One Election | ഒറ്റത്തിരഞ്ഞെടുപ്പ് നടന്നോട്ടെ, പക്ഷേ, ജനാധിപത്യം നശിക്കരുത്

 


_സോണൽ മൂവാറ്റുപുഴ_

(KVARTHA) ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് സംബന്ധിച്ച ഉന്നതതല സമിതി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് റിപ്പോര്‍ട്ട് കൈമാറുകയുണ്ടായി. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ അനുകൂലിക്കുന്ന റിപ്പോര്‍ട്ടാണ് ഉന്നതതല സമിതി രാഷ്ട്രപതിക്ക് കൈമാറിയത്. ആദ്യ ഘട്ടത്തില്‍ പാര്‍ലമെന്‍റ്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനും, രണ്ടാം ഘട്ടമായി തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും ഇതോടൊപ്പം നടത്താനും സമിതി നിര്‍ദേശിച്ചു. മൂന്ന് തെരഞ്ഞെടുപ്പുകള്‍ക്കുമായി ഒറ്റ വോട്ടര്‍ പട്ടികയും, തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. 2029 -ൽ ഒരു രാജ്യം, ഒരു ഇലക്ഷൻ നടത്താൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.

One Election | ഒറ്റത്തിരഞ്ഞെടുപ്പ് നടന്നോട്ടെ, പക്ഷേ, ജനാധിപത്യം നശിക്കരുത്

സംഗതി നല്ലത് തന്നെ, വളരെ നല്ല കാര്യം. എല്ലാ വർഷവും അവിടെ തിരഞ്ഞെടുപ്പ് ഇവിടെ തിരഞ്ഞെടുപ്പ് അങ്ങനെ പ്രഖ്യാപിച്ച് ജനങ്ങളുടേയും ഉദ്യോഗസ്ഥരുടേയും ശ്രദ്ധ അതിലേക്ക് മാറ്റുന്നത് ശരിയല്ല. ഒരു രാജ്യം ഭരിക്കാൻ ഒറ്റത്തവണ തിരഞ്ഞെടുപ്പ് മതി. തെരഞ്ഞെടുപ്പ് ചെലവ് പകുതിയായി കുറയും. ഇവിടെ ഓരോ ഇലക്ഷനും വോട്ടർ പട്ടിക തയാറാക്കുന്നതിന്റെ പേരിൽ എത്ര തുകയാണ് പൊടിയുന്നത്. കൂടാതെ ഇതിൻ്റെ പേരിൽ മറ്റ് അഴിമതികളും. പിന്നെ ഒരു ദൂഷ്യവശമെന്ന് പറയുന്നത്. ഭരിക്കുന്നത് മൃഗീയ ഭൂരിപക്ഷമുള്ള ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന സർക്കാർ ആണെങ്കിൽ ഈ നിയമം ഒരു ദുരന്തമാകാനും സാധ്യതയുണ്ട്. പിന്നീട് തെരഞ്ഞെടുപ്പ് പോലും ഇല്ലാത്ത വർഷങ്ങൾ വന്നു എന്നിരിക്കും. ജനാധിപത്യം ഇല്ലാത്ത രാജ്യമായി ഇന്ത്യ മാറും. സേച്ഛ്വാധിപത്യത്തിലേയ്ക്ക് ഒരു വഴിയായി മാറാനും ഇത് സാഹചര്യമൊരുക്കാനും ഇടയുണ്ട്.

ഇപ്പോൾ ആഫ്രിക്കൻ രാജ്യങ്ങളിലൊക്കെ സംഭവിക്കുന്നതുപോലെ ഒരു ദുർസ്ഥിതി നാമും അനുഭവിക്കേണ്ടി വന്നേക്കാം. അവിടെയൊക്കെ പട്ടിണി മൂലം ആൾക്കാർ തെരുവിലിറങ്ങി സമരം നടത്തുകയാണ്. പലരും വെടിയേറ്റ് മരിക്കുന്നുമുണ്ട്. ചെലവ് ചുരുക്കൽ ഇതിലൂടെ നന്നാകും. പക്ഷേ, ഇതിനെക്കാൾ എല്ലാം പ്രധാനം ബാക്കിയുള്ള കാര്യങ്ങളിലെല്ലാം ചെലവ് ചുരുക്കലാണ്. ചെലവ് ചുരുക്കൽ ജനാധിപത്യത്തിൻ്റെ കടയ്ക്കൽ കത്തിവെച്ചിട്ട് വേണോ എന്നും അധികാരികളും പൊതുസമൂഹവും ചിന്തിക്കണം. ഇപ്പോൾ പാചക വാതകത്തിനും വാഹന ഇന്ധത്തിനുമൊക്കെ നിമിഷനേരം കൊണ്ട് വില വർദ്ധിച്ചു വരികയാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കുറയുന്നത് കാണാം. കാരണം, ഭരണാധികാരികൾ തെരഞ്ഞെടുപ്പിനെ ഭയക്കുന്നു എന്നർത്ഥം.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന് വന്നാൽ ഭരണത്തിലിരിക്കുന്നവർക്ക് ആരെയും ഭയപ്പെടേണ്ട എന്ന അവസ്ഥയുണ്ടാകാം. നിത്യോപയോഗ സാധനങ്ങളുടെ വിലകൾ വലിയ രീതിയിൽ വർദ്ധിക്കാം. ചിലപ്പോൾ ജനജീവിതം തന്നെ ദുസമായി തീർന്നെന്നിരിക്കും. ഇതൊക്കെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിൻ്റെ ദൂഷ്യഫലങ്ങളാകും. ഒരു പക്ഷേ, ജനാധിപത്യം തന്നെ മരിച്ചെന്ന് വരാം. ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്, ഇത്, എത്രമാത്രം ഫലപ്രദമാകുമെന്ന് കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു. ഒന്നാമതായി ഒരു സംസ്ഥാനത്തെ സർക്കാർ രാജിവെച്ച് നിയമസഭ പിരിച്ചു വിടാൻ ശുപാർശ ചെയ്യുകയോ, പിന്തുണയ്ക്കുന്ന പാർട്ടികൾ പിന്തുണ പിൻവലിയ്ക്കുകയും പുതിയൊരു സർക്കാർ ഉണ്ടാക്കാൻ കഴിയാതിരിയ്ക്കുകയും അല്ലെങ്കിൽ ഏതെങ്കിലും കാരണവശാൽ ഗവർണർ നിയമസഭ പിരിച്ചുവിടുകയും ചെയ്യേണ്ടി വന്നാൽ എന്ത് ചെയ്യും എന്നു കൂടി പറയണം.

അല്ല, കേന്ദ്ര സർക്കാർ അഞ്ചുവർഷം തികച്ചു ഭരിക്കണമെന്ന് നിർബന്ധമില്ലല്ലോ. കൂട്ടു കക്ഷി സർക്കാർ വരികയോ ഭരിയ്ക്കുന്ന പാർട്ടിയിൽ പ്രശ്നമുണ്ടാകുകയോ ചെയ്താൽ സർക്കാർ തകരും. ഭരിക്കുന്ന പാർട്ടി തന്നെ കൂടുതൽ സീറ്റ് കിട്ടും എന്ന് കരുതി പാർലമെന്റ് പിരിച്ചുവിട്ട് ഇലക്ഷൻ നടത്തിയിട്ടുണ്ട്. ഇങ്ങനെയുള്ള സന്ദർഭത്തിൽ ഇന്ത്യയിലെ എല്ലാ സ്റ്റേറ്റിലും ഇതിന്റെ കൂടെ ഇലക്ഷൻ നടത്തുമോ. കാലുമാറ്റവും കൂറുമാറ്റവും ഒക്കെ ഉള്ള ഈ രാജ്യത്ത് ഇത് എത്രത്തോളം പ്രായോഗികമാണെന്ന് നോക്കണം. അതും പ്രത്യേകിച്ച് വോട്ടർ പട്ടികയിൽ കുട്ടിച്ചേർക്കലും ബുത്തു പിടുത്തവും ഒക്കെയുമുള്ള ഈ നാട്ടിൽ
പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുകയല്ലെ ഉള്ളു.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരു നികുതി, ഒരു രാജ്യം ഒരേ നിയമങ്ങൾ, ഒടുവിൽ ഒരു രാജ്യം ഒരു ഭാഷ, ഒരു രാജ്യം ഒരു മതം എന്നിങ്ങനെ വരാതിരിക്കട്ടെ. ഇവിടുത്തെ ഓരോ പൗരന്റെയും സ്വാതന്ത്ര്യം ഹനിക്കപ്പെടാതിരിക്കട്ടെ. എത്ര വലിയ ഭരണാധികാരി ആയാലും നമ്മുടെ ജനാധിപത്യത്തെയും നാടിനെയും നശിപ്പിക്കാൻ അനുവദിക്കരുത്. നിയമങ്ങൾ നല്ലതിന് വേണ്ടി മാത്രം ആകട്ടെ.

One Election | ഒറ്റത്തിരഞ്ഞെടുപ്പ് നടന്നോട്ടെ, പക്ഷേ, ജനാധിപത്യം നശിക്കരുത്

Politics, Election, Lok Sabha Election, Assembly Election, News, News-Malayalam-News, Kerala, Kerala-News, Politics-News, One Nation, One Election: Democracy should not perish.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia