Career Fair | നോര്‍ക-യുകെ കരിയര്‍ ഫെയര്‍ എന്ന പേരില്‍ റിക്രൂട്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു; നവംബര്‍ 21 മുതല്‍ എറണാകുളത്ത് തുടക്കം
Nov 4, 2022, 18:10 IST
എറണാകുളം: (www.kvartha.com) നോര്‍ക റൂട്‌സിന്റെ അഭിമുഖ്യത്തില്‍ യുകെ കരിയര്‍ ഫെയര്‍ എന്ന പേരില്‍ റിക്രൂട്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ആരോഗ്യം, സോഷ്യല്‍ വര്‍ക് എന്നീ മേഖലകളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിനായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
ഇതിന്റെ ആദ്യഘട്ടം നവംബര്‍ 21 മുതല്‍ 25 വരെ എറണാകുളം താജ് ഗെയ്റ്റ് വേ ഹോടലില്‍ നടക്കും. റിക്രൂട്മെന്റ് നടപടികള്‍ പൂര്‍ണമായും യുകെയില്‍ നിന്നെത്തുന്ന വിവിധ റിക്രൂട്മെന്റ് പ്രതിനിധികളുടെ മേല്‍നോട്ടത്തിലാകും നടക്കുക.
കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുള്ള പ്രൊഫഷനലുകള്‍ക്ക് സുരക്ഷിതവും നിയമപരവുമായ മാര്‍ഗങ്ങളിലൂടെ യുകെയിലേയ്ക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്ന ധാരണാപത്രം കഴിഞ്ഞ മാസം ലന്‍ഡനില്‍ ഒപ്പുവെച്ചിരുന്നു. കേരള സര്‍കാരിന്റെ കീഴിലുളള നോര്‍ക റൂട്‌സും, യുനൈറ്റഡ് കിംങ്ഡമില്‍ (യുകെ) എന്‍ എച് എസ് (നാഷനല്‍ ഹെല്‍ത് സര്‍വീസ്) സേവനങ്ങള്‍ ലഭ്യമാക്കുന്ന 42 ഇന്റഗ്രറ്റഡ് കെയര്‍ പാര്‍ട്‌നര്‍ഷിപുകളില്‍ ഒന്നായ Humber and North Yorkshire Health & Care Partnership, നോര്‍ത് ഈസ്റ്റ് ലിങ്കന്‍ഷെയറിലെ ഹെല്‍ത് സര്‍വീസിന്റെ മാനസിക ആരോഗ്യ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന നാവിഗോ എന്നിവരുമായാണ് ധാരണാപത്രം ഒപ്പുവച്ചത്.
ഡോക്ടര്‍മാര്‍, വിവിധ സ്പെഷാലിറ്റികളിലേയ്ക്ക് നഴ്സുമാര്‍, സീനിയര്‍ കെയറര്‍, ഫിസിയോതെറാപിസ്റ്റ്, സ്പീച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍, റേഡിയോഗ്രാഫര്‍, ഒക്യുപേഷനല്‍ തെറാപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ്, സോഷ്യല്‍ വര്‍കര്‍ എന്നീ മേഖലയില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അപേക്ഷിക്കാം. ഒഴിവുകള്‍ സംബന്ധിച്ചും, തൊഴില്‍ പരിചയം, ഇന്‍ഗ്ലീഷ് ഭാഷാ നിലവാരം എന്നിവ സംബന്ധിച്ചുമുളള വിശദ വിവരങ്ങള്‍ നോര്‍ക റൂട്‌സിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭിക്കും. താത്പര്യമുള്ളവര്‍ നവംബര്‍ 15-ന് മുന്‍പ് അപേക്ഷിക്കണം.
അപേക്ഷ സമര്‍പിക്കുന്നതിനായി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് DWMS CONNECT (ഡിജിറ്റല്‍ വര്‍ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം) ആപ് ഡൗണ്‍ലോഡ് ചെയ്ത് പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്ത് രെജിസ്റ്റര്‍ ചെയ്യണം. DWMS ആപില്‍ പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യുന്ന വേളയില്‍ റഫറല്‍ കോഡായി NORKA എന്നും ചേര്‍ക്കണം. ഇതിനുശേഷം ആപിലെ NORKA CAREERS FAYRE PHASE 1 ക്ലിക് ചെയ്ത് യോഗ്യതയ്ക്ക് അനുസരിച്ച ജോലിയ്ക്കായി അപേക്ഷ സമര്‍പിക്കാം. അല്ലെങ്കില്‍ https://knowledgemission(dot)kerala(dot)gov(dot)in എന്ന വെബ്സൈറ്റ് വഴിയും പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യാവുന്നതാണ്.
സീനിയര്‍ കെയറര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്ന ബി എസ് സി/ എം എസ് സി നഴ്‌സുമാര്‍ക്ക് IELTS/OET യോഗ്യതയില്ലെങ്കിലും, യുകെ നാറിക് സര്‍ടിഫികറ്റിന്റെ പിന്‍ബലത്തില്‍ യുകെയിലേക്ക് റിക്രൂട്‌മെന്റ് നേടാവുന്നതാണ്.
ഡോക്ടര്‍മാര്‍ക്ക് പ്‌ളാബ് (PLAB) യോഗ്യയില്ലെങ്കിലും ഉപാധികളോടെ നിയമനം ലഭിക്കും. അപേക്ഷകര്‍ക്ക് ഇന്‍ഗ്ലീഷ് ഭാഷാ പരിചയം വ്യക്തമാക്കുന്ന CEFR Level-B2, C1, C2 എന്നിവ അനിവാര്യമാണ്. ഇതിനായി DWMS ആപില്‍ ഭാഷാപരിശോധനക്ക് സൗകര്യമുണ്ടായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികളില്‍ സീനിയര്‍ കെയറര്‍ ഒഴികെയുളളവര്‍ക്ക് ഇന്‍ഗ്ലീഷ് ഭാഷാ പരിജ്ഞാനം വ്യക്തമാക്കുന്ന IELTS/ OET എന്നീ യോഗ്യതകള്‍ നേടുന്നതിന് നാല് മാസത്തെ സാവകാശം ലഭിക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.