ജോലി നഷ്ടപ്പെട്ട, വീട്ടുകാര്‍ ടിക്കറ്റെടുത്ത് സൗദിയില്‍ നിന്ന് എത്തിച്ച യുവാവിന് പെയ്ഡ് ക്വാറന്റയിന്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 08.07.2020) ജോലി നഷ്‌പ്പെട്ട്, വീട്ടുകാര്‍ ടിക്കറ്റിന് കാശ് നല്‍കി ഗതിയില്ലാതെ സൗദി അറേബ്യയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പൂന്തുറ സ്വദേശിയായ യുവാവിനോട് പെയ്ഡ് ക്വാറന്റയിനില്‍ പോകാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. യുവാവിന്റെ വീട്ടുകാര്‍ അതീവരോഗവ്യാപന മേഖലയായ പൂന്തുറയില്‍ വാടകയ്ക്കാണ് താമസിക്കുന്നത്. ' തന്റെ അവസ്ഥ അധികൃതരോട് പറഞ്ഞപ്പോള്‍ കൊല്ലം ജില്ലയിലെ കരുനാഗപള്ളിയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിന്‍ ഒരുക്കാമെന്ന് പറഞ്ഞെന്ന് ' യുവാവ് പറഞ്ഞു.

ജോലി നഷ്ടപ്പെട്ട, വീട്ടുകാര്‍ ടിക്കറ്റെടുത്ത് സൗദിയില്‍ നിന്ന് എത്തിച്ച യുവാവിന് പെയ്ഡ് ക്വാറന്റയിന്‍



21കാരനായ യുവാവ് ഒരു വര്‍ഷം മുമ്പാണ് സൗദിക്ക് പോയത്. കൊവിഡ് പടര്‍ന്ന് പിടിച്ചതോടെ ജോലി നഷ്ടപ്പെട്ടു. നാല് മാസമായി ജോലിയും കൂലിയും ഇല്ലാതെ സൗദിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ചെലവിന് വീട്ടുകാര്‍ പണം അയച്ച് തന്നത് കൊണ്ട് പട്ടിണികിടന്നില്ല. തിരിച്ച് വരുമെന്ന് യാതൊരുപ്രതീക്ഷയും ഇല്ലായിരുന്നു. വീട്ടുകാര്‍ കടംവാങ്ങിയുംമറ്റും ടിക്കറ്റിനുള്ള പണം സംഘടിപ്പിച്ച് തന്നത് കൊണ്ടാണ് നാട്ടിലെത്തിയത്. ഇവിടെ എത്തിയപ്പോഴത്തെ അവസ്ഥ ഇതാണെന്നും യുവാവ് പറഞ്ഞു.


കൊല്ലം കരുനാഗപ്പള്ളിയില്‍ പോയി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിനില്‍ 15 ദിവസം തങ്ങാന്‍ ബുദ്ധിമുട്ടാണെന്ന് യുവാവ് പറഞ്ഞു. എല്ലാ പ്രവാസികളും വീട്ടിലേക്ക് വരാനാണ് ആഗ്രഹിക്കുന്നത്. താന്‍ വീട്ടിലെത്തിയപ്പോള്‍ വീട്ടുകാര്‍ വീടൊഴിയേണ്ട അവസ്ഥയിലാണെന്നും യുവാവ് പറഞ്ഞു. വീട്ടുകാര്‍ മറ്റെവിടെയെങ്കിലും താമസസൗകര്യം കണ്ടെത്തിയാലേ തനിക്ക് ക്വാറന്റയിന്‍ പൂര്‍ത്തിയാക്കാനാകൂ എന്നും യുവാവ് പറഞ്ഞു. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിന്‍ ഭംഗിയായി നടക്കുന്നുണ്ടെന്ന് തിരുവനന്തപുരം നഗരസഭയും ജില്ലാഭരണകൂടവും മേനിനടിക്കുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്.


വിദേശങ്ങളില്‍ നിന്ന് വന്ന അഞ്ച് പേര്‍ തന്റെ വാര്‍ഡില്‍ ഹോം ക്വാറന്റയിനില്‍ കഴിയുകയാണെന്ന് പൂന്തുറ കൗണ്‍സിലര്‍ കെ. ഷേര്‍ളി പറഞ്ഞു. നഗരത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് പൂന്തുറ. താമസിക്കുന്നവരില്‍ അധികം വാടകക്കാരാണ്. അങ്ങനെയുള്ളിടത്ത് ഹോം ക്വാറന്റയിന്‍ സുരക്ഷിതമല്ലെന്നും നഗരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ പൂന്തുറക്കാര്‍ക്ക് കിട്ടുന്നില്ലെന്നും കൗണ്‍സിലര്‍ പറഞ്ഞു.


മറ്റ് പലരും ദുരുപയോഗം ചെയ്യുന്നതിനാല്‍ അര്‍ഹരായ പലര്‍ക്കും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിന്‍ കിട്ടുന്നില്ലെന്ന് നഗരസഭാ അധികൃതര്‍ ആരോപിക്കുന്നു. കോര്‍പ്പറേഷന്റെ കീഴിലുള്ള 34 ക്വാറന്റയിന്‍ കേന്ദ്രങ്ങളില്‍ 700 പേരാണ് താമസിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും നഗരപരിധിയിലുള്ളവരല്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കൊല്ലത്ത് നിന്ന് ഉള്‍പ്പെടെയുള്ള പ്രവാസികളെ തങ്ങളുടെ കേന്ദ്രങ്ങളില്‍ ക്വാറന്റയിന്‍ ചെയ്തിട്ടുണ്ടെന്ന് തിരുവനന്തപുരം നഗരസഭയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതത് പ്രദേശങ്ങളിലെ പ്രാദേശിക ഭരണകൂടങ്ങള്‍ സൗകര്യങ്ങള്‍ ഒരുക്കാത്തത് കൊണ്ടാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിന് നഗരസഭ തനത് ഫണ്ടില്‍ നിന്ന് ഏഴ് കോടി രൂപയാണ് മുടക്കിയതെന്നും അദ്ദേഹം പറഞ്ഞു.



Keywords: Only paid quarantine is available in Capital city, Quarantine, Capital city, Trivandrum Corporation, kollam, Poothura, NRI's, Airport, UAE, Home, Ticket, JOB
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
KVARTHA Special Desk
KVARTHA Special Desk

154168 Articles

Tags

Share this story

wellfitindia