Poetry Legend | എൻഎൻ കക്കാട് വിട വാങ്ങിയിട്ട് 38 വർഷം; ജീവിത ദർശനങ്ങൾ മ്യുത്യുബോധത്തിൽ ചാലിച്ച കവി
● കോഴിക്കോട് ജില്ലയിലെ അവിടനല്ലൂർ എന്ന ഗ്രാമത്തിൽ 1927 ജൂലൈ 14നാണ് എൻ.എൻ കക്കാട് ജനിച്ചത്.
● കാല്പനികതാവിരുദ്ധതയായിരുന്നു കക്കാടിന്റെ കവിതകളുടെ മുഖമുദ്ര.
● വയലാർ അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ച കൃതിയാണ് സഫലമീ യാത്ര.
(KVARTHA) മലയാളത്തിലെ ആധുനിക കവിതകളുടെ തുടക്കക്കാരിൽ പ്രമുഖനാണ് എൻ എൻ കക്കാട് എന്ന കക്കാട് ഇല്ലത്ത് നാരായണൻ നമ്പൂതിരി. മനുഷ്യസ്നേഹം തുളുമ്പു നിന്ന കവിതകൾ വഴി സമൂഹത്തിന്റെ ദുരവസ്ഥയിലുള്ള നൈരാശ്യം വളരെ മനോഹരമായി കവിതകൾ വഴി സമൂഹവുമായി സംവദിച്ച കക്കാട് വിടവാങ്ങിയിട്ട് ജനുവരി ആറിന് 38 വർഷമാണ് തികയുന്നത്. കാല്പനികതാവിരുദ്ധതയായിരുന്നു കക്കാടിന്റെ കവിതകളുടെ മുഖമുദ്ര.
മനുഷ്യസ്നേഹം തുളുമ്പിനിന്ന വരികൾ ആയിരുന്നു അദ്ദേഹത്തിന്റെ കവിതകളിൽ എപ്പോഴും നിറഞ്ഞു നിന്നിരുന്നത്. കേരളവർമ്മ കോളജിലെ അദ്ധ്യാപകനായിരുന്ന പ്രശസ്ത സാഹിത്യകാരനും കവിയും സാഹിത്യ നിരൂപകനുമായ എൻ വി കൃഷ്ണവാര്യരാണ് കക്കാടിലെ കവിയെ വളർത്തിയത്. ശലഭഗീതം, പാതാളത്തിന്റെ മുഴക്കം, വജ്രകുണ്ഡലം, സഫലമീ യാത്ര, നന്ദി തിരുവോണമേ നന്ദി തുടങ്ങിയവയാണ് കക്കാടിന്റെ പ്രധാന കൃതികൾ.
'ആർദ്രമീ ധനുമാസ രാവുകളിലൊന്നിൽ ആതിര വരും പോകുമല്ലേ സഖീ, ഞാനീ ജനലഴി പിടിച്ചൊട്ടു നിൽക്കട്ടെ നീയെന്നണിയത്തു തന്നെ നിൽക്കൂ', മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ഈരടികളായി മലയാള ഭാഷ അറിയുന്ന കൊച്ചുകുട്ടികളുടെ ചുണ്ടിൽ പോലും തത്തിക്കളിക്കുന്ന വരികളാണ് സഫലമീ യാത്ര എന്ന കൃതി വഴി കക്കാട് കൈരളി സമക്ഷം അവതരിപ്പിച്ചത്. വയലാർ അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ച കൃതിയാണ് സഫലമീ യാത്ര. സംസ്ഥാന സ്കൂൾ യുവജനോത്സവ വേദികളിൽ കവിത പാരായണ മത്സരങ്ങളിൽ ഏറ്റവും മുൻപന്തിയിൽ ഉള്ള ഗാനങ്ങളിൽ ഒന്നായിരുന്നു കക്കാടിന്റെ സഫലമീ യാത്രയിലെ വരികൾ.
കോഴിക്കോട് ജില്ലയിലെ അവിടനല്ലൂർ എന്ന ഗ്രാമത്തിൽ 1927 ജൂലൈ 14നാണ് എൻ.എൻ കക്കാട് ജനിച്ചത്. ക്ഷയിച്ചുകൊണ്ടിരുന്ന ഒരു നമ്പൂതിരി കുടുംബത്തിലായിരുന്നു ജനനം. ബാല്യം മുതൽക്കേ അനാരോഗ്യം കൊണ്ട് അദ്ദേഹം കഷ്ടപ്പെട്ടിരുന്നു. പാരമ്പര്യ രീതിയിലുള്ള സംസ്കൃത പഠനവും തന്ത്രവും മറ്റും അദ്ദേഹം കുടുംബത്തിൽ നിന്ന് പഠിച്ചിരുന്നു. അതിനുപുറമേ ചിത്രമെഴുത്ത്, ഓടക്കുഴൽ, ശാസ്ത്രീയസംഗീതം, ചെണ്ടകൊട്ട് എന്നിവയിലും ചെറു പ്രായത്തിൽ തന്നെ കക്കാട് പ്രാവീണ്യം നേടിയിരുന്നു. രാമായണം, മഹാഭാരതം തുടങ്ങിയ കൃതികളിൽ നിന്ന് ലഭിച്ച കവിതാ വാസനയാൽ അദ്ദേഹം കുട്ടിക്കാലത്തു തന്നെ ശ്ലോകങ്ങൾ രചിച്ചിരുന്നു.
ഇതിഹാസങ്ങളിൽ നിന്ന് രൂപകങ്ങൾ കടം കൊണ്ട് അദ്ദേഹം ആധുനിക മനുഷ്യന്റെ അവസ്ഥയെ വർണ്ണിച്ചു. മനുഷ്യന്റെ അവസ്ഥയായിരുന്നു കക്കാടിന്റെ കവിതകളുടെ പ്രധാന വിഷയം. കലാ കേരളം അദ്ദേഹത്തെ അംഗീകരിക്കുന്നത് വളരെ താമസിച്ചായിരുന്നു. പല ആശയങ്ങളും രൂപങ്ങളുമായി മല്ലിട്ട് മലയാള സാഹിത്യത്തിൽ തന്റേതായ ഒരു പാത വെട്ടിത്തെളിക്കുകയായിരുന്നു അദ്ദേഹം. അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ച അദ്ദേഹം ജീവിതത്തിന്റെ ഏറിയ പങ്കും കോഴിക്കോട് ആകാശവാണിയിലാണ് ജോലിചെയ്തത്. കേരള സാഹിത്യ സമിതി, വള്ളത്തോൾ വിദ്യാപീഠം എന്നിവയിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
1985ൽ അദ്ദേഹം ആകാശവാണിയിലെ പ്രൊഡ്യൂസർ സ്ഥാനത്തു നിന്ന് വിരമിച്ചു. കേരള സാഹിത്യ അക്കാദമിയിലും സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിലും അദ്ദേഹം അംഗമായിരുന്നിട്ടുണ്ട്. ദീർഘകാലം അർബുദ രോഗത്താൽ കഷ്ടപ്പെട്ട് 38 വർഷം മുമ്പ് 1987ൽ തന്റെ 59-ാമത് വയസ്സിലാണ് കക്കാട് ലോകത്തോട് വിടവാങ്ങിയത്. അനിവാര്യമായ മരണം എന്ന സത്യത്തെ ഉൾക്കൊണ്ട് തന്റെ സംഭാഷണങ്ങളിലും രചനകളിലും ആ സത്യം ഉൾക്കൊള്ളിക്കാൻ കക്കാട് എപ്പോഴും ശ്രമിച്ചിരുന്നു എന്ന് അദ്ദേഹത്തിന്റെ രചനകൾ ആഴത്തിൽ വായിച്ചാൽ വ്യക്തമാകുന്നതാണ്. അദ്ദേഹം മരിച്ചശേഷമാണ് നാടൻചിന്തുകൾ, പകലറുതിക്ക് മുമ്പ് എന്നീ കാവ്യ സമാഹാരങ്ങൾ പ്രസിദ്ധീകൃതമായത്.
#NNKakkat #MalayalamPoetry #KeralaLiterature #KakkatLegacy #PoetryInKerala #ModernMalayalamPoetry