Obituary | പി അപ്പുക്കുട്ടന്‍ മാസ്റ്റര്‍: പച്ചമണ്ണിൽ കാലുറപ്പിച്ചു നിന്ന എഴുത്തുകാരൻ; വിടപറഞ്ഞത് ഭാഷാശുദ്ധിയുടെ മുഴക്കം

 
P. Appukuttan Master: Writer Rooted in Culture, Voice of Linguistic Purity Passes Away
P. Appukuttan Master: Writer Rooted in Culture, Voice of Linguistic Purity Passes Away

Photo: Arranged

● പി. അപ്പുക്കുട്ടൻ മാസ്റ്ററെ ഗാന്ധിസത്തെപ്പോലെ തന്നെ മാര്‍ക്‌സിയിന്‍ പ്രത്യയശാസ്ത്രവും സ്വാധീനം ചെലുത്തിയിരുന്നു. 
● സാംസ്‌കാരിക പ്രഭാഷണ വേദികളില്‍ ഭാഷാശുദ്ധിയുടെ മുഴക്കമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത.
● സംഗീതനാടക അക്കാദമി സെക്രട്ടറിയെന്ന നിലയിലും പു.ക.സ നേതാവെന്ന നിലയിലും കേരളമാകെ നിറഞ്ഞു നിന്ന സാംസ്‌കാരിക പ്രഭാഷകനായിരുന്നു. 
● കാസര്‍കോടന്‍ എഴുത്തുപുരകളാണ് അപ്പുക്കുട്ടന്‍ മാസ്റ്ററുടെ ആഖ്യാന ശൈലിക്ക് മിഴിവേകിയത്.

ഭാമനാവത്ത്

കണ്ണൂർ: (KVARTHA) സ്വത്വ ബോധത്തിന്റെ ആശങ്കകളുമായി കേരളീയ സാംസ്‌കാരിക അന്തരീക്ഷത്തില്‍ ശിഥിലചിന്തകളും നിരര്‍ത്ഥകതയും ഉല്‍പ്പാദിപ്പിച്ച  കലയിലെയും എഴുത്തിലെയും ആധുനികതയെയും ഉത്തരാധുനികതയെയും  തന്റെ എഴുത്തുകൊണ്ടും പ്രഭാഷണങ്ങള്‍ കൊണ്ടും ജീവിതം കൊണ്ടും എതിര്‍ക്കാന്‍ ജാഗ്രത കാണിച്ച സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്നു പി. അപ്പുക്കുട്ടന്‍ മാസ്റ്റര്‍. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ചുക്കാന്‍പിടിച്ച അദ്ദേഹത്തെ  ഗാന്ധിസത്തെപ്പോലെ തന്നെ മാര്‍ക്‌സിയിന്‍ പ്രത്യയശാസ്ത്രവും സ്വാധീനം ചെലുത്തിയിരുന്നു.

ജീവിതം വ്യര്‍ത്ഥമാണെന്നും ജീവിക്കുന്നത് ദുരന്തമാണെന്നും തങ്ങളുടെ എഴുത്തുകളിലൂടെയും ചിന്തകളിലൂടെയും ദര്‍ശിച്ച ആധുനികര്‍ക്കൊപ്പമല്ല അദ്ദേഹം പറഞ്ഞതും പ്രവര്‍ത്തിച്ചതും. സര്‍ഗാത്മക ഭാവത്തിന്റെ ചൈതന്യം മനുഷ്യജീവിതത്തെ ശുഭപ്രതീക്ഷയിലേക്ക് നയിക്കണമെന്നായിരുന്നു അപ്പുക്കുട്ടന്റെ പക്ഷം. ജനിച്ച മണ്ണായ പയ്യന്നൂരിന്റെ സാംസ്‌കാരിക പാരമ്പര്യം വളരെയേറെ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. സ്വന്തം സ്വപ്‌നങ്ങള്‍ക്ക് ചുണ്ടുചുവപ്പിക്കാന്‍ തളിര്‍വെറ്റിലനല്‍കിയ ഗ്രാമം  എന്ന് പിറന്ന നാടിനെ കുറിച്ചു അദ്ദേഹം പാടിയിരുന്നു.

സാംസ്‌കാരിക പ്രഭാഷണ വേദികളില്‍ ഭാഷാശുദ്ധിയുടെ മുഴക്കമായിരുന്നു പി. അപ്പുക്കുട്ടന്‍ മാസ്റ്ററുടെത്. കേള്‍വിക്കാരന്റെ മനസിലേക്ക് ആഴത്തില്‍ പതിക്കുന്നമുഴക്കമുളള ശബ്ദവും ഭാഷാശുദ്ധിയുമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത സംഗീതനാടക അക്കാദമി സെക്രട്ടറിയെന്ന നിലയിലും പു.ക.സ  നേതാവെന്ന നിലയിലും കേരളമാകെ നിറഞ്ഞു നിന്ന സാംസ്‌കാരിക പ്രഭാഷകനായിരുന്നു അപ്പുക്കുട്ടന്‍ മാസ്റ്ററുടെത്. ആറുപതിറ്റാണ്ടു നീണ്ടു നില്‍ക്കുന്ന പൊതുജീവിതത്തിനാണ് എണ്‍പത്തിയൊന്‍പതാമത്തെ വയസില്‍ തേടിയെത്തിയ മരണത്തോടെ അദ്ദേഹം വിടപറയുന്നത്. 

സ്വാതന്ത്ര്യസമരകാലത്ത് ഉണര്‍ന്ന പയ്യന്നൂരിന്റെ യുവതയുടെ കൂട്ടത്തില്‍ പ്രഭാഷകര്‍ ഏറെയുണ്ടായിരുന്നു. പി അപ്പുക്കുട്ടനും അതോടൊപ്പം വളര്‍ന്നതാണ്. ദേശീയ പ്രസ്ഥാനവും നവോത്ഥാന പ്രസ്ഥാനങ്ങളും കൊടുമ്പിരി കൊണ്ടിരുന്ന കാലത്താണ്  ഇദ്ദേഹത്തിന്റെ പ്രൈമറി വിദ്യാഭ്യാസം. ഇതിനിടെയില്‍ കൂടുതല്‍ സമയവും സഞ്ജയന്‍ സ്മാരക് ഗ്രന്ഥാലയവും വായനശാലയുമായി നീങ്ങി. കെ.പി കുഞ്ഞിരാമ പൊതുവാളുടെ നാടകമായ ഭാരതരഥത്തില്‍ മികവുറ്റ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. അന്നൂര്‍ യു.പി സ്‌കൂള്‍, പയ്യന്നൂര്‍ ബോര്‍ഡ് സ്‌കൂള്‍ എന്നിവടങ്ങളിലായിരുന്നു പഠനം.  കണ്ണൂര്‍ ഗവ. ട്രെയിനിങ് സ്‌കൂളില്‍ നിന്നും അധ്യാപക പരിശീലനം തേടി 1959-ല്‍ വെളേളാറ യു.പി സ്‌കൂള്‍ അധ്യാപകനായി. 

1962ല്‍  പി എസ് സി നിയമനം ലഭിച്ചു ഗവ. ഹൈസ്‌കൂളിലെത്തി. പിന്നീട് കാസര്‍കോട് ഗവ. ഹൈസ്‌കൂളില്‍ ഭാഷാ അധ്യാപകനായി. 1995- ല്‍ മാര്‍ച്ചില്‍ പയ്യന്നൂര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ നിന്നാണ് വിരമിക്കുന്നത്. 1974-ല്‍ കാസര്‍കോട് നടന്ന സാഹിത്യപരിഷത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ സി.പി ശ്രീധരന്‍, സുകുമാര്‍ അഴീക്കോട്, എന്നിവരോടൊപ്പം മുന്നണിയില്‍ പ്രവര്‍ത്തിച്ചു. കാസര്‍കോട്ടിന്റെ സ്വന്തം എഴുത്തുകാരന്‍ ടി ഉബൈദ്, മാധ്യമ പ്രവര്‍ത്തകന്‍ കെ എം അഹ്‌മദ്‌,  എന്നിവരുടെ സൗഹൃദവലയത്തില്‍ രൂപപ്പെട്ട കാസര്‍കോടന്‍ എഴുത്തുപുരകളാണ് അപ്പുക്കുട്ടന്‍ മാസ്റ്ററുടെ ആഖ്യാന ശൈലിക്ക് മിഴിവേകിയത്.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

P. Appukuttan Master, a cultural activist and writer, passed away, known for his opposition to modern and postmodern trends and his contributions to Kerala's cultural scene.

#PAppukuttanMaster, #KeralaCulture, #Literature, #Obituary, #CulturalActivist, #MalayalamLiterature

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia