മഅദനിക്ക് ഉടന്‍ ശസ്ത്രക്രിയ ഇല്ല; കാഴ്ചശക്തി തിരിച്ചുപിടിക്കാമെന്ന് പ്രതീക്ഷ

 


തിരുവനന്തപുരം: ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയായി പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതിനിടെ ചികില്‍സായ്ക്കു വേണ്ടി ആശുപത്രിയിലേക്കു മാറ്റിയ അബ്ദുന്നാസര്‍ മഅദനിക്ക് നേത്ര ശസ്ത്രക്രിയ ഉടന്‍ നടത്തില്ല. ഇക്കാര്യത്തില്‍ അദ്ദേഹത്തെ ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ ഏകാഭിപ്രായത്തിലെത്തി. ഇപ്പോള്‍ ശസ്ത്രിക്രിയ നടത്തിയതുകൊണ്ട് അദ്ദേഹത്തിനു കാഴ്ച തിരിച്ചു കിട്ടുമെന്ന ഉറപ്പില്ലാത്തതിനാലാണ് ഇത്. എന്നാല്‍, ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ചികില്‍സയുടെ തുടര്‍ച്ചയായി ശസ്ത്രക്രിയ കൂടി വേണമെന്ന സാഹചര്യം പിന്നീടുണ്ടായാല്‍ അടിയന്തര ശസ്ത്രക്രിയ നടത്താം എന്നാണ് ഡോക്ടര്‍മാര്‍ മഅദനിയുടെ ഭാര്യ സൂഫിയ മഅ്ദനിയോടും പി.ഡി.പി നേതാക്കളോടും പറഞ്ഞത്. കോടതി നിര്‍ദേശ പ്രകാരം, സ്വന്തം ചെലവില്‍ ചികില്‍സിക്കുന്നതിന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൂഫിയയും മകന്‍ ഉമര്‍ മുഖ്താറും അടുത്തുണ്ട്. സൗഖ്യ, അഗര്‍വാള്‍ ആശുപത്രികളിലായാണ് ചികില്‍സ.

വലതു കണ്ണിന്റെ കാഴ്ച പൂര്‍ണമായും ഇടതുകണ്ണിന്റെ കാഴ്ച ഭാഗികമായും നഷ്ടപ്പെട്ട നിലയിലാണ് മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിശദമായ പരിശോധനയ്ക്കു ശേഷം, കാഴ്്ച തിരിച്ചികിട്ടാന്‍ മൂന്നുതരം ചികില്‍സകളാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ലേസര്‍ ചികില്‍സ, ഇന്‍ജക്ഷന്‍, ശസ്ത്രക്രിയ എന്നിവയാണ് അവ. ലേസര്‍ ചികില്‍സയും ഇന്‍ജക്ഷനും കഴിഞ്ഞു. വലതുകണ്ണിന്റെ റെറ്റിനയെ മൂടിയിരുന്ന നേര്‍ത്ത പാട നീക്കുകയും ചെയ്തു. രണ്ടു കണ്ണുകള്‍ക്കും ഒറ്റയടിക്കു കാഴ്ച തിരിച്ചു ലഭിക്കില്ലെന്ന നിഗമനത്തിലാണ് അതിനു ശേഷം ഡോക്ടര്‍മാര്‍ എത്തിയത്. ഇടതുകണ്ണിന് ഇപ്പോളുള്ള 30 ശതമാനം കാഴ്ശക്തി പതിയെപ്പതിയെ വര്‍ധിച്ചുവരും. വലതു കണ്ണിനും കാലക്രമേണ കാഴ്ച ലഭിക്കാന്‍ ഇടയുണ്ട്. ഡയബറ്റിക് റെറ്റിനോപ്പതി ബാധിച്ച ശേഷം ചികില്‍സ വൈകിയതാണ് സ്ഥിതി ഇത്ര ഗുരുതരമാകാന്‍ കാരണം. ഇപ്പോള്‍ ധൃതി പിടിച്ച് ശസ്ത്ര്ക്രിയ നടത്തിയാല്‍ അതിനുശേഷം കണ്ണിനുള്ളില്‍ പഴുപ്പ് ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് നിരീക്ഷണം. അങ്ങനെ സംഭവിച്ചാല്‍ ഇപ്പോഴുള്ള അനുകൂല സ്ഥിതി കൂടി നഷ്ടപ്പെടുകയും രണ്ടു കണ്ണുകളുടെയും കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുകയും ചെയ്യും. ഈ സാഹചര്യങ്ങളെല്ലാം മഅ്ദനിയുമായും കുടുംബവുമായും പി.ഡി.പിയുടെ പ്രധാന നേതാക്കളുമായും ഡോക്ടര്‍മാര്‍ ചര്‍ച്ച ചെയ്തിരുന്നു. വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് കേരള, കര്‍ണാടക സര്‍ക്കാരുകള്‍ക്ക് നല്‍കുകയും ചെയ്തു. അതിനുശേഷമാണ്, ഇപ്പോള്‍ ശസ്ത്രക്രിയ വേണ്ട എന്ന തീരുമാനത്തിലെത്തിയത്.
മഅദനിക്ക് ഉടന്‍ ശസ്ത്രക്രിയ ഇല്ല; കാഴ്ചശക്തി തിരിച്ചുപിടിക്കാമെന്ന് പ്രതീക്ഷ
2010 ആഗസ്റ്റ് 17ന് മഅദനിയെ അറസ്റ്റു ചെയ്ത് പത്തു ദിവസം ചോദ്യം ചെയ്ത ശേഷം ആരോഗ്യ പരിശോധന നടത്തിയപ്പോള്‍തന്നെ കണ്ണുകളുടെ സ്ഥിതിയെക്കുറിച്ച് ഡോക്ടര്‍ താക്കീത് ചെയ്തിരുന്നു. കടുത്ത പ്രമേഹബാധിതനായ അദ്ദേഹത്തിന് അതിന്റെ തുടര്‍ച്ചയായി ഡയബറ്റിക് റെറ്റിനോപ്പതി ബാധിക്കാനുള്ള സാധ്യത 0.3 ശതമാനം ആണെന്നായിരുന്നു അന്നത്തെ നിരീക്ഷണം. രണ്ടു മാസം കഴിഞ്ഞ് അത് വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കണം എന്നും ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം അടങ്ങിയ കേസ് ഷീറ്റ് ജയില്‍ അധികൃതരെയാണ് പൊലീസ് ഏല്‍പ്പിച്ചത്. മഅദനിയെയോ ബന്ധുക്കളെയോ കാണിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പല മാസങ്ങള്‍ കഴിഞ്ഞാണ് വീണ്ടും ചികില്‍സ തേടിയത്. അപ്പോഴേയ്ക്കും ഡയബറ്റിക് റെറ്റിനോപ്പതി സാധ്യത 0.12 ശതമാനമായി വര്‍ധിച്ചിരുന്നു. തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ നേത്ര ചികില്‍സാലയത്തില്‍ തുടര്‍ ചികില്‍സ നല്‍കിയെങ്കിലും അത് സ്ഥിതി കൂടുതല്‍ വഷളാക്കി. പ്രമേഹം നിയന്ത്രണ വിധേയമാക്കാതെ ചികില്‍സിച്ചതായിരുന്നു കാരണം. അതോടെ, വലതു കണ്ണിന്റെ ഉള്ളില്‍ നിന്നു രക്തപ്രവാഹം ഉണ്ടാവുകയും കാഴ്ച ശക്തി ആദ്യം ഭാഗികമായും പിന്നീട് പൂര്‍ണമായും നഷ്ടപ്പെടുകയുമാണുണ്ടായത്.

Keywords:  Abdul Nasar Madani, Eye, Diabetes, Surgery, Extend, Doctors, Bangalore, Jail, Karnataka, Kerala, Malayalam news, Kvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia