Nipah Virus | സംസ്ഥാനത്ത് 4 പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; കനത്ത ജാഗ്രതയില്‍ കോഴിക്കോട്, ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമെന്ന് മന്ത്രി

 


കോഴിക്കോട്: (www.kvartha.com) കേരളത്തില്‍ നാല് പേര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ടു പേര്‍ക്കും കഴിഞ്ഞ ദിവസം മരിച്ച രണ്ടു പേര്‍ക്കുമാണു രോഗബാധ സ്ഥിരീകരിച്ചത്. പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂടില്‍ നിന്നുള്ള സാംപിള്‍ പരിശോധനാഫലം കിട്ടിയതിനു പിന്നാലെയാണു സ്ഥിരീകരണം.

മരിച്ച രണ്ടുപേര്‍ക്കും നിപ്പയാണെന്നു നേരത്തേ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചിരുന്നെങ്കിലും സംസ്ഥാനം സ്ഥിരീകരിച്ചിരുന്നില്ല. ആദ്യം മരിച്ചയാളുടെ ചികിത്സയിലുള്ള 9 വയസുള്ള മകനും 24 വയസുള്ള ഭാര്യസഹോദരനുമാണ് നിപ സ്ഥിരീകരിച്ചത്. നാലു വയസുള്ള മകള്‍ നെഗറ്റീവാണ്. ഭാര്യാ സഹോദരന്റെ 10 മാസം പ്രായമുള്ള കുഞ്ഞും നെഗറ്റീവാണ്. നിപ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ ഉള്ളവരുടെ വിശദാംശങ്ങള്‍ തേടുകയാണെന്നു മന്ത്രി അറിയിച്ചു. 7 പേരാണ് ആകെ ചികിത്സയിലുള്ളത്. രോഗ ഉറവിട കേന്ദ്രങ്ങളായ രണ്ടിടങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

തിങ്കളാഴ്ച മരിച്ച വ്യക്തിക്ക് ആദ്യം മരിച്ച വ്യക്തിയുമായി ആശുപത്രിയില്‍ നിന്നാണ് സമ്പര്‍ക്കമുണ്ടായത്. നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. നിപയെ അതിജീവിച്ച അനുഭവമുള്ളതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

നിപ സ്ഥീരീകരിച്ച പശ്ചാത്തലത്തില്‍ കണ്ണൂര്‍, വയനാട്, മലപ്പുറം എന്നീ അയല്‍ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയിലുള്ള നിപ ബാധിതരുടെ ചികിത്സയ്ക്കായി മോണോക്ലോണല്‍ ആന്റിബോഡിയുടെ ലഭ്യത ഐസിഎംആറുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ പനി ബാധിച്ചുള്ള 2 അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായത് കാരണം ആരോഗ്യ വകുപ്പ് ചൊവ്വാഴ്ച (12.09.2023) തന്നെ ജാഗ്രത നിര്‍ദേശം പുറപ്പെടപ്പെടുവിച്ചിരുന്നു. നിപയാണോയെന്ന് സ്ഥിരീകരിക്കാന്‍ സാംപിളുകള്‍ പുനൈ വൈറോളജി ഇന്‍സ്റ്റിറ്റിയൂടിലേക്ക് അയയ്ക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്യുകയായിരുന്നു. മുന്‍കൂട്ടി പ്രതിരോധം ശക്തമാക്കാനാണ് അറിഞ്ഞയുടന്‍ പ്രവര്‍ത്തനമാരംഭിച്ചത്.

പ്രദേശത്ത് സര്‍വയലന്‍സ് പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാത്രി തന്നെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി നടപടികള്‍ സ്വീകരിച്ചു. കൂടാതെ ആരോഗ്യ മന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും കോഴിക്കോടെത്തി വിവിധ യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

'സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 168 പേരുണ്ട്. ആദ്യത്തെ കേസിലെ സമ്പര്‍ക്കപ്പട്ടികയില്‍ 158 പേരാണ്. അതില്‍ 127 ആരോഗ്യപ്രവര്‍ത്തകരാണ്. ബാക്കി 31 പേര്‍ വീട്ടിലും പരിസരത്തും ഉള്ളവര്‍. രണ്ടാമത്തെ കേസിലെ സമ്പര്‍ക്കപ്പട്ടികയില്‍ നൂറിലേറെ പേരാണുള്ളത്. എന്നാല്‍, അതില്‍ 10 പേരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ളരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് ആയി തരംതിരിക്കും. ആരൊക്കെയായിട്ടാണ് അടുത്തിടപഴകിയിട്ടുള്ളത് എന്നു കണ്ടെത്താന്‍ ഇവര്‍ പോയ ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പെടെ പരിശോധിക്കും. പൊലീസിന്റെ കൂടി സഹായം തേടും.

വനംവകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തില്‍ വവ്വാലുകളുടെ ആവാസകേന്ദ്രം സംബന്ധിച്ച് സര്‍വേ നടത്തും. 3 കേന്ദ്ര സംഘങ്ങള്‍ ബുധനാഴ്ച (13.09.2023) എത്തും. ആരും ആശങ്കപ്പെടേണ്ടതില്ല. ഇതുസംബന്ധിച്ച വ്യക്തമായ നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പും സര്‍കാരും നല്‍കും. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പെട്ടവര്‍ രോഗലക്ഷണമുണ്ടെങ്കില്‍ കോള്‍ സെന്ററില്‍ ബന്ധപ്പെടണം'- ആരോഗ്യമന്ത്രി അറിയിച്ചു.

ജില്ലയിലെ എംഎല്‍എമാര്‍, രോഗബാധിത പ്രദേശങ്ങളിലെ ജനപ്രതിനിധികള്‍, ജില്ലാകലക്ടര്‍, ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലയിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ അടിയന്തര യോഗം ചേര്‍ന്നു. നിപ കണ്‍ട്രോള്‍ റൂം (0495 2383100 , 0495 2383101, 0495 2384100, 0495 2384101, 0495 2386100) ആരംഭിച്ചു. കോണ്ടാക്ട് ട്രെയ്സിംഗും സര്‍വയലന്‍സ് പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. മന്ത്രി വീണാ ജോര്‍ജ് കോഴിക്കോട് മെഡികല്‍ കോളജ് സന്ദര്‍ശിച്ച് ക്രമീകരണം വിലയിരുത്തി. നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. രോഗീ പരിചരണത്തിനാവശ്യമായ പിപിഇ കിറ്റ്, എന്‍. 95 മാസ്‌ക്, മറ്റ് സുരക്ഷാ സാമഗ്രികള്‍, മരുന്നുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തി. മതിയായ ജീവനക്കാരേയും ഉറപ്പ് വരുത്തിയിട്ടുണ്ട്.

അതേസമയം, നിപ വൈറസ് ബാധ റിപോര്‍ട് ചെയ്ത സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ കന്റോണ്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂര്‍, കുറ്റ്യാടി, കായക്കൊടി, വില്യപ്പളളി, കാവിലുംപാറ ഗ്രാമപഞ്ചായതുകളിലാണ് കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചത്.

ആയഞ്ചേരി ഗ്രാമപഞ്ചായത് 1, 2, 3, 4, 5, 12, 13, 14, 15
മരുതോങ്കര ഗ്രാമപഞ്ചായത് 1, 2, 3, 4, 5, 12, 13, 14
തിരുവള്ളൂര്‍ ഗ്രാമപഞ്ചായത് 1, 2, 20
കുറ്റ്യാടി ഗ്രാമപഞ്ചായത് 3, 4, 5, 6, 7, 8, 9, 10
കായക്കൊടി ഗ്രാമപഞ്ചായത് 5, 6, 7, 8, 9
വില്യപ്പളളി ഗ്രാമപഞ്ചായത് 6, 7
കാവിലുംപാറ ഗ്രാമപഞ്ചായത് 2,10,11,12,13,14,15,16

കണ്ടെയിന്‍മെന്റ് സോണായ മേല്‍ പ്രദേശങ്ങളില്‍നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ഈ വാര്‍ഡുകളില്‍ കര്‍ശനമായ ബാരികേഡിംഗ് നടത്തേണ്ടതാണ്. ഇക്കാര്യം പൊലീസും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണവകുപ്പ് സെക്രടറിമാരും ഉറപ്പ് വരുത്തണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശം.

ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പെടെയുള്ള അവശ്യ സാധനങ്ങളുടെ വില്‍പന കേന്ദ്രങ്ങള്‍ മാത്രമെ അനുവദനീയമായിട്ടുള്ളു. പ്രവര്‍ത്തന സമയം രാവിലെ 07 മണി മുതല്‍ വൈകുന്നേരം 05 മണി വരെ മാത്രം. മരുന്ന് ഷോപുകള്‍ക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സമയപരിധിയില്ല.

തദ്ദേശസ്വയംഭരണ സ്ഥാപനവും/ വിലേജ് ഓഫീസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കേണ്ടതും എന്നാല്‍ സര്‍കാര്‍ -അര്‍ദ്ധസര്‍കാര്‍-പൊതുമേഖല- ബാങ്കുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പെടെ മറ്റൊരു സ്ഥാപനവും ഇനിയെരുത്തരവുണ്ടാവുന്നത് വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വിലേജുകളിലും പൊതുജനങ്ങള്‍ എത്തുന്നത് തടയേണ്ടതും പരമാവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്.

ഈ വാര്‍ഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കേണ്ടതാണ്. നാഷണല്‍ ഹൈവേ സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡുകളില്‍ ഒരിടത്തും വാഹനം നിര്‍ത്താന്‍ പാടുള്ളതല്ല. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ റീജിണല്‍ ട്രാന്‍സ്പോര്‍ട് ഓഫീസറും, ജില്ലാ ട്രാന്‍സ്പോര്‍ട് ഓഫീസറും നല്‍കേണ്ടതാണ്.

കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കപ്പെട്ട മേല്‍ പ്രദേശങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതുമാണ്.

Nipah Virus | സംസ്ഥാനത്ത് 4 പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; കനത്ത ജാഗ്രതയില്‍ കോഴിക്കോട്, ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമെന്ന് മന്ത്രി

Keywords: News, Kerala, Kerala-News, Health, Health-News, Kerala News, Kozhikode News, Nipah, Virus, Contact List, Minister, Veena George, Nipah Virus: 168 people in the contact list; says Minister Veena George.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia