Valli Teacher | കുട്ടിത്തം നിറഞ്ഞ മനസോടെ ഇക്കുറിയും ഓണത്തിന് വല്ലി ടീചറുടെ മാവേലി റെഡി
Sep 7, 2022, 21:50 IST
കണ്ണൂര്‍ : (www.kvartha.com) വാര്‍ധക്യത്തിന്റെ അവശതകള്‍ മാറ്റിവെച്ചുകൊണ്ട് കുട്ടിത്തം നിറഞ്ഞ മനസോടെ 82 വയസുകാരിയായ വല്ലി ടീചര്‍ ഇക്കുറിയും മാവേലിയായി നിറഞ്ഞാടി. കണ്ണൂരിലെ ഓണാഘോഷങ്ങളില്‍ സ്ഥിരം കാഴ്ചയാണ് വല്ലി ടീചറുടെ മാവേലിവേഷം.
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ഓണോത്സവ പരിപാടിയില്‍ 82-ാം വയസ്സിലും മാവേലിയായി വല്ലി ടീചര്‍ അരങ്ങിലെത്തിയപ്പോള്‍ വന്‍കരഘോഷമാണ് കാണികളില്‍ നിന്നുയര്‍ന്നത്. കണ്ണൂരിലെ മിക്ക പൊതു വേദികളിലും നിറഞ്ഞു നില്ക്കുന്ന ഈ അധ്യാപിക കലാരംഗത്തെ വൈവിധ്യ പ്രതിഭയാണ്. പാട്ടും അഭിനയവും നൃത്തവും ചെറുപ്പത്തിലേ ശീലിച്ചതാണ്.
ഡെല്‍ഹിയില്‍ കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്നു പിതാവ്. അതുകൊണ്ട് 1941ല്‍ ജനിച്ച ടീചര്‍ ഡെല്‍ഹി നിവാസിയായി. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ശ്രീകൃഷ്ണ വേഷം ധരിച്ച് ആദ്യമായി നൃത്തത്തില്‍ തുടക്കമിട്ടത്. പിന്നീട് പല വേദികളിലും നൃത്തം അവതരിപ്പിച്ചു. അച്ഛന്റെ മരണശേഷമാണ് തളിപ്പറമ്പില്‍ എത്തുന്നത്.
തൃച്ഛംബരം യു പി സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബാലഗോപാലന്‍ എന്ന നാടകത്തില്‍ വേഷമിട്ടു. അഭിനയരംഗത്തെ ആദ്യ ചുവടു വയ്പായിരുന്നു അത്. പെണ്‍കുട്ടികള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. ആറാം ക്ലാസോടെ പഠിപ്പു നിര്‍ത്താന്‍ വീട്ടുകാര്‍ ആവശ്യപ്പെട്ടു. പഠിക്കാനുള്ള ആഗ്രഹം മനസില്‍ ശക്തമായി.
അങ്ങനെ ഒരു ദിവസം ആരോടും പറയാതെ കാടാച്ചിറയിലെ ബന്ധു വീട്ടിലേക്ക് നാടുവിട്ടു. കാടാച്ചിറയിലെ ബന്ധുക്കളോട് കാര്യം പറഞ്ഞപ്പോള്‍ കാടാച്ചിറ ഹൈസ്‌കൂളില്‍ അവര്‍ ചേര്‍ത്തു പഠിപ്പിച്ചു. അവിടെ നിന്നാണ് 1957 ല്‍ നടന്ന ആദ്യത്തെ സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുപ്പിക്കുന്നതും പാട്ടിലും നൃത്തത്തിലും ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിലെത്തുന്നതും.
തന്റെ അധ്യാപന ജീവിതത്തിലും ഇതു തുടര്‍ന്നു. കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട ടീചറമ്മയായി. തന്റെ വിദ്യാര്‍ഥികളെ മക്കളേ എന്നു മാത്രം വിളിച്ചു ശീലിച്ച അമ്മ തുല്യയായ ടീചര്‍. മക്കളില്ലാത്ത ടീചര്‍ ഒരു പെണ്‍കുട്ടിയെ ദത്തെടുത്തു വളര്‍ത്തി പഠിപ്പിച്ചു, കല്യാണവും നടത്തി. ഉദ്യോഗസ്ഥയായ അവര്‍ കുടുംബത്തോടൊപ്പം വിദേശത്താണ്.
കണ്ണൂരില്‍ നടക്കുന്ന മിക്ക പരിപാടികളിലും പ്രാര്‍ഥനാഗീതം ആലപിക്കുന്നത് ടീചറാണ്. കേരള സംസ്ഥാന രൂപീകരണ സമയത്ത് 1956 ല്‍ കണ്ണൂരിലെത്തിയ ജവഹര്‍ലാല്‍ നെഹ്രുവിന് വേദിയില്‍ വച്ച് റോസാപൂ കൊടുത്തതും അദ്ദേഹം കവിളില്‍ തൊട്ടതും ഓര്‍മകളില്‍ ഒരംഗീകാരമായി സൂക്ഷിക്കുന്നു.
കുട്ടികളുടെ കാംപില്‍ പരിശീലകയായും എത്താറുണ്ട്. പഠിപ്പിച്ച കുട്ടികളുടെ സര്‍ഗാത്മകമായ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ ഒരു ഗുരുനാഥയെന്ന നിലയില്‍ വല്ലി ടീചര്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടു തന്നെ നാടിന്റെ കൂടെ അധ്യാപികയാണ് ഈ വന്ദ്യവയോധിക. വാര്‍ധക്യത്തിലും മടികൂടാതെ പൊതുവേദികളിലെത്തുന്ന വല്ലി ടീചര്‍ക്ക് കലാസ്വാദകരുടെ പിന്‍തുണയാണ് ആവേശം പകരുന്നത്.
Keywords: Onam: Valli Teacher as Maveli, Kannur, News, Onam, Teacher, Celebration, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.