Criticism | നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പുറത്താക്കിയ പി സരിന്‍ തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി; മത്സരിച്ചാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ വരെ ചോര്‍ത്താന്‍ കഴിയുമെന്ന് വിലയിരുത്തല്‍
● ഔദ്യോഗിക പ്രഖ്യാപനം പിന്നീട്
● റോഡ് ഷോ ഉള്‍പ്പെടെയുള്ളവ ശനിയാഴ്ചയായിരിക്കും
● സിപിഎം ഓഫീസിലെത്തിയ സരിന് പ്രവര്‍ത്തകര്‍ നല്‍കിയത് വന്‍ വരവേല്‍പ്
● എകെ ബാലന്‍ ചുവന്ന ഷോള്‍ അണിയിച്ച് വരവേറ്റു
പാലക്കാട്: (KVARTHA) നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് സ്ഥാനാര്‍ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിക്കെതിരേയും നേതാക്കള്‍ക്കെതിരേയും രൂക്ഷവിമര്‍ശനം നടത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസ് പുറത്താക്കിയ പി സരിന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും. പാര്‍ട്ടി ചിഹ്നമില്ലാതെ ഇടത് സ്വതന്ത്രനായാകും മത്സരിക്കുക.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് സരിന്റെ പേര് ഐകകണ്ഠ്യേന പാസാക്കി. സരിന്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍വരെ ചോര്‍ത്താന്‍ കഴിയുമെന്ന വിലയിരുത്തലും സെക്രട്ടേറിയറ്റിലുണ്ടായി. ജില്ലാ കമ്മിറ്റിയിലും ഇക്കാര്യം അവതരിപ്പിച്ച ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം. റോഡ് ഷോ ഉള്‍പ്പെടെയുള്ളവ ശനിയാഴ്ചയായിരിക്കും നടത്തുക.
പാലക്കാട്ടെ സിപിഎം ഓഫീസിലെത്തിയ സരിന് വന്‍ വരവേല്‍പാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. ഓട്ടോറിക്ഷയിലാണ് സരിന്‍ ജില്ലാ ഓഫീസിലെത്തിയത്. സരിന്‍ എത്തിയതിനു പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് വേണ്ടി മുദ്രാവാക്യം വിളിച്ചു. എകെ ബാലന്‍ ചുവന്ന ഷോള്‍ അണിയിച്ചു വരവേറ്റു. രാവിലെ മന്ത്രി എംബി രാജേഷിനെ സരിന്‍ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു.
എല്ലാ അര്‍ഥത്തിലും തുടങ്ങുന്നുവെന്ന് സരിന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. പാലക്കാട് ബിജെപിയെ ജയിപ്പിക്കാന്‍ വേണ്ടുന്ന സകല ഡീലും ഉറപ്പിച്ച് വച്ചിരിക്കുന്നവരോടുള്ള മറുപടിയാണ് തന്റെ സ്ഥാനാര്‍ഥിത്തമെന്ന് സരിന്‍ പറഞ്ഞു. താന്‍ രാഷ്ട്രീയ അനാഥത്വം നേരിടേണ്ടയാളല്ല എന്നതിന്റെ ബോധ്യപ്പെടുത്തലാണിതെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.
സരിന്റെ വാക്കുകള്‍:
ഇടത് സ്ഥാനാര്‍ഥിയാകാനുള്ള ലക്ഷ്യം വിദൂരതയില്‍ പോലുമില്ലായിരുന്നു. രാഷ്ട്രീയ സാഹചര്യങ്ങള്‍ അതിലേക്ക് നയിച്ചതാണ്. മൂന്നാം സ്ഥാനത്ത് നിന്ന് എല്‍ഡിഎഫിനെ ഒന്നാം സ്ഥാനത്തെത്തിക്കും. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അധഃപതനത്തെ അടയാളപ്പെടുത്തുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്. അധികാരമാണ് രാഷ്ട്രീയമെന്ന് കരുതുന്നവര്‍ക്കുള്ള മറുപടിയായിരിക്കുമിത്.
ബിജെപി പാലക്കാട് ജയിക്കുമോ എന്ന് ആശങ്കപ്പെടുന്നവര്‍ക്കുള്ള സമാശ്വാസ ജയമായിരിക്കും ഇത്. വ്യക്തിപരമായ ആക്രമണം സൈബര്‍ ഇടത്തിലുള്‍പ്പെടെ നേരിട്ടുകൊണ്ടിരിക്കുകയാണ്. തന്റെ പഴയ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ കുത്തിപ്പൊക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ പരിഹാസ്യരാവുകയാണെന്നും സരിന്‍ പറഞ്ഞു.
#PalarivattomElection, #PSarin, #LDFKerala, #KeralaPolitics, #ByElectionKerala, #Palakkad