പയ്യന്നൂരിലെ മറുനാടന്‍ തൊഴിലാളികള്‍ നാട്ടിലേക്ക് അയക്കുന്നത് 13 കോടി; ബംഗാളി കൊയ്യും വയലെല്ലാം നമ്മുടെതാണ് പൈങ്കിളിയെ..

 


പയ്യന്നൂര്‍: (www.kvartha.com 30.05.2019) സിപിഎം ശക്തികേന്ദ്രമായ പയ്യന്നൂരില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ സമസ്ത തൊഴില്‍ മേഖലകളിലും ആധിപത്യം പുലര്‍ത്തുന്നു. തൊഴിലാളി വര്‍ഗപാര്‍ട്ടിയുടെ കാല്‍ക്കീഴിലുള്ള മണ്ഡലമാണ് പയ്യന്നൂര്‍. എന്നാല്‍ ഇവിടെ ഞാറ് നടാന്‍ മുതല്‍ നെയ്ത്തുജോലിക്ക് വരെ ഇതരസംസ്ഥാന തൊഴിലാളികള്‍ വേണം. നിര്‍മാണ മേഖലയില്‍ നിന്നും നാട്ടുകാര്‍ പിന്‍മാറിയതോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ തമ്പടിച്ചത്.

ഇപ്പോള്‍ സംസ്ഥാനത്ത് പെരുമ്പാവൂരിലുള്ളതിനെക്കാള്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ പയ്യന്നൂരിലുണ്ടെന്നാണ് ലേബര്‍ വകുപ്പിന്റെ കണക്ക്. അയ്യായിരം ഇതര സംസ്ഥാന തൊഴിലാളികളാണ് നിലവില്‍ പയ്യന്നൂര്‍ ടൗണില്‍ മാത്രം ജോലി ചെയ്യുന്നത്. പ്രതിമാസം 13 കോടി രൂപയാണ് ഇവര്‍ നാട്ടിലേക്ക് അയക്കുന്നത്. തദ്ദേശിയര്‍ പിന്‍തിരിഞ്ഞ അധ്വാനമേറിയ തൊഴില്‍ മേഖലകളിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിമുറുക്കിയിരിക്കുന്നത്. ബംഗാള്‍, ഗുജറാത്ത്, ഹരിയാന, രാജസഥാന്‍, ആന്ധ്ര, ഒഡീഷ, കര്‍ണാടക എന്നിവടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് പയ്യന്നൂരിലുള്ളത്. കാല്‍നൂറ്റാണ്ടിലേറെക്കാലം സിപിഎം ഭരണം നടത്തിയ പശ്ചിമബംഗാളില്‍ നിന്നുള്ളവരാണ് ഇതിലേറെയും.

പയ്യന്നൂരിന്റെ ചെങ്കല്‍ മേഖലയില്‍ മാത്രമായി രണ്ടായിരത്തോളം ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നതായി ചെങ്കല്‍ ഉല്‍പാദക സംഘം സംസ്ഥാന സെക്രട്ടറി കണ്ടോത്ത് മണികണ്ഠന്‍ പറഞ്ഞു. ചെങ്കല്‍ ക്വാറികളില്‍ കല്ലുതട്ട്, മെഷീന്‍ പിടിക്കല്‍ തുടങ്ങി ലോഡിങ് വരെയുള്ള എല്ലാതൊഴിലുകളും ഇവര്‍ തന്നെയാണ് ചെയ്യുന്നത്. ഇതരസംസ്ഥാന തൊഴിലാളികളില്‍ കൂടുതല്‍ വേതനം പറ്റുന്നത് കര്‍ണാടക്കാരാണ്. പ്രതിദിനം ആയിരം മുതല്‍ 1400 വരെയാണ് ഇവരുടെ കൂലി. ഇതുകൂടാതെ നിര്‍മാണ മേഖലയിലെ മറ്റു ജോലികളായ കല്ലുക്കെട്ട്, കോണ്‍ക്രീറ്റ്, ടൈല്‍സ് വര്‍ക്ക്, വെല്‍ഡിങ്, പെയിന്റിങ്, മാര്‍ബിള്‍ വിരിക്കല്‍ തുടങ്ങി ഒട്ടേറെ മേഖലകളില്‍ ജോലി ചെയ്യുന്നതും ഇതരസംസ്ഥാന തൊഴിലാളികള്‍ തന്നെയാണ്.

ഇതുകൂടാതെ പയ്യന്നൂര്‍ മേഖലയിലെ കൃഷിയിടങ്ങളിലും ഹോട്ടലുകള്‍, മെക്കാനിക്കല്‍ വര്‍ക്ക് ഷോപ്പുകള്‍ എന്നിവടങ്ങളിലും ജോലി ചെയ്യുന്നത് ഇതരസംസ്ഥാന തൊഴിലാളികളാണ്. അവധി വളരെ കുറച്ചുമാത്രമെടുത്ത് കഠിനാധ്വാനം ചെയ്യുന്നവരാണ് ഇവരെന്ന് തൊഴിലുടമകള്‍ പറയുന്നു. എന്നാല്‍ സര്‍ക്കാരില്‍ നിന്നും തൊഴിലില്ലായ്മ വേതനം പറ്റുന്ന നൂറുകണക്കിനാളുകള്‍ പയ്യന്നൂരിലുണ്ട്. കാര്‍ഷികമേഖല തൊഴിലാളിക്ഷാമം കാരണം മുരടിച്ചു നില്‍ക്കെ ബംഗാളി കൊയ്യും വയലല്ലൊം നമ്മുടെതാണ് പൈങ്കിളിയെ എന്നു പാട്ടുപാടേണ്ട അവസ്ഥയിലാണ് പയ്യന്നൂര്‍. ഇവിടെ കുടിയേറിപാര്‍ക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളെ രാഷ്ട്രീയപരമായി സംഘടിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിവരികയാണ്.

പയ്യന്നൂരിലെ മറുനാടന്‍ തൊഴിലാളികള്‍ നാട്ടിലേക്ക് അയക്കുന്നത് 13 കോടി; ബംഗാളി കൊയ്യും വയലെല്ലാം നമ്മുടെതാണ് പൈങ്കിളിയെ..


Keywords:  Kerala, Payyannur, News, Other state worker, Farmers, Other state labor deposits 13 Cr monthly from Payyannur  

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia