Covid | കോവിഡില്‍ ആശങ്ക വേണ്ട, സംസ്ഥാനം സുസജ്ജം: വൈറസ് കണ്ടെത്തുന്ന ആശുപത്രിയില്‍ തന്നെ ചികിത്സ ഉറപ്പാക്കണം; മന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്നു

 


തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറിയ തോതില്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് കേസിലുള്ള വര്‍ധനവ് നവംബര്‍ മാസത്തില്‍ തന്നെ കണ്ടിരുന്നു. അതനുസരിച്ച് മന്ത്രി തലത്തില്‍ യോഗങ്ങള്‍ ചേര്‍ന്ന് ആരോഗ്യ വകുപ്പ് നടപടികള്‍ സ്വീകരിച്ചിരുന്നു. മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിരുന്നു.

Covid | കോവിഡില്‍ ആശങ്ക വേണ്ട, സംസ്ഥാനം സുസജ്ജം: വൈറസ് കണ്ടെത്തുന്ന ആശുപത്രിയില്‍ തന്നെ ചികിത്സ ഉറപ്പാക്കണം; മന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്നു

സ്റ്റേറ്റ് മെഡികല്‍ ഓഫീസര്‍മാരുടെ കോണ്‍ഫറന്‍സിലും നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന കൂടി നടത്താനും ജനിതക ശ്രേണീകരണത്തിന് വേണ്ടി സാമ്പിളുകള്‍ അയക്കാനും നിര്‍ദേശം നല്‍കിയിരുന്നു. മാത്രമല്ല ഈ മാസത്തില്‍ കോവിഡ് പരിശോധന കൂട്ടുകയും ചെയ്തു. സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും ആവശ്യത്തിന് സജ്ജീകരിച്ചിട്ടുണ്ട്. കൂടുതല്‍ സുരക്ഷാ ഉപകരണങ്ങളും പരിശോധനാ കിറ്റുകളും സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ നേതൃത്വത്തില്‍ നിലവിലെ കോവിഡ് സാഹചര്യവും ആശുപത്രി സംവിധാനവും വിലയിരുത്തി. സംസ്ഥാനത്ത് നിരീക്ഷണം കൂടുതല്‍ ശക്തമാക്കും. ആരോഗ്യ വകുപ്പും മെഡികല്‍ വിദ്യാഭ്യാസ വകുപ്പും ഏകോപന പ്രവര്‍ത്തനങ്ങള്‍ നടത്തും. ആശുപത്രികള്‍ കോവിഡ് രോഗികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കണം. 

ഗുരുതരമല്ലാത്ത കോവിഡ് രോഗികളെ മെഡികല്‍ കോളജില്‍ റഫര്‍ ചെയ്യാതെ ജില്ലകളില്‍ തന്നെ ചികിത്സിക്കണം. ഇതിനായി നിശ്ചിത കിടക്കകള്‍ കോവിഡിനായി ജില്ലകള്‍ മാറ്റിവയ്ക്കണം. ഓക്സിജന്‍ കിടക്കകള്‍, ഐസിയു, വെന്റിലേറ്റര്‍ എന്നിവ നിലവിലുള്ള പ്ലാന്‍ എ, ബി അനുസരിച്ച് ഉറപ്പ് വരുത്തണം. ഡയാലിസിസ് രോഗികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഡയാലിസിസ് മുടങ്ങാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.

കോവിഡ് രോഗലക്ഷണമുള്ളവര്‍ക്ക് മാത്രം കോവിഡ് പരിശോധന നടത്തുന്നതാണ് അഭികാമ്യം. ഗുരുതര രോഗമുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. കോവിഡ് പോസിറ്റീവായാല്‍ ചികിത്സിക്കുന്ന ആശുപത്രിയില്‍ തന്നെ ചികിത്സ ഉറപ്പാക്കണം. ആശുപത്രി ജീവനക്കാരും ആശുപത്രിയിലെത്തുന്നവരും കൃത്യമായി മാസ്‌ക് ധരിക്കണം. ഗുരുതര രോഗമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവരും മാസ്‌ക് ധരിക്കണം.

നിലവിലെ ആക്ടീവ് കേസുകളില്‍ ബഹുഭൂരിപക്ഷം പേരും നേരിയ രോഗലക്ഷണങ്ങളുള്ളതിനാല്‍ വീടുകളിലാണുള്ളത്. മരണമടഞ്ഞവരില്‍ ഒരാളൊഴികെ എല്ലാവരും 65 വയസിന് മുകളിലുള്ളവരാണ്. കൂടാതെ ഹൃദ്രോഗം, വൃക്ക സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, കാന്‍സര്‍ തുടങ്ങിയ ഗുരുതര അനുബന്ധ രോഗങ്ങള്‍ ഉള്ളവരുമായിരുന്നു. ഫലം ലഭിച്ചതില്‍ ഒരു സാമ്പിളില്‍ മാത്രമാണ് ജെഎന്‍-1 ഒമിക്രോണ്‍ വേരിയെന്റാണ് സ്ഥിരീകരിച്ചത്. ആ വ്യക്തിക്ക് രോഗം ഭേദമാകുകയും ചെയ്തു.

ആശുപത്രികളിലുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍, റൂമുകള്‍, ഓക്സിജന്‍ കിടക്കകള്‍, ഐസിയു കിടക്കകള്‍, വെന്റിലേറ്ററുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. ഡിസംബര്‍ 13 മുതല്‍ 16 വരെ ഇവയുടെ ലഭ്യത ഉറപ്പ് വരുത്താനായി 1192 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ ഉള്‍പെടുത്തി ഓണ്‍ലൈന്‍ മോക് ഡ്രില്‍ നടത്തി. ഓക്സിജന്‍ സൗകര്യം ലഭ്യമായ 1957 കിടക്കകളും, 2454 ഐസിയു കിടക്കകളും 937 വെന്റിലേറ്റര്‍ സൗകര്യമുള്ള ഐസിയു കിടക്കകളുമുണ്ട്.

ഓണ്‍ലൈന്‍ വഴി ചേര്‍ന്ന യോഗത്തില്‍ പ്രിന്‍സിപല്‍ സെക്രടറി, കെ എം എസ് സി എല്‍ മാനേജിംഗ് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡികല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍മാര്‍, ജില്ലാ മെഡികല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, സര്‍വെലന്‍സ് ഓഫീസര്‍മാര്‍, പ്രധാന ആശുപത്രികളിലെ സൂപ്രണ്ടുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords:  No Need To Worry About Covid Says Minister Veena George, Thiruvananthapuram, News, Covid, Minister Veena George, Meeting, Health, Patient, Treatment, Hospital, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia