Oommen Chandy | ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മെഡികല്‍ ബോര്‍ഡ്; മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗ്ലൂറിലേക്ക് കൊണ്ടുപോകില്ല

 


തിരുവനന്തപുരം: (www.kvartha.com) ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മെഡികല്‍ ബോര്‍ഡ് അറിയിച്ചതിനെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബുധനാഴ്ച ബെംഗ്ലൂറിലേക്ക് കൊണ്ടുപോകില്ല. 

ജര്‍മനിയില്‍ നടത്തിയ ചികിത്സയുടെ തുടര്‍ ചികിത്സ നടത്തുന്ന ബെംഗ്ലൂറിലെ എച് സി ജി കാന്‍സര്‍ കെയര്‍ സെന്ററിലേക്ക്, ഉമ്മന്‍ ചാണ്ടിയെ എയര്‍ ആംബുലന്‍സില്‍ കൊണ്ടുപോകാനായിരുന്നു നീക്കം. കഴിഞ്ഞദിവസം തന്നെ ഇതിനുള്ള സജ്ജീകരണങ്ങളെല്ലാം ഒരുക്കിയിരുന്നു. കെപിസിസിയാണ് ചികിത്സാ ചിലവ് വഹിക്കുന്നത്.

Oommen Chandy | ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മെഡികല്‍ ബോര്‍ഡ്; മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗ്ലൂറിലേക്ക് കൊണ്ടുപോകില്ല


നിംസ് മെഡിസിറ്റി മെഡികല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. മഞ്ജു തമ്പിയുടെ നേതൃത്വത്തില്‍ ഒമ്പതംഗ മെഡികല്‍ ബോര്‍ഡ് രൂപീകരിച്ചാണ് നിലവില്‍ ഉമ്മന്‍ ചാണ്ടിയെ ചികിത്സിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യസ്ഥിതിയില്‍ നല്ല പുരോഗതിയുണ്ടെന്ന് ഡോ. മഞ്ജു തമ്പി വ്യക്തമാക്കി.

'അദ്ദേഹം സുഖം പ്രാപിച്ചു വരുന്നു. രാവിലെ കുടുംബാംഗങ്ങളോടും ആരോഗ്യ പ്രവര്‍ത്തകരോടും നന്നായി സംസാരിക്കുകയും പ്രതികരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. നമ്മള്‍ കൊടുക്കുന്ന ആന്റിബയോടിക്‌സിനോട് അദ്ദേഹത്തിന്റെ ശരീരം പ്രതികരിക്കുന്നുമുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ നല്ലവണ്ണം സുഖം പ്രാപിച്ച് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യുമോണിയയും നല്ലവണ്ണം കുറഞ്ഞിട്ടുണ്ട്. വന്ന സമയത്ത് പനിയും ശ്വാസമുട്ടലും ഉണ്ടായിരുന്നു. ഇപ്പോള്‍ അത്തരം ബുദ്ധിമുട്ടുകളുമില്ല.' എന്ന് ഡോ. മഞ്ജു തമ്പി വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടിയുടെ നിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ആശുപത്രിയില്‍ നിന്നുള്ള മെഡികല്‍ ബുള്ളറ്റിനും വിശദീകരിച്ചു. 'ശ്വാസകോശ അണുബാധയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സുഖം പ്രാപിച്ചുവരുന്നു. ബൈപാസിന്റെ സഹായമില്ലാതെ തന്നെ രക്തത്തിലെ ഓക്‌സിജന്‍ അളവ് നോര്‍മലായി നിലനില്‍ക്കുന്നുണ്ട്.

അദ്ദേഹം കുടുംബാംഗങ്ങളോടും ആരോഗ്യ പ്രവര്‍ത്തകരോടും സാധാരണ നിലയില്‍ സംസാരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. നല്‍കിവരുന്ന മരുന്നുകളോട് അദ്ദേഹത്തിന്റെ ശരീരം നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ട്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ അദ്ദേഹത്തിന്റെ അണുബാധ പൂര്‍ണമായും ഭേദപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു' മെഡികല്‍ ബുള്ളറ്റിനില്‍ പറയുന്നു.

ആരോഗ്യനില യാത്രയ്ക്ക് അനുയോജ്യമാണെങ്കില്‍ എയര്‍ ആംബുലന്‍സില്‍ ഉമ്മന്‍ ചാണ്ടിയെ ബുധനാഴ്ച ബെംഗ്ലൂറിലേക്കു കൊണ്ടുപോകാനായിരുന്നു നീക്കം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ചയെ തുടര്‍ന്നു കോണ്‍ഗ്രസ് നേതൃത്വമാണ് എയര്‍ ആംബുലന്‍സ് ഏര്‍പ്പാടാക്കിയത്.

Keywords: Oommen Chandy won't be taken to Bengaluru today, Thiruvananthapuram, News, Politics, Oommen Chandy, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia