SWISS-TOWER 24/07/2023

ഓട്ടോ ഡ്രൈവറുടെ കൊലപാതകം: ബി ജെ പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

 


ADVERTISEMENT

അമ്പലപ്പുഴ: (www.kvartha.com 02.04.2014)പുറക്കാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ആര്‍. സുനിയുടെ ഭര്‍ത്താവും ഓട്ടോ ഡ്രൈവറുമായ  തോട്ടപ്പള്ളി പുതുവല്‍ അനില്‍കുമാറിന്റെ(43) കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

 ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് തോട്ടപ്പള്ളി സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായിരുന്ന അനില്‍കുമാറിനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ വെള്ളിയാഴ്ച രാത്രി അനില്‍കുമാറുമായി സംഘട്ടനത്തിലേര്‍പ്പെട്ട തോട്ടപ്പള്ളി പുതുവല്‍ സ്വദേശി അരുണ്‍ജിത്തിനെയാണു (28) ഡിവൈഎസ്പി: എം. ജോണ്‍സണ്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത അരുണ്‍ജിത്ത് ബിജെപി പ്രവര്‍ത്തകനാണ്. ഇയാളെ ബുധനാഴ്ച  കോടതിയില്‍ ഹാജരാക്കും.

കൊലപാതകത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്.  രണ്ടാഴ്ച മുമ്പു തോട്ടപ്പള്ളിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘട്ടനം നടന്നിരുന്നു.  സംഘട്ടനത്തെ തുടര്‍ന്നു റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ഡിവൈഎഫ്‌ഐക്കാരായ പ്രതികളെ ജാമ്യത്തിലെടുക്കാന്‍ വെള്ളിയാഴ്ച രാവിലെ അനില്‍കുമാര്‍ സ്റ്റേഷനില്‍ പോയിരുന്നു.

തുടര്‍ന്ന്  രാത്രിയില്‍ വീടിനു സമീപത്തുള്ള ഷാപ്പില്‍ വെച്ച് അനില്‍കുമാറും ജാമ്യം കിട്ടിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ രക്ഷകര്‍ത്താക്കളും തമ്മില്‍ ചര്‍ച്ച നടന്നിരുന്നു. ആ സമയം അവിടേക്കുവന്ന അരുണ്‍ജിത്ത് അനില്‍കുമാറുമായി വാക്കേറ്റം നടത്തുകയും കയ്യാങ്കളിക്ക് മുതിരുകയും ചെയ്തിരുന്നു.

ഒടുവില്‍ ഷാപ്പുകാര്‍ പ്രവര്‍ത്തകരോട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് വീട്ടിലേക്ക് പുറപ്പെട്ട അനില്‍കുമാര്‍ വീടിനു സമീപത്തെ റോഡരികില്‍ വെച്ച് അരുണ്‍ജിത്തുമായി വീണ്ടും സംഘട്ടനത്തിലേര്‍പെട്ടു.  സംഘട്ടനത്തിനിടെ അരുണ്‍ജിത്ത് കൈമുഷ്ടി ചുരുട്ടി അനില്‍കുമാറിന്റെ ഇടതുചെവിക്കു പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയിലെ ഞരമ്പ് പൊട്ടിയതാണു മരണകാരണമെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.
ഓട്ടോ ഡ്രൈവറുടെ കൊലപാതകം: ബി ജെ പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
അടിയേറ്റ് അവശനിലയില്‍ റോഡരികില്‍  കണ്ട അനില്‍കുമാറിനെ ഭാര്യ
സുനിയും അയല്‍വാസികളും ചേര്‍ന്നാണു വീട്ടിലെത്തിച്ചത്.  മദ്യപിച്ച് ബോധംകെട്ടതാണെന്നാണ് ഭാര്യയും മറ്റുള്ളവരും കരുതിയത്.

എന്നാല്‍, ശനിയാഴ്ച രാവിലെ ഉണരാതെ വന്നപ്പോഴാണ് ആശുപത്രിയില്‍ എത്തിച്ചതും മരണം സ്ഥിരീകരിച്ചതും. തുടര്‍ന്ന് അരുണ്‍ജിത്തിനെ സംശയത്തെ തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം തുറന്നു പറഞ്ഞത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Ambalapuzha, Auto Driver, Murder case, BJP, Remanded, Police, Arrest, Police Station, Court, DYFI, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia