Inquiry | വീണയെ എസ് എഫ് ഐ ഒ ചോദ്യം ചെയ്തതില്‍ പുതുതായി ഒന്നുമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

 
No New Developments in Veena's Questioning, Says Minister Riyas
No New Developments in Veena's Questioning, Says Minister Riyas

Photo Credit: Facebook / P A Muhammad Riyas

● വിഷയത്തില്‍ പാര്‍ട്ടി നിലപാട് പറഞ്ഞിട്ടുണ്ട്
● അതില്‍ ഉറച്ചുനില്‍ക്കുന്നു 
● കേസുമായി ബന്ധപ്പെട്ട് എന്തൊക്കെ പ്രചാരണം നടന്നു എന്നും ചോദ്യം

കോഴിക്കോട്: (KVARTHA) വിവാദമായ മാസപ്പടി കേസില്‍ വീണയെ എസ് എഫ് ഐ ഒ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ്) ചോദ്യം ചെയ്തതില്‍ പുതുതായി ഒന്നുമില്ലെന്ന് വ്യക്തമാക്കി മന്ത്രി പിഎ മുഹമ്മദ് റിയാസ്. വീണയുടെ മൊഴി എടുത്തതായുള്ള വാര്‍ത്തയ്ക്ക് പിന്നാലെ പ്രതികരണം ചോദിച്ച മാധ്യമങ്ങള്‍ക്ക് മുന്നിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

കേസിന്റെ രാഷ്ട്രീയ വശങ്ങളെല്ലാം നേരത്തെ പറഞ്ഞതാണ്. ഇത്തരം വിഷയങ്ങളില്‍ രാഷ്ട്രീയ അജന്‍ഡ ഉണ്ടെന്നത് നേരത്തെ ചര്‍ച്ച ചെയ്തതാണ്. വിഷയത്തില്‍ പാര്‍ട്ടി നിലപാട് പറഞ്ഞിട്ടുണ്ട്. ആ നിലപാടില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുകയാണെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.


റിയാസിന്റെ വാക്കുകള്‍:

ചോദ്യം ചെയ്യല്‍ പുതുമയുള്ള ഒന്നായി എനിക്ക് തോന്നുന്നില്ല. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വന്നപ്പോള്‍ നേരത്തെ തന്നെ രാഷ്ട്രീയ നിലപാട് പാര്‍ട്ടിയും മറ്റുള്ളവരും പറഞ്ഞതാണ്. അതിനപ്പുറത്തേക്ക് ഒന്നും പറയാനില്ല. ഇവിടെ നടന്ന പ്രചാരണം പല ഒത്തുതീര്‍പ്പും നടക്കുന്നു എന്നായിരുന്നു. എന്തൊക്കെ പ്രചാരണമാണ് നടന്നത്. തൃശൂര്‍ സീറ്റിനുവേണ്ടി ചില ഒത്തുതീര്‍പ്പ് നടന്നു എന്ന് പ്രചരിപ്പിച്ചു. 

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ബിജെപിയും ആര്‍ എസ് എസുമായി ഒത്തുതീര്‍പ്പ് നടത്തുന്നു എന്ന് പ്രചരിപ്പിച്ചു. ആ പ്രചാരണം നടത്തിയവര്‍ക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളത്? ഇതെല്ലാം സ്വാഭാവികമായി ജനം ചിന്തിക്കും. കേസിന്റെ രാഷ്ട്രീയ വശങ്ങളെല്ലാം നേരത്തെ പറഞ്ഞതാണ്. ഇത്തരം വിഷയങ്ങളില്‍ രാഷ്ട്രീയ അജന്‍ഡ ഉണ്ടെന്നത് നേരത്തെ ചര്‍ച്ച ചെയ്തതാണ്. വിഷയത്തില്‍ പാര്‍ട്ടി നിലപാട് പറഞ്ഞിട്ടുണ്ട്. ആ നിലപാടില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുകയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

സി എം ആര്‍ എല്‍ എക്സാലോജിക് കേസില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ചെന്നൈയിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ ഹാജരായി വീണ മൊഴി നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സമയപരിധി അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് വീണാ വിജയനിലേക്ക് നേരിട്ട് തന്നെ അന്വേഷണമെത്തുന്നത്. ചെന്നൈയിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ അരുണ്‍ പ്രസാദാണ് മൊഴിയെടുത്തത്. 

എട്ടുമാസമാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സമയപരിധി. മാസപ്പടി വിവാദമുണ്ടായി മാസങ്ങള്‍ക്ക് ശേഷമാണ് എസ് എഫ് ഐ ഒ വീണയുടെ മൊഴി എടുക്കാന്‍ തയാറായത്. നേരത്തേ സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ എസ് എഫ് ഐ ഒയുടെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

മാസപ്പടിക്കേസില്‍ തനിക്ക് ബന്ധമില്ലെന്നായിരുന്നു വീണയുടെ നിലപാട്. താന്‍ ഐടി പ്രൊഫഷണല്‍ മാത്രമാണെന്നും രാഷ്ട്രീയ പാര്‍ട്ടികളുമായി തനിക്ക് ബന്ധമില്ലെന്നും വീണ പറഞ്ഞിരുന്നു.

വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്ക് കമ്പനിയും സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന് കീഴിലെ സിഎംആര്‍എലും തമ്മിലുള്ള ഇടപാടിനെക്കുറിച്ച് ഇക്കഴിഞ്ഞ ജനുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. എസ് എഫ് ഐ ഒയ്ക്കായിരുന്നു അന്വേഷണച്ചുമതല. 

അഡീഷണല്‍ ഡയറക്ടര്‍ പ്രസാദ് അഡെല്ലിയുടെ നേതൃത്വത്തിലുള്ള ആറംഗസംഘത്തെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിനെ ഇന്‍വെസ്റ്റിഗേറ്റിങ് ഓഫീസറായും നിശ്ചയിച്ചിരുന്നു. എട്ടുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. അത് അവസാനിക്കാനിരിക്കെയാണ് ഇപ്പോഴത്തെ നീക്കം.

കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍സ് കമ്പനി (സി എം ആര്‍ എല്‍) എന്ന സ്വകാര്യ കമ്പനി, വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യന്‍സ് എന്ന കമ്പനിക്ക് നല്‍കാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലാണ് മാസപ്പടിവിവാദത്തിന് തിരികൊളുത്തത്. 

സി എം ആര്‍ എല്ലില്‍ നിന്ന് എക്‌സാലോജിക് സൊല്യൂഷന്‍സ് 1.72 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തല്‍.  2017 മുതല്‍ 2020 കാലയളവിലാണ് സി എം ആര്‍ എല്‍ വീണയുടെ കമ്പനിക്ക് പണം നല്‍കിയതെന്നും ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിലുണ്ടായിരുന്നു.

ഇക്കാര്യം പുറത്തുവന്നതോടെ വീണാ വിജയനെയും പിണറായി വിജയനെയും പാര്‍ട്ടിയെയും ഒരുപോലെ പിടിച്ചു കുലുക്കി. നിയമസഭയില്‍ ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷം മുഖ്യമന്ത്രിയെ വട്ടം കറക്കിയെങ്കിലും തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ പിടിച്ചു നില്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

#VeenaQuestioning #SFIO #KeralaPolitics #MinisterRiyas #FraudCase #CMRLExalogic

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia