മതസ്പര്‍ദ്ദ വളര്‍ത്തുന്ന പ്രസംഗം നടത്തിയ ശശികലക്കെതിരെ കേസെടുക്കാന്‍ പിണറായിയുടെ പോലീസിന് മുട്ടുവിറക്കുന്നു; സോഷ്യല്‍ മീഡിയയില്‍ ട്രോളോട് ട്രോള്‍, കെ എം ഷാജിയും രംഗത്ത്

 


കാസര്‍കോട്: (www.kvartha.com 25.10.2016) മതസ്പര്‍ദ്ദ വളര്‍ത്തുന്ന പ്രസംഗം നടത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലക്കെതിരെ കേസെടുക്കാന്‍ പിണറായിയുടെ പോലീസിന് മുട്ടുവിറക്കുന്നതായി സോഷ്യല്‍ മീഡിയ.

അഡ്വ സി ഷുക്കൂര്‍ ശശികലക്കെതിരെ കാസര്‍കോട് ജില്ലാപോലീസ് മേധാവി തോംസണ്‍ ജോസിന് പരാതി നല്‍കി രണ്ടാഴ്ച കഴിഞ്ഞിട്ടും ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നാല്‍ മതവിദ്വേഷ പ്രസംഗം നടത്തിയതിന് സലഫി പ്രഭാഷകന്‍ ഷംസുദ്ദീന്‍ പാലത്തിനെതിരെ ഷുക്കൂര്‍ ഇതേ എസ് പിക്ക് പരാതി നല്‍കിയ ഉടന്‍ തന്നെ കേസെടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഷംസുദ്ദീനെതിരെ യു എ പി എ ചുമത്തുകയും ചെയ്തു. പോലീസിന്റെ ഈ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്തുകൊണ്ട് ട്രോളുകള്‍ വ്യാപകമാവുകയാണ്.

വര്‍ഗീയതക്കെതിരെ വോട്ടു തേടി അധികാരത്തിലെത്തിയ ഇടത് സര്‍ക്കാര്‍ ഒരു
വിഭാഗത്തിനെതിരെ മാത്രം കണ്ണടച്ച് നടപടിയെടുക്കുമ്പോള്‍ സംഘ്പരിവാര്‍ നേതാക്കള്‍ക്കെതിരെ വിരലനക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നാണ് വിമര്‍ശനം. സംഘ്പരിവാര്‍ നേതാക്കളായ പ്രവീണ്‍ തൊഗാഡിയ, കെ.പി ശശികല, എന്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ നിരന്തരം വര്‍ഗീയ പ്രസംഗങ്ങള്‍ തുടരുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടികളുണ്ടാകുന്നില്ലെന്ന് സോഷ്യല്‍ മീഡിയ കുറ്റപ്പെടുത്തുന്നു.

മറ്റുവിഭാഗക്കാരോട് ചിരിക്കാന്‍ പോലും പാടില്ലെന്ന ഷംസുദ്ദീന്‍ പാലത്തിന്റെ പ്രസംഗവീഡിയോ പുറത്തുവരികയും ഇതിനെതിരെ പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെയാണ് ഷംസുദ്ദീനെതിരെ കേസെടുത്തത്. അഡ്വ. ഷുക്കൂര്‍ യൂട്യൂബില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് നല്‍കിയ പരാതിയിലാണ് കൊടും കുറ്റവാളികള്‍ക്കു ചുമത്തുന്ന യു.എ.പി.എ ഷംസുദ്ദീനെതിരെ ചുമത്തിയത്.

പിന്നീട് ഷുക്കൂര്‍ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലക്കെതിരെയും മൂന്നു വിഡിയോകള്‍ സഹിതം സമാന പരാതി ഉന്നയിച്ചെങ്കിലും ഇതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ല. മലപ്പുറത്തെ മുസ്ലിങ്ങളെ ആക്ഷേപിക്കുന്ന തരത്തില്‍ പ്രസംഗിച്ച ഗോപാലകൃഷ്ണനെതിരെയും ശക്തമായ നടപടിയെടുക്കാനായില്ല. വര്‍ഗീയ പ്രസംഗത്തിന് കേരളത്തില്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കപ്പെട്ട പ്രവീണ്‍ തൊഗാഡിയ ഇപ്പോഴും കേരളത്തില്‍ വന്ന് നിരവധി വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തിപ്പോകുന്ന കാര്യവും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. പിണറായിയുടെ ഇരട്ടച്ചങ്ക് വെറും പൊള്ളയാണെന്ന പരിഹാസം നവമാധ്യമങ്ങളില്‍ സജീവമാവുകയാണ്.

അതിനിടെ ലീഗിന്റെ പ്രമുഖ നേതാവും എം എല്‍ എയുമായ കെ എം ഷാജി ഈ വിഷയത്തില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചതോടുകൂടി രംഗം കൂടുതല്‍ കൊഴുത്തിരിക്കയാണ്. ഷംസുദ്ദീന്‍ പാലത്തിനെതിരെ യു എ പി എ ചുമത്തിയ പിണറായിയുടെ പോലീസിന് ശശികലയ്‌ക്കെതിരെ കേസെടുക്കാന്‍ ധൈര്യമില്ലെന്നാണ് ഷാജി വ്യക്തമാക്കിയിരിക്കുന്നത്.

മതസ്പര്‍ദ്ദ വളര്‍ത്തുന്ന പ്രസംഗം നടത്തിയ ശശികലക്കെതിരെ കേസെടുക്കാന്‍ പിണറായിയുടെ പോലീസിന് മുട്ടുവിറക്കുന്നു; സോഷ്യല്‍ മീഡിയയില്‍ ട്രോളോട് ട്രോള്‍, കെ എം ഷാജിയും രംഗത്ത്

Keywords:   Shashikala teacher, N Gopalakrishnan, UAPA, kasaragod, Case, Pinarayi vijayan, Chief Minister, Complaint, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia