യങ്ങളില്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. അവസാന നിമിഷം വരെ പാര്‍ട്ടി തീരുമാനത്തില്‍ പ്രതീക്ഷയുണ്ടായിരുന്നു. പാര്‍ട്ടിയില്‍ തീരുമാനം എടുക്കുന്ന രീതി മാറി. കോണ്‍ഗ്രസ് പ്രസിഡന്റിനും രാഹുല്‍ ഗാന്ധിക്കും കത്തെഴുതി. കത്തില്‍ എന്നെ സ്ഥാനാര്‍ഥിയാക്കിയാലുള്ള ഗുണങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. പാലക്കാട് ജയിച്ചേ പറ്റൂ. അല്ലെങ്കില്‍ ഇവിടെ തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തില്‍ അല്ല രാഹുല്‍ ഗാന്ധിയാണ്. പുനഃപരിശോധനയ്ക്ക് ശേഷവും രാഹുലാണ് മികച്ച സ്ഥാനാര്‍ഥിയെന്ന് പാര്‍ട്ടിക്ക് തോന്നിയാല്‍ അവിടെ തന്നെ പകുതി ജയിച്ചു.
ജയിലില്‍ കിടക്കുന്നത് മാത്രമല്ല ത്യാഗം. പാര്‍ട്ടിക്ക് തെറ്റ് പറ്റിയെങ്കില്‍ പാര്‍ട്ടി തിരുത്തണം. ഇത് എന്റെ ആവശ്യമല്ല. പാര്‍ട്ടിയെ സ്നേഹിക്കുന്ന ഒരുപാട് ആളുകളുടെ ആവശ്യമാണ്. പാര്‍ട്ടിയില്‍ സുതാര്യത ഉണ്ടാവണം. നല്ല തീരുമാനത്തിന് കാത്തിരിക്കുകയാണ്. കോണ്‍ഗ്രസ് സ്ഥാനര്‍ഥി ആരാണെന്ന് ഉറപ്പായതിന് ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സരിന്‍ പറഞ്ഞു.
#CongressKerala #CandidateReview #PoliticalDispute #PSarin #RahulMankoottil #HaryanaWarning