Price Hike | സവാളയ്ക്ക് പൊള്ളുന്ന വില; കിലോയ്ക്ക് 74 രൂപയിലെത്തി; ഇനിയും വർധിക്കാൻ സാധ്യത
● വരും ദിവസങ്ങളിൽ സവാളയുടെ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.
● മഹാരാഷ്ട്ര, കർണാടകയിലെ പ്രതികൂല കാലാവസ്ഥയാണ് വില വർധനയ്ക്ക് കാരണമാകുന്നത്.
● സവാള ഉത്പാദനം 25% കുറഞ്ഞതും, വില ഉയരുന്നതിന്റെ പ്രധാന കാരണം.
കോഴിക്കോട്: (KVARTHA) സംസ്ഥാനത്ത് സവാളയുടെ വില കുത്തനെ ഉയർന്നു. കോഴിക്കോട് മൊത്ത വിപണിയിൽ ഒരു കിലോ സവാളയ്ക്ക് 74 രൂപയാണ് വില. ചില്ലറ വിപണിയിൽ എത്തുമ്പോൾ ഈ വില 80 രൂപയായി ഉയരാൻ സാധ്യതയുണ്ട്. കഴിഞ്ഞ ശനിയാഴ്ച 51 രൂപയായിരുന്ന സവാളയുടെ വില ഒരു ആഴ്ച കൊണ്ട് 80 രൂപയിലേക്ക് എത്തിയത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
കേരളത്തിലേക്ക് സവാള എത്തുന്ന മഹാരാഷ്ട്രയിലെ നാസിക്, പുണെ എന്നിവിടങ്ങളിലും കർണാടകയിലും പ്രതികൂല കാലാവസ്ഥ കാരണം സവാള കൃഷിക്ക് നാശം സംഭവിച്ചതാണ് വില വർധനയ്ക്ക് പ്രധാന കാരണം. കനത്ത മഴയെ തുടർന്ന് സവാളകൾ നശിച്ചതും പാടങ്ങൾ വെള്ളത്തിലായതും വിളവെടുപ്പ് വൈകിപ്പിച്ചു. ഇതോടെ വരും ദിവസങ്ങളിൽ സവാളയുടെ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.
മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ സവാള ഉത്പാദനം 25 ശതമാനം മാത്രമാണെന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു. മഹാരാഷ്ട്രയിലെ മുഴുവൻ മാർക്കറ്റുകളിലും ഉള്ളിയുടെ വില വർധിച്ചിരിക്കുകയാണ്. ഒരു ക്വിൻറൽ സവാളയ്ക്ക് 5,400 രൂപ എന്ന റെക്കോർഡ് നിരക്കിലാണ് വ്യാപാരികൾ ലേലം കൊള്ളുന്നത്. ഉത്പാദനം കുറഞ്ഞതിനാൽ മറ്റു സംസ്ഥാനങ്ങളിലേക്ക് മഹാരാഷ്ട്രയിൽ നിന്നും അധികം സവാള കയറ്റി അയക്കുന്നില്ല എന്നതും വില വർധനയ്ക്ക് കാരണമായിട്ടുണ്ട്.
#OnionPrice #FoodPrices #Kerala #Maharashtra #SupplyShortage #MarketTrends