SWISS-TOWER 24/07/2023

അലനും താഹയ്ക്കും ജാമ്യമില്ല; യു എ പി എ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി; പ്രതികളെ കാണാന്‍ അഭിഭാഷകര്‍ക്ക് അനുമതി

 


കോഴിക്കോട്: (www.kvartha.com 06.11.2019) മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി. കുറ്റസമ്മതം നടത്തി എന്ന എഫ്‌ഐആറും തെളിവുകളും നിര്‍ണായകമായെന്ന് കോടതി പറഞ്ഞു.

യു എ പി എ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും, പ്രതികള്‍ പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇത് അംഗീകരിച്ച കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. പ്രതികളെ കാണാന്‍ അഭിഭാഷകര്‍ക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരിക്കണം കൂടിക്കാഴ്ച.

അലനും താഹയ്ക്കും ജാമ്യമില്ല; യു എ പി എ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി; പ്രതികളെ കാണാന്‍ അഭിഭാഷകര്‍ക്ക് അനുമതി

അതേസമയം, യു എ പി എയുടെ കാര്യത്തില്‍ തീരുമാനമാകാതെ മകന്‍ പുറത്തിറങ്ങിയിട്ട് കാര്യമില്ലെന്ന് അലന്റെ അമ്മ സബിത പ്രതികരിച്ചു. മുമ്പ് നടന്ന യു എ പി എ കേസുകളില്‍ നിന്നും ജാമ്യം കിട്ടില്ലെന്ന് അറിയാമായിരുന്നുവെന്ന് നടിയും അലന്റെ അമ്മയുടെ സഹോദരിയുമായ സജിത മഠത്തില്‍ പറഞ്ഞു. 'രണ്ട് ദിവസം മുമ്പ് അലന്റെ കൈയില്‍ ബാഗുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞിട്ടില്ല, ഇപ്പോള്‍ അതും പറയുന്നു.

ആ ബാഗ് ആരോ വിലിച്ചെറിഞ്ഞ് പോയതാണെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. വീട്ടില്‍ നിന്നും പൊലീസ് അലന്റെ ഫോണ്‍ മാത്രമേ എടുത്തുകൊണ്ടുപോയിട്ടുള്ളു, അല്ലാതെ ഒന്നും ഇവിടെ നിന്നും കണ്ടെത്തിയിട്ടില്ല'-സജിത മഠത്തില്‍ വ്യക്തമാക്കി. അതേസയം ഹൈക്കോടതിയെ സമീപിക്കുമെന്ന് താഹയുടെ കുടുംബാംഗങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

യുഎപിഎ നിലനില്‍ക്കുമെന്ന് ഗവണ്‍മെന്റ് പ്ലീഡര്‍ കഴിഞ്ഞദിവസം കോടതിയില്‍ നിലപാട് അറിയിച്ചിരുന്നു. യുഎപിഎ നിലനിര്‍ത്തുന്നതിനുള്ള നിര്‍ണായക തെളിവുകളും പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. നിരോധിത പ്രസ്ഥാനങ്ങളില്‍ അംഗമാവുക, അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് അലനും, താഹയ്ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. പന്തീരാങ്കാവില്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മൂന്നാമന് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

നഗരത്തില്‍ പെരുമണ്ണ ടൗണിലെ സ്‌പോര്‍ട്‌സ് ടര്‍ഫിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ഇയാളെ തിരിച്ചറിയാനാകുമെന്നാണ് പ്രതീക്ഷ. ടര്‍ഫിനു സമീപം കടത്തിണ്ണയില്‍ ഇയാളുമായി സംസാരിച്ചു നില്‍ക്കവെയാണ് അലനെയും താഹയെയും പൊലീസ് പിടികൂടിയത്. നഗരം കേന്ദ്രീകരിച്ചു മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഉണ്ണിയാണ് മൂന്നാമനെന്നും ഇയാള്‍ വലയിലാണെന്നുമുള്ള അഭ്യൂഹങ്ങള്‍ പൊലീസ് തള്ളി.

കോടതി സ്വമേധയാ യു എ പി എ വകുപ്പ് ഒഴിവാക്കണമെന്ന ആവശ്യമാണ് പ്രതികള്‍ക്കു വേണ്ടി ഹാജരായ അഡ്വ.എം കെ ദിനേശ് തിങ്കളാഴ്ച ഉന്നയിച്ചതെങ്കില്‍, ഇരുവര്‍ക്കും ജാമ്യം അനുവദിക്കണമെന്ന ആവശ്യം മാത്രമാണ് കഴിഞ്ഞദിവസം അദ്ദേഹം ഉന്നയിച്ചത്. അലന്‍ ഷുഹൈബ് (19), താഹ ഫസല്‍ (24) എന്നിവര്‍ക്ക് നിയമപരമായും മാനുഷിക പരിഗണനയിലും ജാമ്യം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും അദ്ദേഹം വാദിച്ചു.

അതിനിടെ അലനെയും താഹയെയും കസ്റ്റഡിയില്‍ വാങ്ങാനുള്ള ഒരുക്കത്തിലാണു പൊലീസ്. പിടിച്ചെടുത്ത ഫോണ്‍, ലാപ്‌ടോപ്, പെന്‍ഡ്രൈവ് എന്നിവയില്‍നിന്ന് 'ഡിജിറ്റല്‍' തെളിവുകള്‍ ശേഖരിച്ച ശേഷം കോടതിയെ സമീപിക്കും. ഇരുവരും യാത്രകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ലെന്നും ഇത് ട്രാക്ക് ചെയ്യാതിരിക്കാനുള്ള മുന്‍കരുതലാകാമെന്നും പൊലീസ് പറയുന്നു.

വീട്ടില്‍നിന്നു കണ്ടെടുത്തതായി പറയുന്ന മാവോയിസ്റ്റ് പ്രവര്‍ത്തന രൂപരേഖയാണ് താഹയ്‌ക്കെതിരായ പ്രധാനതെളിവ്. സായുധ സമരത്തിന് ആഹ്വാനം ചെയ്യുന്ന ലഘുലേഖ ഓരോ ഘട്ടത്തിലും എങ്ങനെ പ്രവര്‍ത്തിക്കണമെന്നു കൃത്യമായി പറയുന്നു. തീവ്രസംഘടനകളുടെ യോഗങ്ങളില്‍ അലന്‍ മുന്‍പ് പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടതും ബോധപൂര്‍വമാണ്.

അതിനിടെ, അലന്‍ ഷുഹൈബ് (19), താഹ ഫസല്‍ (24) എന്നീ വിദ്യാര്‍ഥികളെ കൂടുതല്‍ സുരക്ഷയുള്ള മറ്റൊരു ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ജില്ലാ ജയില്‍ സൂപ്രണ്ട് കത്തു നല്‍കി. മാവോയിസ്റ്റ് ആക്രമണ സാധ്യത ചൂണ്ടിക്കാട്ടിയാണിത്. ഇരുവരും നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) അംഗങ്ങളാണെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  No Bail for students arrested in UAPA Case,Kozhikode, News, Trending, Bail, Court, Probe, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia