Strike | ആരോഗ്യവകുപ്പിനെതിരെ പ്രതിഷേധവുമായി കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ സൂചനാ പണിമുടക്ക് നടത്തി പ്രതിപക്ഷ സംഘടനകള്‍
കണ്ണൂര്‍: (KVARTHA) സര്‍കാര്‍ ഏറ്റെടുത്ത പരിയാരത്തെ മെഡികല്‍ കോളജിലെ (Pariyaram Medical College) പ്രതിപക്ഷ സംഘടനകള്‍ (Opposition organizations)ഏകദിന സൂചനാ പണിമുടക്ക് സമരം (Demonstration strike) നടത്തി. എന്‍ ജി ഒ അസോസിയേഷന്‍ (NGO Association), കേരള ഗവ. നഴ്സസ് യൂനിയന്‍ (Kerala Govt. Nurses Union) എന്നീ സംഘടനകള്‍ സംയുക്തമായാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്ക് സമരം നടത്തിയത്.
സര്‍കാര്‍ ഏറ്റെടുത്ത പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജിലെ ആഗിരണ പ്രക്രിയ പൂര്‍ത്തിയാക്കുക, സര്‍കാര്‍ ഏറ്റെടുത്ത് സ്പാര്‍ക് പ്രഖ്യാപിച്ച തീയതി വരെയുളള ഗ്രാറ്റുവിറ്റി, ലീവ് സറന്‍ഡര്‍ തുടങ്ങിയ മുഴുവന്‍ ആനുകൂല്യങ്ങളും അനുവദിക്കുക, സര്‍കാര്‍ ഏറ്റെടുക്കുമ്പോള്‍ കിട്ടിക്കൊണ്ടിരുന്ന ശമ്പളം സംരക്ഷിച്ചു തസ്തിക നിര്‍ണയിക്കുക, മെഡികല്‍ കോളജില്‍ പത്തുമുതല്‍ ഇരുപതു വര്‍ഷം വരെ ജോലി ചെയ്ത ജീവനക്കാര്‍ക്ക് ആ വര്‍ഷങ്ങളുടെ സര്‍വീസ് പരിഗണിച്ച് ഗ്രാറ്റുവിറ്റിയും മറ്റ് ആനുകൂല്യങ്ങളും നല്‍കുക, സീനിയോറിറ്റി പരിഗണിച്ച് ജീവനക്കാര്‍ക്ക് പ്രമോഷന്‍ നല്‍കുക, മെഡികല്‍ കോളജിലെ എല്ലാ ജീവനക്കാര്‍ക്കും 2019-വരെയുളള എല്ലാ ആനുകൂല്യങ്ങളും അനുവദിക്കുക, 2021-ഫെബ്രുവരിയില്‍ മെഡിസെപ് അംഗങ്ങളായ ജീവനക്കാരുടെ 2019 വരെയുളള മെഡിസെപ് അരിയേഴ്സ് എന്ന പേരില്‍ ശമ്പളത്തില്‍ നിന്നും അനധികൃതമായി തുക പിടിക്കുന്ന നടപടി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് നടത്തിയത്.
പണിമുടക്കിയവര്‍ ബുധനാഴ്ച രാവിലെ കാംപസില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധ ധര്‍ണ കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ കോര്‍പറേഷന്‍ മുന്‍ മേയറുമായ ടിഒ മോഹനന്‍ ഉദ് ഘാടനം ചെയ്തു. എന്‍ജിഒ അസോ. പരിയാരം ബ്രാഞ്ച് പ്രസിഡന്റ് പി ഐ ശ്രീധരന്‍ അധ്യക്ഷനായി. കെ ജി എന്‍ യു സംസ്ഥാന പ്രസി. കെ എസ് സന്തോഷ് മുഖ്യപ്രഭാഷണം നടത്തി.
എന്‍ ജി ഒ എ സംസ്ഥാന വൈസ് പ്രസി. കെകെ രാജേഷ് ഖന്ന, എംപി ഷനീജ്, കെ ജി എന്‍ യു സംസ്ഥാന ജെനറല്‍ സെക്രടറി എസ് എം അനസ്, ടി എന്‍ എ ഐ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. രേണു സൂസന്‍ തോമസ്, യുകെ മനോഹരന്‍, സന്ദീപ് സിറിയക്, കെവി മഹേഷ്, എംപി ഉണ്ണികൃഷ്ണന്‍, രാജീവന്‍ കപ്പച്ചേരി എന്നിവര്‍ പ്രസംഗിച്ചു.
പ്രതിഷേധ പരിപാടികള്‍ക്ക് കെ ജി എന്‍ യു സംസ്ഥാന സെക്രടറി റോബിന്‍ ബേബി, പരിയാരം യൂനിറ്റ് സെക്രടറി കെ എ ഷൈനി, എന്‍ ജി ഒ എ ബ്രാഞ്ച് സെക്രടറി ടിവി ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.