Ponnambalamedu Pooja | ശബരിമലയിലെ പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കയറി പൂജ നടത്തിയെന്ന സംഭവം; ഇടനിലക്കാരന്‍ അറസ്റ്റില്‍
May 21, 2023, 13:09 IST
പത്തനംതിട്ട: (www.kvartha.com) പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കയറി പൂജ നടത്തിയെന്ന സംഭവത്തില്‍ ഒരാളെ കൂടി വനം വകുപ്പ് അറസ്റ്റ് ചെയ്തു. പൂജ ചെയ്യാന്‍ ഇടനിലനിന്ന കണ്ണന്‍ എന്ന ചന്ദ്രശേഖരന്‍ ആണ് അറസ്റ്റിലായത്. ഇടുക്കി ആനവിലാസത്ത് നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ, സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
മൂഴിയാര്‍ പൊലീസ് പറയുന്നത്: സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി നാരായണന്‍ അടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വനം വികസന കോര്‍പറേഷന്‍ ജീവനക്കാരായ രാജേന്ദ്രന്‍, സാബു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
സംഭവം നടന്ന ദിവസം പ്രതികള്‍ കാടിനുള്ളിലൂടെയാണ് പൊന്നമ്പലമേട്ടിലേക്കെത്തിയതെന്ന് അറസ്റ്റിലായ രാജേന്ദ്രനും സാബുവും മൊഴി നല്‍കി. കെഎഫ്ഡിസി ജീവനക്കാരയ ഇവര്‍ക്ക് നാരയണനെ പരിചയപ്പെടുത്തിയത് കുമളി സ്വദേശി കണ്ണന് എന്ന് വിളിക്കുന്ന ചന്ദ്രശേഖരനാണ്. സാമ്പത്തിക ഇടപാടുകള്‍ക്കടക്കം ഇടനില നിന്നതും ചന്ദ്രശേഖരന്‍ തന്നെയാണ്. ഒളിവിലായിരുന്ന ചന്ദ്രശേഖരനെ ഇടുക്കിയില്‍ നിന്നാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
പൊലീസും വനം വകുപ്പും കേസെടുത്തതോടെ നാരായണന്‍ ഒളിവിലാണ്. ഇയാളടക്കമുള്ള പ്രതികളെ കണ്ടെത്താനായി വനം വകുപ്പ് അന്വേഷണ സംഘം തമിഴ്‌നാട്ടില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. പൊലീസിന്റെ സഹായത്തോടെ പ്രതികളുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊകേഷനും വനം വകുപ്പ് ശേഖരിച്ചിട്ടുണ്ട്.
ശബരിമല ശാസ്താവിന്റെ മൂലസ്ഥാനമായാണ് പൊന്നമ്പലമേട് കരുതുന്നത്. മകരവിളക്ക് തെളിയുന്നതടക്കം ശബരിമലയിലെ ആചാരങ്ങളിലെ പ്രധാനപ്പെട്ട സ്ഥലമാണ് പൊന്നമ്പലമേട്. അതുകൊണ്ടുതന്നെ, പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറിയ സംഭവത്തില്‍ കര്‍ശന നിയമ നടപടികളുമായി മുന്നോട്ടുപോകാനാണ് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.
ദേവസ്വം ബോര്‍ഡ് കമീഷണറുടെ പരാതിയിലാണ് മൂഴിയാര്‍ പോലീസ് കേസെടുത്തത്. മതവിശ്വാസത്തെ അവഹേളിക്കണമെന്ന് ഉദ്ദേശത്തോടെ ആരാധന സ്ഥലത്തേക്ക് കടന്ന് കയറുക, മതവിശ്വാസം അവഹേളിക്കാനായി ബോധപൂര്‍വം പ്രവര്‍ത്തിക്കുക, നിയമവിരുദ്ധ പ്രവര്‍ത്തനത്തിനായി സംഘം ചേരുക തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
തൃശൂര്‍ തെക്കേക്കാട്ട് മഠം നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഒന്‍പതംഗം സംഘമാണ് ഇവിടെ കടന്നുകയറി പൂജ നടത്തിയത്. സംഭവം വിവാദമായതോടെ പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനില്‍ കേസ് രെജിസ്റ്റര്‍ ചെയ്തു. രണ്ടാഴ്ച മുന്‍പാണ് സംഘം വനത്തില്‍ പ്രവേശിച്ചത്. അവര്‍ തന്നെ വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് പുറത്തറിഞ്ഞത്.
Keywords: Accused, Arrested, Pooja, Arrest, Police, Case, Complaint, Social Media, Ponnambalamedu-Pooja, Sabarimala, News, Kerala-News, News-Malayalam, Kerala, One more accused arrested in Ponnambalamedu Pooja.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.