യാത്രയ്ക്കിടെ ഹൃദയാഘാതം; ബസിലെ യുവാവിന് രക്ഷകരായി സഹയാത്രികരായ നഴ്‌സും ജീവനക്കാരും
Jan 14, 2022, 11:16 IST
കൊല്ലം: (www.kvartha.com 14.01.2022) ബസ് യാത്രക്കാരനായ യുവാവിന് രക്ഷകരായി അതേ വാഹനത്തിലുണ്ടായിരുന്ന നഴ്‌സും ജീവനക്കാരും. കൊട്ടിയത്തിനും ഉമയല്ലൂരിനും ഇടയ്ക്ക് വച്ച് ബസ് നീങ്ങുന്നതിനിടെയാണ് യുവാവിന് ഹൃദയാഘാതമുണ്ടായത്. ബസിലെ വനിതാ കന്‍ഡക്ടര്‍ ശാലിനിയാണ് സീറ്റിലിരുന്ന യുവാവ് കുഴഞ്ഞുവീഴുന്നത് ആദ്യം കണ്ടത്. ഉടന്‍ ബസ് നിര്‍ത്തിക്കുകയായിരുന്നു.
തിരുവനന്തരപുരത്തുനിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന സൂപെര്‍ഫാസ്റ്റ് ബസില്‍ ബുധനാഴ്ച രാത്രി 8.30നാണ് സംഭവം നടന്നത്. ഹോളിക്രോസ് ആശുപത്രിയിലെ ഡ്യൂടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ലിജി എം അലക്‌സിന്റെയും ശാലിനിയുടെയും സമോയചിത ഇടപെടലും ഡ്രൈവര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചതും യുവാവിന് തുണയായി.
ബസിലുണ്ടായിരുന്ന ലിജി ഉടന്‍തന്നെ ഓടിയെത്തി യുവാവിന് സിപിആര്‍ നല്‍കി. എത്രയും പെട്ടന്ന് അടുത്തുള്ള ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടത് ലിജിയാണ്. ബസ് ഡ്രൈവര്‍ ശ്യാം കുമാര്‍ ഉടന്‍ തന്നെ ബസ് അടുത്തുള്ള സ്വകാര്യ മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. രോഗിയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.
അടുത്തിരുന്ന ചിലരോട് യുവാവ് വെള്ളം ചോദിക്കുന്നത് കണ്ടിരുന്നുവെന്നും എന്നാല്‍ ആരുടെ പക്കലും വെള്ളമുണ്ടായിരുന്നില്ലെന്നും അല്‍പസമയം കഴിഞ്ഞപ്പോഴാണ് യുവാവ് ബോധരഹിതനായതെന്നും ശാലിനി പറഞ്ഞു. ഇയാള്‍ ഇപ്പോള്‍ സുഖം പ്രാപിച്ച് വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.