Minister | റഫറല്‍ രോഗികളുടെ എണ്ണം ആനുപാതികമായി കുറയണം; പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിച്ചു; യാഥാര്‍ഥ്യമായത് രണ്ട് പതിറ്റാണ്ടുകളായി ആലോചിച്ചിരുന്ന കാര്യമെന്ന് മന്ത്രി വീണാ ജോര്‍ജ്

 


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് സര്‍കാര്‍, സ്വകാര്യ മെഡികല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വിവിധ മെഡികല്‍ കോളജുകളില്‍ നിന്നും 1382 പിജി ഡോക്ടര്‍മാരാണ് മറ്റ് ആശുപത്രികളിലേക്ക് പോകുന്നത്. അതനുസരിച്ച് പെരിഫറല്‍ ആശുപത്രികളില്‍ നിന്നും റഫറല്‍ ചെയ്യുന്ന രോഗികളുടെ എണ്ണം ആനുപാതികമായി കുറയണം.

Minister | റഫറല്‍ രോഗികളുടെ എണ്ണം ആനുപാതികമായി കുറയണം; പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിച്ചു; യാഥാര്‍ഥ്യമായത് രണ്ട് പതിറ്റാണ്ടുകളായി ആലോചിച്ചിരുന്ന കാര്യമെന്ന് മന്ത്രി വീണാ ജോര്‍ജ്

ചുറ്റുമുള്ള അനുഭവങ്ങളിലൂടെയും ആശുപത്രി അന്തരീക്ഷത്തിലൂടെയുമെല്ലാം പ്രൊഫഷനല്‍ രംഗത്ത് കൂടുതല്‍ മികവാര്‍ന്ന പ്രവര്‍ത്തനം നടത്താന്‍ പിജി വിദ്യാര്‍ഥികള്‍ക്ക് സാധിക്കുമെന്നും മന്ത്രി വിലയിരുത്തി. സാധാരണക്കാരായ രോഗികള്‍ക്ക് സഹായകരമായ രീതിയില്‍ എല്ലാവരും സേവനം നല്‍കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കുന്ന ജില്ലാ റസിഡന്‍സി പ്രോഗ്രാം സംസ്ഥാനതല ഉദ്ഘാടനം ജെനറല്‍ ആശുപത്രി അപെക്സ് ട്രെയിനിംഗ് സെന്ററില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

രണ്ട് പതിറ്റാണ്ടുകളായി ആലോചിച്ചിരുന്ന കാര്യമാണ് ഈ സര്‍കാര്‍ യാഥാര്‍ഥ്യമാക്കിയത്. മെഡികല്‍ കോളജുകളിലെ രണ്ടാം വര്‍ഷ പിജി ഡോക്ടര്‍മാരെ താലൂക്, ജില്ല, ജെനറല്‍ ആശുപത്രികളിലേക്കാണ് നിയമിച്ചത്. മൂന്നു മാസം വീതമുള്ള നാലു ഗ്രൂപുകളായിട്ടാണ് ഇവരുടെ സേവനം ലഭ്യമാകുന്നത്. 100 കിടക്കകള്‍ക്ക് മുകളില്‍ വരുന്ന താലൂകുതല ആശുപത്രികള്‍ മുതലുള്ള 78 ആശുപത്രികളിലാണ് ഇവരെ നിയമിക്കുന്നത്.

പിജി വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം കേരളത്തിന്റെ ആരോഗ്യ മേഖലയെപ്പറ്റി അടുത്തറിയാനും അതിലൂടെ ലഭ്യമാകുന്ന ചികിത്സയിലും രോഗീപരിചരണത്തിലുമുള്ള അനുഭവങ്ങള്‍ ലോകത്തിന്റെ ഏത് ഭാഗത്ത് പോയാലും സഹായകരമാകും. താലൂക്, ജില്ല, ജെനറല്‍ ആശുപത്രികളുടെ ഭരണസംവിധാനങ്ങള്‍, ജീവിതശൈലീ രോഗ നിയന്ത്രണ പരിപാടി, സംസ്ഥാന, ദേശീയ ആരോഗ്യ പദ്ധതികള്‍ എന്നിവ അടുത്തറിയാനാകുന്നു. എല്ലാവരും ഈ സിസ്റ്റത്തിന്റെ ഭാഗമായി ആരോഗ്യ മേഖലയെ ചേര്‍ത്ത് പിടിക്കണമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ റെസിഡന്‍സി പ്രോഗ്രാമിന്റെ ഭാഗമായി 75 പിജി ഡോക്ടര്‍മാരെയാണ് തിരുവനന്തപുരം ജില്ലയില്‍ നിയമിക്കുന്നത്. തിരുവനന്തപുരം മെഡികല്‍ കോളജ് - 57, ശ്രീ ഗോകുലം മെഡികല്‍ കോളജ് - 9, സിഎസ്ഐ മെഡികല്‍ കോളജ് കാരക്കോണം - 6, ആര്‍സിസി - 3 എന്നിവിടങ്ങളില്‍ നിന്നാണ് നിയമിക്കുന്നത്.

ജെനറല്‍ ആശുപത്രി തിരുവനന്തപുരം - 33, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി- 6, നെയ്യാറ്റിന്‍കര ജെനറല്‍ ഹോസ്പിറ്റല്‍ - 12, പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രി - 4, പേരൂര്‍ക്കട ജില്ലാ മാനസികാരോഗ്യ കേന്ദ്രം - 3, നെടുമങ്ങാട് ജില്ലാ ആശുപത്രി - 8, പുലയനാര്‍കോട്ട നെഞ്ചുരോഗ ആശുപത്രി - 1, പാറശാല താലൂക് ഹെഡ് ക്വാര്‍ടേഴ്സ് ഹോസ്പിറ്റല്‍ - 4, ചിറയന്‍കീഴ് താലൂക് ഹെഡ് ക്വാര്‍ടേഴ്സ് ഹോസ്പിറ്റല്‍ - 4 എന്ന ക്രമത്തിലാണ് പിജി ഡോക്ടര്‍മാരുടെ സേവനം തിരുവനന്തപുരം ജില്ലയില്‍ ലഭ്യമാക്കുന്നത്.

മെഡികല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെജെ റീന, സ്പെഷ്യല്‍ ഓഫീസര്‍ ഡോ. അബ്ദുള്‍ റശീദ്, തിരുവനന്തപുരം മെഡികല്‍ കോളജ് പ്രിന്‍സിപല്‍ ഡോ. പി കലാ കേശവന്‍, ആര്‍സിസി ജോയിന്റ് ഡയറക്ടര്‍ ഡോ. സജീദ്, തിരുവനന്തപുരം ഡിഎംഒ ഡോ. ബിന്ദു മോഹന്‍, അഡീ. ഡിഎംഒ ഡോ. സിആര്‍ ജയശങ്കര്‍, ഡെപ്യൂടി ഡിഎംഒ ഡോ. എസ് ഷീല, ഗോകുലം മെഡികല്‍ കോളജ് പ്രിന്‍സിപല്‍ ഡോ. ലളിത കൈലാസ്, കാരക്കോണം സി എസ് ഐ മെഡികല്‍ കോളജ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ബെന്നറ്റ് എബ്രഹാം, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ആശ വിജയന്‍, കേരള മെഡികല്‍ പിജി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഇഎ റുവൈസ് എന്നിവര്‍ പങ്കെടുത്തു.

Keywords: Number of referral patients should decrease proportionately says Minister Veena George, Thiruvananthapuram, News, Health, Health and Fitness, Health Minister, Hospital, Doctor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia