GST dues | കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തിന് ജിഎസ്ടി നഷ്ടപരിഹാരമായി ലഭിക്കാനുള്ളത് 780 കോടി രൂപ തന്നെ, 4,466 കോടി രൂപയല്ല, തുറന്നുപറച്ചിലുമായി ധനമന്ത്രി
Dec 16, 2022, 10:55 IST
തിരുവനന്തപുരം: (www.kvartha.com) കേരളത്തിന് കേന്ദ്രത്തില്‍നിന്ന് ജിഎസ്ടി നഷ്ടപരിഹാരമായി ലഭിക്കാനുള്ളത് 4,466 കോടി രൂപയല്ല, 780 കോടി രൂപ തന്നെയെന്ന തുറന്നുപറച്ചിലുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 4,466 കോടി രൂപയാണ് നഷ്ടപരിഹാരമായി കേന്ദ്രം തരാനുള്ളതെന്ന് കഴിഞ്ഞ ഒക്ടോബറില്‍ നിയമസഭയിലും 1,548 കോടി ലഭിക്കാനുണ്ടെന്ന് കഴിഞ്ഞ മാസം 14ന് കേന്ദ്രമന്ത്രിക്കു നേരിട്ടു കൈമാറിയ കത്തിലും ബാലഗോപാല്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ശശി തരൂര്‍ എംപി കേരളത്തിന് 4,466 കോടി രൂപ നഷ്ടപരിഹാരം കിട്ടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, 780 കോടി രൂപ മാത്രമേ നല്‍കാനുള്ളൂ എന്നും ഓഡിറ്റ് സര്‍ടിഫികറ്റ് ഹാജരാക്കുന്ന മുറയ്ക്ക് ഈ തുക നല്‍കുമെന്നും മന്ത്രി നിര്‍മല സീതാരാമന്‍, മറുപടി നല്‍കി. കേന്ദ്രത്തിന്റെയും കേരളത്തിന്റെയും വ്യത്യസ്ത കണക്കുകള്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കെയാണ് 780 കോടി രൂപ തന്നെയാണ് കിട്ടാനുള്ളതെന്ന തുറന്നുപറച്ചില്‍ മന്ത്രി ബാലഗോപാല്‍ നടത്തിയത്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല്‍, പ്രതിവര്‍ഷം 12,000 കോടി രൂപയുടെ കുറവാണ് ജി എസ്ടി നഷ്ടപരിഹാരം അവസാനിപ്പിച്ചതോടെ കേരളത്തിനുണ്ടായതെന്നും ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. ഇതിനു പുറമേ സംസ്ഥാനത്തിനു നല്‍കുന്ന റവന്യു ഡെഫിസിറ്റ് ഗ്രാന്‍ഡില്‍ ഈ വര്‍ഷം വന്ന കുറവ് ഏകദേശം 6,700 കോടി രൂപയാണ്.
ബജറ്റിനു പുറത്തുനിന്നു ധനം സമാഹരിച്ചു പ്രവര്‍ത്തിക്കുന്ന കിഫ്ബി, സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ബോര്‍ഡ് എന്നിവയുടെ ബാധ്യതകളും പൊതുകടത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയതോടെ 12,500 കോടി രൂപയുടെ അര്‍ഹമായ കടവും സംസ്ഥാനത്തിനു നിഷേധിക്കപ്പെട്ടു. ഇതില്‍ ഈ വര്‍ഷം മാത്രം 3140 കോടിയാണു നഷ്ടമാകുന്നത്.
അടുത്ത മൂന്നു വര്‍ഷം കൊണ്ട് ബാക്കി തുകയും കടപരിധിയില്‍നിന്നു കുറയ്ക്കും. ആകെ 24,000 കോടി രൂപയുടെ വരുമാനമാണ് ഈ വര്‍ഷം സംസ്ഥാനത്തിനു കുറവു വന്നത്. ഈ സഞ്ചിതനഷ്ടം പരിഹരിക്കണം എന്നാണു കേരളം ആവശ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.
Keywords: Only Rs 780 cr GST dues payable to Kerala says finance minister, Thiruvananthapuram, News, Politics, Finance, GST, Compensation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.